ഹിന്ദു ഭക്തിഗാനങ്ങൾ

നീലമേഘം ഒരു പീലിക്കണ്ണ്

Title in English
Neelamegham, neelamekham, neelamegam

നീലമേഘം ഒരു പീലിക്കണ്ണ്
വേലെടുത്ത മുരുകന്‍ കേളിയാടും
പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
ആ കണ്ണിലുണരുന്ന കണ്ണാക്കൂ.. എന്നെ
അറിവിന്റെ വേദക്കണ്ണാക്കൂ...

(നീലമേഘം)

കടലിന്‍ നടുവിലെ കല്മഷദ്വീപിലെ
പടുമരമായെന്നെ മുറിയ്‌ക്കൂ...
നൂറു സൂര്യന്മാര്‍ ഉദിയ്‌ക്കുന്ന വേലാല്‍
ഈ താരകഹൃദയം പിളര്‍ക്കൂ...
മോക്ഷപ്പഴനിയില്‍ മാമ്പഴമായെന്റെ
മോഹം സ്വീകരിക്കൂ.. ഈ
മോഹം സ്വീകരിക്കൂ...

(നീലമേഘം)

നെയ്യാറ്റിൻ‌കര വാഴും കണ്ണാ

Title in English
Neyyattin karavazhum, Neyyatinkara vazhum

നെയ്യാറ്റിന്‍‌കര വാഴും കണ്ണാ, നിന്‍ മുന്നിലൊരു
നെയ്‌വിളക്കാവട്ടെ എന്റെ ജന്മം
കണ്ണിനുകണ്ണായൊരുണ്ണിക്കു തിരുമുമ്പില്‍
കര്‍പ്പൂരമാവട്ടെ എന്റെ ജന്മം
(നെയ്യാറ്റിന്‍‌കര)

ഓം‌കാരം മുഴക്കുന്ന പൈക്കളെ മേയ്ക്കുവാന്‍
ഓരോ മനസ്സിലും നീ വരുന്നൂ
നിന്റെ പുല്ലാങ്കുഴല്‍ പാട്ടില്‍ പ്രപഞ്ചം
നന്ദിനിപ്പശുവായ് തീരുന്നൂ
അകിടു ചുരത്തുമെന്‍ ജീവനു നീ മോക്ഷ-
കറുകനാമ്പേകുമോ, കണ്ണാ
കായാമ്പൂ തൊഴും മുകില്‍വര്‍ണ്ണാ
(നെയ്യാറ്റിന്‍‌കര)

തുയിലുണരുക തുയിലുണരുക

Title in English
Thuyilunaruka thuyilunaruka

തുയിലുണരുക, തുയിലുണരുക കരിമലവാസാ
വരമരുളുക, വരമരുളുക കലിയുഗവരദാ
സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
(തുയിലുണരുക..}

കാട്‌ ഞങ്ങൾക്കു വീട്‌; കല്ലും മുള്ളും പൂവ്‌
കാട്ടിലെ മൃഗക്കൂട്ടവും വഴികാട്ടിടും നടക്കാവ്‌
ശരണം അയ്യപ്പാ; സ്വാമി ശരണം അയ്യപ്പാ
ഞങ്ങൾ ശബരിമലക്കിളികളായി വരണം അയ്യപ്പാ
(തുയിലുണരുക..)

പമ്പയാറ്റിൻ തീരം; പാവനമാം തീർത്ഥം
പഴയ ജന്മ ദുരിതവും മേൽകഴുകിടും മുഹൂർത്തം
ശരണം അയ്യപ്പാ; സ്വാമി ശരണം അയ്യപ്പാ
ഞങ്ങൾ കരിമലയുടെ കരുണതേടി വരണം അയ്യപ്പാ
(തുയിലുണരുക)

കൂടും പിണികളെ

Title in English
Koodum Pinikale

കൂടും പിണികളെ കണ്ണാലൊഴിക്കും
കൂടല്‍മാണിക്ക്യ സ്വാമീ
ജീവിതദുഃഖമാം ഉദരരോഗത്തിനും
നീയല്ലോ സിദ്ധൗഷധം
(കൂടും പിണികളെ)

കൂടിയാട്ടം കഴിഞ്ഞു ഞാനുറങ്ങി, എന്നെ
മുക്കുടിയ്ക്കായ്‌ ഉണര്‍ത്തി നീ
ചാക്യാരിലൂടെന്നെ പരിഹസിച്ചതും നിന്റെ
ചാടുവാക്യമായിരുന്നോ അത്
നളചരിതമായ്‌ തീര്‍ന്നോ?
(കൂടും പിണികളെ)

മീനൂട്ടു കഴിഞ്ഞപ്പോള്‍ മടങ്ങി വന്നു, നിനക്ക്
മാലകെട്ടാന്‍ ഇരുന്നു ഞാന്‍
മാലയില്‍ അല്‍ഭുത ശ്ലോകം തീര്‍ത്തത്‌
നീ തന്നെ ആയിരുന്നോ എന്റെ
പൂര്‍വ്വ പുണ്യമായിരുന്നോ?
(കൂടും പിണികളെ)

വടക്കുന്നാഥനു സുപ്രഭാതം

Title in English
Vadakkunnathanu, Vadakkumnathanu

വടക്കുന്നാഥനു സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍
നെയ്യിലൊളിക്കും പരംപൊരുളേ
നേരിനു നേരാം പരംപൊരുളേ
പരവശരാം ഈ ഏഴകള്‍ക്കു തരുമോ
ശിവരാത്രി കല്‍ക്കണ്ടം?
(വടക്കുന്നാഥന്‌)

അമ്പിളിക്കലചൂടും തമ്പുരാനേ, നിന്റെ
അഗ്നിതാണ്ഡവത്തിലൂടെ..
നയിക്കൂ നയിക്കൂ...
നയിക്കൂ നയിക്കൂ ഞങ്ങളെ കൈലാസ
നവരത്ന മണ്ഡപത്തില്‍
മറുപിറവിയറ്റ പുണ്യത്തില്‍
(വടക്കുന്നാഥന്‌)

അമ്പാടിതന്നിലൊരുണ്ണി

Title in English
Ambadi thannilorunni, Ampadi thannilorunni

അമ്പാടിതന്നിലൊരുണ്ണി തിരു-
വമ്പാടിക്കണ്ണനാം ഉണ്ണി
ഉണ്ണിക്കു തൃക്കൈയ്യില്‍ പൊന്നോടക്കുഴല്‌
കുഴലില്‍ ചുരക്കുന്നതമൃത്‌
(അമ്പാടി തന്നിലൊരുണ്ണി)

തിരുനടയ്ക്കിരുവശത്തായിരം ദീപങ്ങള്‍
യദുകുല സ്ത്രീകളെപ്പോലെ
മണിയൊച്ച മുഴങ്ങുന്ന നിന്റെ അമ്പലം
അമ്പാടിപ്പൈയിനെപ്പോലെ
അതിന്റെ അകിടിലെ മോക്ഷപ്പാലിനെന്‍
ആത്മാവു ദാഹിക്കുന്നു..കൃഷ്ണാ
ആത്മാവു ദാഹിക്കുന്നു..
(അമ്പാടി തന്നിലൊരുണ്ണി)

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം

Title in English
guruvayoorambalam sreevaikundam, guruvayoorampalam sreevaikundam, guruvayurambalam srivaikundam

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം  ഇതു
കാല്‍ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ..
(ഗുരുവായൂര്‍ അമ്പലം)

പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി
കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
തീര്‍ന്നുവല്ലോ, പൊന്നോടക്കുഴലായി തീര്‍ന്നുവല്ലോ
(ഗുരുവായൂര്‍ അമ്പലം)

നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി
നാമജപങ്ങളില്‍ തങ്ങി
സന്താനഗോപാലം ആടുമീ
ബ്രാഹ്മണ‍സങ്കടം തീര്‍ക്കണമേ
ജീവിത മണ്‍കുടം കാക്കണമേ
(ഗുരുവായൂര്‍ അമ്പലം)

മൂകാംബികേ ഹൃദയതാളാഞ്ജലി

Title in English
Mookambike Hridaya, mukambike hridaya

മൂകാംബികേ ഹൃദയതാളാഞ്ജലി
പ്രണവ നാദാംബികേ സകല വേദാംബികേ
ഞാനാം എഴുത്തോലച്ചിറകില്‍ മൈക്കണ്മുന
ഗാനാമൃതം ചുരത്തി തരുമോ നീ?
ജ്ഞാനാബികേ, എന്നില്‍ വരുമോ..?
(മൂകാംബികേ ഹൃദയ)

കണിവെള്ളത്താമരപ്പൂവിലും കരളിലും
കതിരായ്‌ വിടര്‍ന്നവളേ--ബ്രഹ്മ
കലയായ്‌ വിടര്‍ന്നവളേ..
തൃക്കാലടികള്‍ ഇളകുമ്പോള്‍ ഉഷസ്സിന്റെ
മുക്കാലം തീര്‍ത്തവളേ..
നിന്‍ നഖകല ചന്ദ്രക്കലയായ്‌ തെളിയുന്ന
നിമിഷം ഞാനല്ലോ, നീയാം
നിത്യത ഞാനല്ലോ..
(മൂകാംബികേ ഹൃദയ)

പാറമേക്കാവിൽ കുടികൊള്ളും

Title in English
Paramekkavil

പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി
പവിത്രകാരിണീ പരബ്രഹ്മ രൂപിണീ
അടിയന്റെ ജന്മമാം ഓലക്കുടയ്ക്കും നീ
അമരപദം നല്‍കൂ അമ്മേ..
അമരപദം നല്‍കൂ..
(പാറമേക്കാവില്‍...)

സപ്തസിന്ധുക്കളാം തന്ത്രി വരിഞ്ഞൊരീ
വിശ്രുത മണിവീണ കയ്യില്‍ ഏന്തി
ഹൃദ്യസ്വരത്രയം മീട്ടുന്ന നിന്‍ നാദ
വിദ്യയില്‍ ഉണരാവൂ ഞാന്‍
ദേവീ, നിന്‍ ചിത്തമായ്‌ പുലരാവൂ ഞാന്‍
(പാറമേക്കാവില്‍....)

വിഘ്നേശ്വരാ ജന്മ നാളികേരം

Title in English
Vighneswara, Vigneswara

വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനേ തടയൊല്ലേ
ഏകദന്താ കാക്കണമേ നിയതം
(വിഘ്നേശ്വരാ ജന്മ നാളികേരം)

അരവണപ്പായസം ഉണ്ണുമ്പോള്‍
അതില്‍നിന്നൊരു വറ്റു നീ തരണേ
വര്‍ണ്ണങ്ങള്‍ തേടും നാവിന്‍ തുമ്പിനു
പുണ്യാക്ഷരം തരണേ ഗണേശ്വരാ
ഗം ഗണപതയെ നമോ നമഃ
(വിഘ്നേശ്വരാ ജന്മ നാളികേരം)