കവിയൂർ പൊന്നമ്മ

Submitted by mrriyad on Sat, 02/14/2009 - 18:22
Name in English
kaviyoor ponnamma
Date of Birth

മലയാള ചലച്ചിത്രനടി. 1945 ജനുവരി 4ന് പത്തനംതിട്ടയിലെ കവിയൂരിൽ ജനിച്ചു, അച്ഛൻ ടി പി ദാമോദരൻ അമ്മ ഗൗരി. അവരുടെ ആദ്യത്തെ കുട്ടിയായിരുന്നു പൊന്നമ്മ. പൊന്നമ്മയ്ക്കുതാഴെ ആറു കുട്ടികൾ ഉണ്ടായിരുന്നു. അവരിൽ കവിയൂർ രേണുകയും അഭിനേത്രിയായിരുന്നു.

നാടകവേദികളിലൂടെയാണ് കവിയൂർ പൊന്നമ്മ തന്റെ കലാജീവിതത്തിന് തുടക്കംകുറിയ്ക്കുന്നത്. പതിനാലാമത്തെ വയസ്സിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി നാടകത്തിൽ അഭിനയിയ്ക്കുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനം ആയിരുന്നു കവിയൂർ പൊന്നമ്മയുടെ ആദ്യനാടകം. നാടക വേദികളിലെ അഭിനയമികവും പ്രശസ്തിയും അവർക്ക് സിനിമയിലേയ്ക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി. 1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ൽ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെയാണ് കവിയൂർ പൊന്നമ്മ പ്രശസ്തയാകുന്നത്. തുടർന്ന് കവിയൂർ പൊന്നമ്മ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും അവർക്ക് അമ്മവേഷം തന്നെയായിരുന്നുലഭിച്ചിരുന്നത്. സത്യൻ,പ്രേംനസീർ,മധു,മമ്മൂട്ടി,മോഹൻലാൽ, എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകൻമാരുടെയെല്ലാം അമ്മയായി അഭിനയിച്ചു. സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയായിട്ടായിരുന്നു കവിയൂർപൊന്നമ്മ അഭിനയിച്ച അമ്മവേഷങ്ങളിൽ ഭൂരിപക്ഷവും. മലയാളിയുടെ അമ്മയുടെ മുഖംതന്നെയായിമാറി കവിയൂർ പൊന്നമ്മ. നാനൂറിലധികം സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.

നല്ലൊരു ഗായികകൂടിയാണ് കവിയൂർ പൊന്നമ്മ. വെച്ചൂർ എസ് സുബ്രഹ്മണ്യയ്യർ, എൽ പി ആർ വർമ്മ എന്നിവരുടെ കീഴിൽ നിന്നാണ് അവർ സംഗീതംപഠിച്ചത്. ഡോക്ടർ എന്ന നാടകത്തിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി പാടുന്നത്. തീർത്ഥയാത്ര എന്ന സിനിമയിലെ "അംബികേ ജഗദംബികേ... എന്ന ഭക്തി ഗാനമാണ് കവിയൂർപൊന്നമ്മയുടെ ആദ്യ സിനിമാഗാനം. നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളംഗാനങ്ങൾ അവർപാടിയിട്ടുണ്ട്.

കവിയൂർ പൊന്നമ്മ ആദ്യമായി നായികയായ റോസി എന്നചിത്രത്തിന്റെ നിർമ്മാതാവ് മണിസ്വാമിയെയായിരുന്നു അവർ വിവാഹം ചെയ്തിരുന്നത്. അവർക്ക് ഒരു മകളാണ് ഉള്ളത്. മകൾ ബിന്ദു വിവാഹിതയായി ഭർത്താവിനൊപ്പം അമേരിയ്ക്കയിൽ താമസിയ്ക്കുന്നു.