നെയ്യാറ്റിൻ‌കര വാഴും കണ്ണാ

നെയ്യാറ്റിന്‍‌കര വാഴും കണ്ണാ, നിന്‍ മുന്നിലൊരു
നെയ്‌വിളക്കാവട്ടെ എന്റെ ജന്മം
കണ്ണിനുകണ്ണായൊരുണ്ണിക്കു തിരുമുമ്പില്‍
കര്‍പ്പൂരമാവട്ടെ എന്റെ ജന്മം
(നെയ്യാറ്റിന്‍‌കര)

ഓം‌കാരം മുഴക്കുന്ന പൈക്കളെ മേയ്ക്കുവാന്‍
ഓരോ മനസ്സിലും നീ വരുന്നൂ
നിന്റെ പുല്ലാങ്കുഴല്‍ പാട്ടില്‍ പ്രപഞ്ചം
നന്ദിനിപ്പശുവായ് തീരുന്നൂ
അകിടു ചുരത്തുമെന്‍ ജീവനു നീ മോക്ഷ-
കറുകനാമ്പേകുമോ, കണ്ണാ
കായാമ്പൂ തൊഴും മുകില്‍വര്‍ണ്ണാ
(നെയ്യാറ്റിന്‍‌കര)

ഗോവര്‍ദ്ധനമായി മണ്ണിന്റെ ദുഃഖം
നീ വിരല്‍ത്തുമ്പാല്‍ ഉയര്‍ത്തുന്നൂ
നിന്റെ മന്ദസ്മിതക്കുളിരില്‍ പ്രപഞ്ചം
നിത്യവസന്തമായ്ത്തീരുന്നൂ
തൊഴുതു നില്‍ക്കുന്നൊരീ ജീവനു നീയൊരു
തിരി വെളിച്ചം തരൂ കണ്ണാ
താമരത്താരിതള്‍ കണ്ണാ
(നെയ്യാറ്റിന്‍‌കര)