നാടകഗാനങ്ങൾ

ആനകേറാമലയിലല്ലാ

 

ആനകേറാമലയിലല്ലാ
ആടുകേറാമലയിലല്ലാ
ആരും കാണാതെ
എന്റെ മനസ്സിൽ
ആയിരം കാന്താരി പൂത്തല്ലോ

ആറ്റിനക്കരെയിക്കരെപ്പോകും
കാറ്റേ കാറ്റേ
വയണ പൂത്ത മണമൊഴുകും
കാറ്റേ കാറ്റേ
നീയറിഞ്ഞോ നീയറിഞ്ഞോ
നീയറിഞ്ഞോ
(ആനകേറാമലയിലല്ലാ.....)

തെച്ചിക്കാട്ടിൽ തേൻ വിരുന്നുണ്ണും
തുമ്പീ തുമ്പീ
താമരയാറ്റിൽ തംബുരു മീട്ടും
തുമ്പീ തുമ്പീ
നീയറിഞ്ഞോ നീയറിഞ്ഞോ
നീയറിഞ്ഞോ
(ആനകേറാമലയിലല്ലാ.....)

പട്ടിന്റെ തട്ടവുമിട്ട്

 

പട്ടിന്റെ തട്ടവുമിട്ട് നീ വന്നപ്പോൾ
പച്ചപ്പനംകിളി പെണ്ണ്
പാദസരങ്ങളുമായി വന്നപ്പോൾ
പാതവക്കിലു നീ നിന്നപ്പോൾ
പാടുന്ന പൈങ്കിളിപ്പെണ്ണ്

കത്തുമ്പം മിന്നണ മത്താപൂ പോലെ നീ
അത്തറ് വാങ്ങാൻ വന്ന്
നെയ്യിലു മുക്കിപ്പൊരിച്ചെടുത്തൊരു
നേന്തിരപ്പയമെന്നതു പോലെ
നീയെന്റെ മുന്നിലു നിന്ന്
(പട്ടിന്റെ....)

കണ്ണിലു സുറുമയുമെഴുതി നീ വന്നെന്റെ
ഖൽബിലു പൂവമ്പെറിഞ്ഞ്
കണ്ണാടിത്തരിവളകൾ കിലുക്കി
കൈതപ്പൂ പോലുള്ളൊരു കൈയ്യാൽ
നെഞ്ഞിലു കുളിർ കോരിയ്രിഞ്ഞ്
(പട്ടിന്റെ....)

കണ്ണില്ലാത്തൊരീ ലോകത്തിലെന്തിനെൻ

 

കണ്ണില്ലാത്തൊരീ ലോകത്തിലെന്തിനെൻ
വിണ്ണിൻ വെളിച്ചമേ നീ വന്നു
എന്റെ കണ്ണീരൊപ്പുവാൻ നീ വന്നു

എങ്ങോ പിറന്ന ഞാനെന്നോ പിറന്ന ഞാൻ
എന്റേതായൊന്നുമേ കണ്ടില്ലാ
താരാട്ടുപാട്ടിന്റെയീണമില്ലോർമ്മയിൽ
താലോലമാട്ടിയില്ലാരും
മുന്നോട്ടിഴഞ്ഞു തളർന്നു ഞാനമ്മേ
നിൻ ധന്യപാദങ്ങളിൽ വീണല്ലോ
(കണ്ണില്ലാത്തൊരീ....)

ശംഖനാദങ്ങളേ പള്ളിമണികളേ
നിങ്ങളിക്കാരുണ്യം വാഴ്ത്തുകില്ലേ
അമ്പേറ്റു വീണൊരു പക്ഷി ഞാൻ എന്നിലെ
നൊമ്പരമാറ്റിയതാരാണു
ഉമ്മയെൻ ജീവന്റെ ജീവനാണെന്നുമീ
ഉമ്മക്കൊരു മകൻ ഞാനാണു
(കണ്ണില്ലാത്തൊരീ....)

ഈയപാരതയിൽ

 

ഈയപാരതയിൽ
ഈ അനന്തതയിൽ
ഈ കടൽക്കരയിൽ
ഇത്തിരി നേരം ഒത്തു കൂടി
പിരിഞ്ഞു പോകും നാം

ഒരു കഥ പറയാൻ
ഒരു പാട്ടു പാടാൻ
ഒരു സ്വപ്നം കാണാൻ
ഒരിറ്റു നേരം മാത്രം

നീലച്ചുരുളുകൾ ഇളകും യവനിക
നീർത്തുക സാഗരമേ
പൊന്നിളവെയിലിൽ വെണ്ണിലാവിൽ
നിഴലുകളായ് നാം നില്പൂ

ഒരു തുമ്പപ്പൂവിൻ കുമ്പിളിൽ
ഒരു തുള്ളി കരിമ്പിൻ നീർ മോന്തി
പാടുമ്പോൾ കഥ പറയുമ്പോൾ
നിഴൽ നാടകമാടുമ്പോൾ

അനശ്വരതയുടെ സംഗീതത്തിലെ
നാദബിന്ദുക്കൾ നമ്മൾ നാദബിന്ദുക്കൾ
 

ഒരു നാളിൽ ഒരു ദിക്കിൽ

 

ഒരു നാളിൽ ഒരു ദിക്കിൽ സമ്മേളിച്ചൂ
ഒരായിരം ചുവപ്പുകൾ സമ്മേളിച്ചു
പല പല ദിക്കിൽ നിന്നും വന്നവർ
പല പല പൂക്കളിൽ നിന്നും വന്നവർ
ഒരു നാളിൽ ഒരു ദിക്കിൽ സമ്മേളിച്ചു
ഒരായിരം ചുവപ്പുകൾ സമ്മേളിച്ചു

ആതിരത്താരത്തിൻ ചുവപ്പു വന്നൂ
ആയിരം സന്ധ്യ തൻ ചുവപ്പു വന്നൂ
പനിമതിപ്പെണ്ണിന്റെ തത്തമ്മച്ചുണ്ടിന്റെ
താംബൂലക്കൂട്ടിന്റെ ചുവപ്പു വന്നൂ
(ഒരു നാളിൽ..)

കവിയുടെ കണ്ണുകൾ നോക്കുമ്പോൾ
അവിടൊരു ചുവപ്പിനെ കണ്ടീല
മർദ്ദിതമർത്ത്യന്റെ രക്തത്തിളപ്പിന്റെ
ഉഗ്രരോഷത്തിന്റെ ചുവപ്പില്ലാ
(ഒരു നാളിൽ...)

 

രക്തനക്ഷത്രമേ

 

രക്തനക്ഷത്രമേ കാലം കൊളുത്തിയ
കസ്തൂരി മാംഗല്യമേ
വെട്ടം വിതയ്ക്കുക ചക്രവാളത്തിന്റെ
ഉത്തുംഗമംഗല്യ ദീപമേ

ഞങ്ങൾ വിലങ്ങുകൾ പൊട്ടിച്ചെറിയുമീ
സംഗരത്തിന്നിതിഹാസം
താരാപഥങ്ങളറിയട്ടെ ഞങ്ങൾ തൻ
ചോരയിൽ മുക്കിപ്പകർത്തൂ
(രക്തനക്ഷത്രമേ...)

നാളത്തെയോമൽ പ്രഭാതത്തിനായ്
ജീവനാളവും കാണിക്കയേകാൻ
മുന്നോട്ടു മുന്നോട്ടണഞ്ഞവർ തൻ
മനഃസ്പന്ദനം നിന്നിൽ ലയിപ്പൂ
(രക്തനക്ഷത്രമേ...)

മണ്ണിന്റെ മാനസനന്ദിനി വാടാത്ത
സിന്ദൂരപുഷ്പവും ചൂടി
മുന്നിലുദിക്കുന്ന നീയിന്നലെയെന്റെ
കണ്ണിലുദിച്ച കിനാവോ
(രക്തനക്ഷത്രമേ...)

കളിത്തോഴൻ വന്നപ്പോൾ

കളിത്തോഴൻ വന്നപ്പോൾ
കൈ കോർത്തു നിന്നപ്പോൾ
കളമൊഴി നാണിച്ചു തല താഴ്ത്തി
കളിത്തോഴൻ കൊണ്ടു വന്ന
കിലുകിലെ കിലുങ്ങുന്ന
പളുങ്കുവളകൾ കൈയ്യിൽ ചിരി തൂകി
തരിവളക്കൈയിൽ നാളെ
തനിപ്പൊന്നിൻ വള ചാർത്താൻ
വരുമെന്നു പറഞ്ഞവൻ കളിയാക്കീ
അപ്പോൾ കളിയാക്കീ
(കളിത്തോഴൻ....)

കളിവാക്കിൽ ജയിച്ചത്
വളകളോ കരിയിലക്കിളികളോ
വഴിയെ പോം കുളുർകാറ്റോ
കുഞ്ഞിക്കുളിർകാറ്റോ
(കളിത്തോഴൻ....)

തല താഴ്ത്തിയവൾ താഴെ
നഖചിത്രം വരച്ചപ്പോൾ
അറിയാതാ കളിത്തോഴൻ
ഒളിച്ചല്ലോ ഓടിയൊളിച്ചല്ലോ
(കളിത്തോഴൻ,....)

മിന്നി മറഞ്ഞ കിനാവുകളോ

 

മിന്നി മറഞ്ഞ കിനാവുകളോ
മിന്നാമിന്നികളോ
വീണ്ടും വീണ്ടും പൊൻ വല വീശി
വിണ്ണിലെന്തിനു വന്നൂ നിങ്ങൾ
വിണ്ണിലെന്തിനു വന്നൂ

ഒരു പൊന്മീനായ് വീണു കുടുങ്ങി
അറിയാതറിയാതെൻ ഹൃദയം
ഒരു വെണ്മുത്തായ് വീണു തിളങ്ങീ
അതിൽ നിന്നൂറിയ ചുടുകണ്ണീർ
(മിന്നിമറഞ്ഞ..)

തനിയേ പാടിപ്പാടിയുറങ്ങും
ഒരു നീർക്കിളിയാണെൻ ഹൃദയം
കരയിലിരുന്നൊരു വേണുവിലൂടെൻ
കരളിൽ തേങ്ങൽ പകർന്നൂ നീ
(മിന്നി മറഞ്ഞ...)
 

ഈ യാഗവേദിയിൽ

 

ഈ യാഗവേദിയിൽ
ജീവിത വേദിയിൽ
പ്രാണനിലൂറും നറു തേൻ കണങ്ങളാൽ
ആ സ്നേഹധാരയാൽ

ഈ വെളിച്ചത്തിലെ
ഭാവി തൻ കൈവിളക്കിൽ
നാം കൊളുത്തുമീ
പൂവൊളി നാളത്തെയുജ്ജ്വലിപ്പിക്കുവാൻ
എല്ലാം ത്യജിച്ചവർ
എന്തും സഹിച്ചവർ
രക്തനക്ഷത്രങ്ങൾ നിങ്ങളാണീ യുഗം
കത്തിച്ചുയർത്തിയ രക്ത നക്ഷത്രങ്ങൾ
കൈക്കൊൾക ഞങ്ങൾ തൻ
ധന്യവാദം
ധീരധന്യവാദം
പൂക്കളേ പുല്ലാങ്കുഴലുകളേ
പുഴയോളങ്ങളേ
ഏഴു കടലിലിരമ്പുമനന്ത സഹസ്രതരംഗങ്ങളേ
താരസ്വരത്തിലാലപിക്കുവിൻ
ധന്യവാദം രക്തനക്ഷത്രമേ
ധന്യവാദം  ധീരധന്യവാദം

കത്തിജ്ജ്വലിക്കുമെൻ ദുഃഖത്തിൻ

Title in English
kathijwalikkumen

 

കത്തിജ്ജ്വലിക്കുമെൻ ദുഃഖത്തിന്നഗ്നിയിൽ
ശുദ്ധീകരിക്കേണമേ എൻ ജീവനെ
ശുദ്ധീകരിക്കേണമേ

പാപത്തിൻ പായലിൽനിന്നുയരൂ
പശ്ചാത്താപത്തിൻ പൂവുകളേ
കൻണീരിൻ പൊയ്കയിൽ നിന്നുയരൂ
നിത്യ പുണ്യത്തിൻ പൂവുകളേ

വന്നെത്താൻ വൈകരുതേയിനി മുക്തി തൻ
ധന്യനിമിഷങ്ങളേ
എന്നെയനുഗ്രഹിക്കാൻ കനിയേണമേ
പുണ്യനിമിഷങ്ങളേ
(കത്തിജ്ജ്വലിക്കും...)