ലളിതസംഗീതം

ഓണപ്പൂവേ നിൻ മിഴിയിതളിൽ

 

ഓണപ്പൂവേ നിൻ മിഴിയിതളിൽ
കാണുവതെന്തേ കണ്ണീർ
മന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽ
ഒന്നു ചിരിക്കൂ പൂവേ

രാവിൻ നീലച്ചോലയിലാമ്പൽ
പൂവുകൾ താരകൾ മാഞ്ഞൂ
തിങ്കൾക്കലയുടെ ചുണ്ടിലെ നോവിൻ
പുഞ്ചിരി വാനിലലിഞ്ഞൂ

പുലരി വരുന്നു പുലരി വരുന്നു
തിരുവോണപ്പൊൻ പുലരി
മന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽ
ഒന്നു ചിരിക്കൂ പൂവേ

കുന്നലനാടിൻ കുഞ്ഞോമനകൾ
വന്നെതിരേല്പൂ നീളെ
കണ്ണീരണിയും കുഞ്ഞിക്കണ്ണുകൾ
മെല്ലെ വിടർന്നു നീളെ
പൂവിളിയൂറും പുല്ലാങ്കുഴലുകൾ
കേഴുകയാണീ കാവിൽ

ഗാനശാഖ

ശാപശിലകൾക്കുയിരു

 

ശാപശിലകൾക്കുയിരു നൽകും ദേവ
പാദങ്ങളെവിടെ എവിടെ
പാനപാത്രങ്ങളിൽ കണ്ണീരുമായിതാ
പാപത്തിൻ പുഷ്പങ്ങൾ വിളിക്കുന്നു

ആദിയിലുണ്ടായ സർഗ്ഗവചനമേ
ആദത്തിൻ ആശ്വാസമേകാൻ
എന്തിനീ സ്ത്രീയെന്ന ദുഃഖത്തെ തീർത്തതിൽ
സൗന്ദര്യകഞ്ചുകം ചാർത്തീ

ആരുടെയാത്മാവ് കോരിത്തരിപ്പിക്കാൻ
ആദത്തിൻ വാരിയെല്ലൂരി
വേദന തൻ വേണുഗാനമുതിർക്കുന്ന
വേറൊരു പുൽത്തണ്ടായ് മാറ്റി

ഗാനശാഖ

കാണും കിനാവുകൾ

കാണും കിനാവുകൾ മാഞ്ഞു പോകും പിന്നെ
കാണാത്ത കിനാവുകൾ തേടിപ്പോകും നമ്മൾ
തേടിപ്പോകും
കാതരമിഴി നിന്നെ കണ്ടതില്‍പ്പിന്നെ ഞാൻ
കാണും കിനാവിലെല്ലാം നീയല്ലോ
നീ മാത്രമല്ലോ

എൻ മനസ്സരസ്സിലെ പൊന്നരയമേ നീ
എങ്ങു നിന്നെങ്ങു നിന്നിങ്ങോടി വന്നൂ
എന്നെത്തേടി വന്നൂ
താരാപഥത്തിൽ നിന്നോ വാർമഴവില്ലുമേന്തി
താരമ്പനെഴുന്നള്ളും കാവിൽ നിന്നോ
നടക്കാവിൽ നിന്നോ

ഇന്ദ്രസദസ്സിൽനിന്നും മാരാരുമറിയാതെൻ
മന്ദിരാങ്കണത്തിലേക്കോടി വന്നോ
എന്നെത്തേടി വന്നോ
ഉള്ളിലെന്നുള്ളിലൊരു സ്വർല്ലോകവേദി തീർത്തു
ഉർവശിയായ് നീയതിൽ നൃത്തമാടൂ
എന്നും നൃത്തമാടൂ

ഗാനശാഖ

മയിൽപ്പീലിക്കണ്ണുകൾ

 

മയില്‍പ്പീലിക്കണ്ണുകൾ തോറും
മയ്യെഴുതിയ കൈയ്യുകളേ
ചക്രവാളച്ചുമരുകൾ തോറും
ചിത്രമെഴുതും കൈയ്യുകളേ

വസന്തപുഷ്പവിതാനമൊരുക്കാൻ
വന്നാട്ടെ വന്നാട്ടെ എൻ
മനസ്സിലുള്ളൊരു ദേവതയാൾക്കൊരു
മലർച്ചുണ്ടു തന്നാട്ടേ

നിറന്ന തിങ്കൾത്തിരു നെറ്റിയിലൊരു
സിന്ദൂരക്കുറി വേണം എൻ
മനസ്സു തേടും പെൺ കൊടിയാൾക്കൊരു
മംഗല്യക്കുറി വേണം

ഗാനശാഖ

സ്വർഗ്ഗത്തിൻ നന്ദിനിമാരെ

 

സ്വർഗ്ഗത്തിൻ നന്ദിനിമാരെ പോരൂ
നക്ഷത്ര സുന്ദരിമാരേ
നീലപ്പനം കുടകൾ നീളെ നിവർത്തി നിൽക്കും
ആകാശമരുഭൂവിലൂടെ
ചെമ്മുകിൽ നിരയാകും ഒട്ടകപ്പുറത്തേറി
എങ്ങോട്ടു  പോകുന്നു നിങ്ങൾ

സ്വർഗ്ഗത്തിൻ നന്ദിനിമാരേ പോരൂ
നക്ഷത്രസുന്ദരിമാരേ
നീലപ്പനം കുടകൾ നീളെ നിവർത്തി നിൽക്കും
ആകാശമരുഭൂവിലൂടെ
ചെമ്മുകിൽ നിരയാകും ഒട്ടകപ്പുറത്തേറി
എങ്ങോട്ടു പോകുന്നു നിങ്ങൾ

ആരുടെയന്തഃപ്പുരറാണിമാരാണു നിങ്ങൾ
ആയിരത്തൊന്നു രാവിൻ പൂക്കൾ
പാതിരാ വിരുന്നിനെൻ പന്തലിൽ വന്നിരുന്നു
പാടാത്ത പാട്ടൊന്നു പാടൂ

ഗാനശാഖ

നീലാകാശം വിരിയുന്നു

നീലാകാശം വിരിയുന്നു
നിന്റെ കണ്ണിണയിൽ
പറന്നു വരുവാൻ പറന്നു വരുവാൻ
വർണ്ണച്ചിറകു തരൂ തങ്ക
വർണ്ണ ചിറകു തരൂ

കണ്ടു മറന്നൊരു കിനാവു വീണ്ടും
വിടർന്നതല്ലേ നീ
എന്റെ മനസ്സൊരു പൂക്കളമാക്കും
വസന്തമല്ലേ നീ ഒരു
വസന്തമല്ലേ  നീ

മാദകരാഗം പതഞ്ഞു തുള്ളും
മാതളമലരല്ലേ
മനസ്സിനുള്ളിൽ കാവടിയാടും
മഴവില്ലല്ലേ നീ മണി
മഴവില്ലല്ലേ നീ

കാണാക്കുയിലായ് പാടിപ്പാടി
കാട്ടിലൊളിക്കല്ലേ
കാണട്ടെയാക്കാതരമിഴികളി
ലെന്നെ കാണട്ടെ ഞാൻ
എന്നെ കാണട്ടെ
 

ഗാനശാഖ

പറയൂ പനിനീർപ്പൂവേ

 

പറയൂ പനിനീർപ്പൂവേ നീ
പാടാൻ വന്നൊരു പാട്ടിന്നീണം
പതറുവതെന്തേ ചുണ്ടിൽ

ആരുടെയനുരാഗത്തിൻ മുന്തിരി
നീരു നുകർന്നു തുടുത്തു നീ
ആരെക്കാണാൻ പനിനീർപ്പൊയ്കയിൽ
മൂവുരു മുങ്ങിയുണർന്നു നീ

ഏകാന്തതയുടെ കോവിലിലാരെ
ധ്യാനിച്ചിങ്ങനെ നില്പൂ നീ
ഏതൊരു പള്ളിത്തേരൊലി കേൾക്കാൻ
കാതോർത്തിങ്ങനെ നില്പൂ നീ

കണ്ണീർകണികകളാലേ മാത്രകളെണ്ണിയിരിപ്പൂ  നീ
കരൾത്തുടിപ്പുകളാലെ രാവിൻ
വാതിലിൻ മുട്ടി വിളിപ്പൂ നീ

 

ഗാനശാഖ

കന്യകേ ഗോകുലകന്യകേ

 

കന്യകേ ഗോകുലകന്യകേ
വിണ്ണിലെ ഗോകുലകന്യകേ
പതഞ്ഞു പതഞ്ഞു പതഞ്ഞു പൊന്തിയ
പകൽ വെട്ടത്തിൽ പൈമ്പാൽ നീ
കടഞ്ഞു കടഞ്ഞു കടഞ്ഞെടുത്തു
വെണ്ണിലാവിൻ തൂവെണ്ണ
കന്യകേ ഗോകുലകന്യകേ
വിണ്ണിലെ ഗോകുലകന്യകേ

കുറുമൊഴിമുല്ലത്തിരികൾ കൊളുത്തീ
ഇത്തിരി വെട്ടം
വിരിയും പനിനീർപൂക്കൾ നുകർന്നു
ഇത്തിരി മധുരം
കുയിലിൻ കോലക്കുഴലിലുണർന്നു
ഇത്തിരിയീണം
കിളിവാതിലിനരികിൽ നിന്നൊരു
കിനാവു കാണും കന്യകയാൾക്കെ
ന്തിത്തിരി നാണം
കന്യകേ ഗോകുലകന്യകേ
വിണ്ണിലെ ഗോകുലകന്യകേ
 

ഗാനശാഖ

ഭൂമിയിലെ പുഷ്പകന്യകൾ

 

ഭൂമിയിലെ പുഷ്പകന്യകൾ സൗവർണ്ണ
സൂര്യരഥം കണ്ടുണരുമ്പോൾ
ചേതോഹരിയാം പതിറ്റടിപ്പൂവേ നീ
ഏതോ വിചാരത്തിൽ നിന്നൂ
മറ്റേതോ വിചാരത്തിൽ നിന്നൂ

അവളുടെ സീമന്തരേഖയിലൊരു നുള്ളു
കുങ്കുമം ചാർത്താൻ കൊതിച്ചു ദേവൻ
അനുരാഗ ദീപ്തനായി അഭിലാഷ് തപ്തനായ്
ഉണരാത്ത പൂവിനെ നോക്കി നിന്നൂ ഉള്ളിൽ
അരുതാത്ത നിനവുകൾ നീറി നിന്നൂ

ഒരു നെടുവീർപ്പിലൂടവളുടെ ഹൃദയത്തിൻ
പരിമളമല്ലീ ഒഴുകിടുന്നൂ
വിറ കൊള്ളുമധരപുടങ്ങളിലെന്തേയീ
വിധുരത തുള്ളിത്തുളുമ്പിടുന്നു പ്രേമ
വിധുരതയല്ലീ വിതുമ്പിടുന്നു

 

ഗാനശാഖ

കിളുന്നു ചിറകാലാകാശത്തെ

 

കിളുന്നു ചിറകാലാകാശത്തെ
അളന്നു നോക്കാനോ
കിളികൾ കുഞ്ഞിക്കിളികൾ നിങ്ങൾ
പറന്നു പോകേ മോഹിച്ചു
വെറുതേ മോഹിച്ചൂ....

തളർന്ന ചിറകിൽ താളമുറങ്ങീ
കുരുന്നു മിഴികൾ മയങ്ങീ
ദുഃഖക്കയങ്ങളുള്ളിലൊതുങ്ങീ
കൊത്തി വിഴുങ്ങിയ സ്വപ്നത്തിൻ കനി
കൊക്കിലൊതുങ്ങീലല്ലോ കുഞ്ഞി
കൊക്കിലൊതുങ്ങീലല്ലോ

നിറഞ്ഞ കണ്ണീർപ്പാടം പോലെ
തെളിഞ്ഞ മാനം പോലെ പാടാൻ
മറന്ന പക്ഷികൾ താഴെ
എങ്ങനെ ചിറകു വിടർത്തും ജീവനിൽ
നൊന്തു മരിച്ചൊരു ഗാനം
നിങ്ങടെ സംക്രമസന്ധ്യാഗാനം

 

ഗാനശാഖ