നാടകഗാനങ്ങൾ

കഥ പറയും

 

കഥ പറയും പൈങ്കിളീ
ശാരികപ്പൈങ്കിളീ
ഒരു പുതിയ കഥ പറയൂ പൈങ്കിളി
കദളിപ്പൊൻ കൂമ്പുകളിൽ
കിനിയുന്ന തേനുണ്ട് കഥ പാടൂ
കഥ പാടൂ പഞ്ചവർണ്ണപ്പൈങ്കിളീ

മലയാളത്തറവാട്ടിൻ
തിരുമുറ്റത്തിനിയുമൊരു
മൈഥിലി തൻ കണ്ണീരിൻ
കഥയെഴുതൂ നീ
(കഥ പറയും..)

ഇളനീരു നേദിയ്ക്കാം വയണപ്പൂ ചൂടിയ്ക്കാം
കഥ പാടൂ ഇനിയുമൊരു കഥ പാടൂ പൈങ്കിളീ
ഒരു നിശാഗന്ധി തൻ നിശ്വാസപരിമളം
പുരളുമീ മണ്ണിന്റെ കഥ പറയൂ നീ
(കഥ പറയും..)

മയിൽപ്പീലി മുടി

 

മയില്‍പ്പീലി മുടി ചൂടും
മുകിൽ വർണ്ണാ ഗുരുവായൂർ
മതിലകത്തൊളി ചിന്നും
മണി വിളക്കേ...
അവിടത്തെ തിരുമുൻപിൽ
അടിയറ വെയ്ക്കാനൊന്നും
ഒരു തുലാഭാരവുമായ്
അടിയൻ നില്പൂ
കനകമല്ലല്ലോ നല്ല
കദളീഫലമല്ലല്ലോ
കരളിലെ നൊമ്പരത്തിൻ
ഭാരമല്ലാ

ഒരു പിടിയവിലുമായ്
വഴിയേറെ നടന്നെത്തും
കറയറ്റ വിശ്വാസത്തിൽ
കനിഞ്ഞവനേ
മിഴിനീരിലലിയാതെ
നിറയുമെൻ ദുഃഖമെല്ലാം
അവിടന്നല്ലാതെ
വേറെയാരറിയാൻ

കണ്ണനെ കണി കാണാൻ

കൊന്നപ്പൂക്കളിൽ നിന്റെ കിങ്ങിണി
നറും മന്ദാരപുഷ്പങ്ങളിൽ
നിൻ മന്ദസ്മിത കാന്തി നിൻ
മിഴികളിന്നീ ശംഖുപുഷ്പങ്ങളിൽ
നിൻ മെയ് ശോഭകളിന്ദ്രനീലമുകിലിൽ
പട്ടാട പൊൻ വെയിലിലും
കണ്ണാ വേറൊരു പുണ്യമെന്ത് മിഴികൾ
ക്കെങ്ങും ഭവദ്ദർശ്ശനം

കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ
കണ്ണടച്ചുറങ്ങേണം നിൻ മലർ കണ്ണടച്ചുറങ്ങേണം (2)

നാലുമണിപൂവേ

 

നാലുമണിപ്പൂവേ നാലുമണിപ്പൂവേ
നാടുണർന്നു മലർക്കാടുണർന്നൂ
നാലുമണിപ്പൂവേ നീയുണരില്ലേ

നീലവാനമേഴുനിലപ്പന്തലിട്ടു
താലി കെട്ടാൻ മണവാളൻ പുറപ്പെട്ടു
നിൻ മിഴികൾ തുറന്നില്ല
നീയൊരുങ്ങിച്ചമഞ്ഞില്ല
നീ മാത്രം നീ മാത്രം ഉണർന്നില്ല
( നാലുമണിപ്പൂവേ...)

നീ പകൽക്കിനാവു കാണ്മതാരെയാണ്
നീ തപസ്സു ചെയ്‌വതാരെയാണ്
നീ പിണങ്ങി നിൽക്കയാണോ
നാണമാർന്നു നിൽക്കയാണോ
നീയാരും മീട്ടാത്ത വീണയാണോ
(നാലുമണിപ്പൂവേ..)

ഞാനറിയാതെ തുറന്നു

 

ഞാനറിയാതെ തുറന്നു നീയെൻ
മാനസമണിയറ വാതിൽ
അന്നാ പാതിരാവിൽ
(ഞാനറിയാതെ...)

കനകദീപിക കൈകളിലേന്തി
കടന്നു വന്നൂ നീ ഉൾക്കുളിർ
പകർന്നു തന്നു നീ
മൃദുലതന്ത്രികൾ തഴുകിയതാരീ
യാത്മ വീണയിൽ അന്നെൻ
ആത്മവീണയിൽ
(ഞാനറിയാതെ...)

കരളിൻ കൈത്തിരി നിൻ മലരടികളിൽ
ഉഴിഞ്ഞിരുന്നു ഞാൻ
ഉൾക്കുളിരണിഞ്ഞിരുന്നു ഞാൻ
മധുരദർശന മറയരുതേ നീ
കാത്തിരിപ്പൂ ഞാൻ
നിന്നെ കാത്തിരിപ്പൂ ഞാൻ
(ഞാനറിയാതെ...)

 

കാൽച്ചിലമ്പൊലി തൂവുകെൻ

 

സൽക്കലാ കന്യകേ
കാൽച്ചിലമ്പൊലി തൂവുകെൻ നെഞ്ചിൽ നീ
കാളിദാസന്റെ കാവ്യകുമാരികേ

കാർമുകില്പട്ടുറുമാലിലേതൊരു
കാമിനി തൻ മിഴിനീർമലർ തുന്നി നീ
നൃത്തലോലയാം മാളവകന്യ തൻ
കാൽത്തളിരിൽ ചിലങ്കകൾ ചാർത്തി നീ
(കാൽച്ചിലമ്പൊലി....)
മഞ്ഞുമാമല പോറ്റിയ തയ്യലിൻ
നെഞ്ഞിലെ സ്നേഹയജ്ഞത്തെ വാഴ്ത്തി നീ
നാകവാടിക ചൂടിയൊരുർവശി
രാഗസൂനമീ മണ്ണിൽ പതിക്കവേ
സ്വപ്നതല്പമൊരുക്കിയ ഭൂമി തൻ
അത്ഭുതസ്നേഹദീപ്തിയെ വാഴ്ത്തി നീ
മാനോടോത്തു വളർന്നു ശകുന്തള
താമരത്തളിർത്താളിലെഴുതിയ
പ്രേമഗീതമേ തൂവുക തൂവുക
തൂമലർമണമാ വന ജ്യോത്സ്ന പോൽ
 

നൊമ്പരം കൊള്ളുന്ന കാട്ടുമുളകളേ

 

നൊമ്പരം കൊള്ളുന്ന കാട്ടുമുളകളേ
ഇമ്പത്തിലെങ്ങനെ നിങ്ങൾ പാടും
അക്കരെ നിന്നെന്നെ മാടി വിളിച്ചൊരു
പൊൽക്കതിരെങ്ങോ മറഞ്ഞു പോയീ
കുഞ്ഞിച്ചിറകറ്റ തുമ്പികൾ പോലെയീ
മണ്ണിലെന്നാശകൾ നൊന്തിഴഞ്ഞു
(നൊമ്പരം...)

താരാട്ടു പാടാൻ താലോലമാട്ടാൻ
പോരണ്ടേ പോരണ്ടെ തൈത്തെന്നലേ നീ
കണ്ണീർ പുരണ്ടോരീ കൽത്തറമേലിനി
എൻ ജീവനാളം എരിഞ്ഞു തീർന്നാൽ
ഈ രാവിലാരും മുകരാതെ വീണൊരു
പൂവിൻ മണം നിന്നെ കാത്തിരിക്കും
(നൊമ്പരം...)

ഉഷമലരികളേ

 

താളം നാദം വെളിച്ചം നിഴൽ നിറമിവയാൽ
നൃത്തശില്പം രചിക്കും
കാലത്തിൻ കമ്രനാഭീനളിനകലികയിൽ
വീണ തൂമഞ്ഞു തുള്ളി
നാളത്തെ പൊന്നുഷസ്സിൻ തിരുനടയിലിതാ
കല്പനാപത്മരാഗ
താലത്തിൽ കാഴ്ച വെയ്ക്കാൻ കലയുടെ
കനകത്തേരിലെത്തുന്നു ഞങ്ങൾ

ഉഷമലരികളേ ഉദ്യാനലക്ഷ്മികലേ
സ്വീകരിക്കൂ ഹൃദയത്തളികയിൽ
ഇദയുപഹാരം
ഇതിലുണ്ടനന്തകോടി
യുഗങ്ങൾ നേടിയ ചൈതന്യം
ഇതിലുണ്ടവയുടെ സംക്രമസന്ധ്യകൾ
വിതിർത്ത കൊടിയുടെ സിന്ദൂരം
(ഉഷമലരികളേ...)

ഇതിലുണ്ടാദിതരംഗമുയർത്തിയ
സാഗരസംഗമഗീതം
ഇതിലുണ്ടിതിലുണ്ടിനിയുണരുന്ന
മഹാപരിവർത്തന താളം
(ഉഷമലരികലേ..)

ആദിയിൽ വാമനപാദം

 

ആദിയിൽ വാമനപാദം
മാവേലി നാടളന്നു കവർന്നു
അന്നു മുതൽക്കന്യമായി നമുക്കീ
മണ്ണിൻ കതിർമണികൾ
(ആദി....)

ഏഴകൾ വിത്തു വിതച്ചൊരീ പുഞ്ചകൾ
ഏതോ കരിങ്കിളി കൊയ്യുന്നു (2)
പാടവരമ്പത്തു കാവലിരുന്നോരേ
പാദോഹങ്ങൾ മയക്ക്കുന്നൂ
പുത്തനധികാരക്കൊയ്ത്തു നടത്തിയോർ
പുത്തില്ലങ്ങൾ കയ്യേറുന്നു
(ആദി..)

മണ്ണിൽ നട്ടു വളർത്തിയതൊക്കെയും
പൊന്നും വിലക്കാരോ വാങ്ങുന്നു
മാനവും ഭൂമിയും വാരുറ്റ നമ്മുടെ
നാടു കടത്തിയ നന്മകളേ നിങ്ങൾ
പാതാളത്തിലലയുന്നു
*(ആദി...)