നാടകഗാനങ്ങൾ

കാതിൽ നിന്നനുരാഗസംഗീതം

 

കാതിൽ നിന്നനുരാഗ സംഗീതം പകർന്ന നേരം
കൈവിരലുകളാൽ നീ തഴുകും നേരം
കളിമണ്ണിൽ തീർത്തൊരീ കന്യകാരൂപമൊരു
കനകവിഗ്രഹമായി മാറിയല്ലോ

കടമിഴിക്കോണുകൾ നിൻ കഴലിണ പൂജിക്കുവാൻ
ഒരു ശംഖുപുഷ്പമാല കൊരുത്തതില്ലേ
കവിളിലെ കണ്ണുനീരാക്കരപുടങ്ങളിൽ വീണു
പവിഴമല്ലികളായ് ചിരിച്ചതില്ലേ
(കാതിൽ...)

മഴവില്ലു കുലച്ചെയ്ത മലരമ്പു പോലെ നിന്റെ
മധുരമാം വിളിയെന്നിൽ തറഞ്ഞു പോയീ
ഒരു വാക്കും പറയുവാൻ കഴിഞ്ഞീല നിന്നോടപ്പോൾ
നിറകുടം തുളുമ്പില്ലെന്നറിഞ്ഞു പോയ്
(കാതിൽ..)

അഞ്ജനക്കുളുർനീല

 

അഞ്ജനക്കുളുർ നീലക്കല്പടവേറി വരും
അമ്പിളീ ചൊല്ലുമോ നീ
ഓരിതൾ പൂ ചൂടി
ഓമനത്തിങ്കൾ പാടീ
ഒരു നാടൻ പെണ്ണിതിലേ
കടന്നു പോയോ
(അഞ്ജനക്കുളിർ...)

വെൺ മണൽ വിരികളിൽ
കണ്ണുനീർപൂക്കൾ തൂകും
പൊന്നലകളേ നിങ്ങൾ
ചൊല്ലുകില്ലേ
താമരച്ചുണ്ടിലൊരു
താലോലം പാട്ടുമായെൻ
ഓമലാളിതു വഴി
കടന്നു പോയോ
(അഞ്ജനക്കുളിർ...)

തൂവെള്ളിമേഘങ്ങളാം
തൂവാല വീശി വീശി
പോവുന്ന കന്നിയിളം കാറ്റേ ചൊല്ലൂ
പാതിരാപ്പൂ വിരിയും
പാതയിലെങ്ങാനുമാ
പാദസരക്കിലുക്കം
കേട്ടുവോ നീ
(അഞ്ജനക്കുളിർ...)

ഓരോരോ നാൾ വന്നവരെല്ലാം

 

ഓരോരോ നാൾ വന്നവരെല്ലാം
ഓരോരോ വഴി പിരിഞ്ഞു പോയീ
ഒരിക്കലും ഞാൻ മറക്കുകില്ല
ഒരേയൊരാളെ നിങ്ങളെ

ഏതു കിളിക്കും ചേക്കേറാനൊരു കൂടുണ്ടിവിടെ
ഏകാന്തതയുടെ നിമിഷത്തുമ്പികൾ
പാടാറുണ്ടിവിടെ മൂളിപ്പാടാറുണ്ടിവിടെ
(ഓരോരോ നാൾ...)

കാതോർത്തിങ്ങനെ നിൽക്കുമ്പോളൊരു
പാട്ടുണ്ടിവിടെ
കാനനദേവതമാരുടെ കണ്ണുകൾ കാവലുണ്ടിവിടെ
ചുറ്റും കാവലുണ്ടിവിടെ
(ഓരോരോ...)

നിലാവു മങ്ങിയ

 

നിലാവു മങ്ങിയ നിശയുടെ കോവിലിൽ
നിലവിളക്കിന്നരികിൽ എന്നുടെ
നിലവിളക്കിന്നരികിൽ
നിനക്കു നന്മകൾ നേരും ഗാനം
ഇനി ഞാനെന്നും പാടും പാടും
ഇനി ഞാനെന്നും പാടും

ചിരിച്ചു നീയെൻ കാലിൽ ചാർത്തിറ്റ
ചിലമ്പഴിഞ്ഞല്ലോ
കനിഞ്ഞു നീയെൻ കൈകളിലിട്ടൊരു
പളുങ്കു വളകളുടഞ്ഞു
(നിലാവു...)

മനസ്സു നിറയെ തുളസിച്ചെടികൾ
തളിർത്തു നിൽക്കുന്നു
അതിന്റെ പൂവുകൾ വിതറുന്നൂ ഞാൻ
അകന്നു പോകും നിൻ വഴിയിൽ
നീയകന്നു പോകും വഴിയിൽ
(നിലാവു....)
 

മൺ വിളക്കായാലും

 

മൺ വിളക്കായാലും
പൊൻ വിളക്കായാലും
എരിയും തിരിയുടെ വേദന ഞാൻ
നിന്നെരിയും തിരിയുടെ വേദന ഞാൻ

കത്തും തിരിയുടെ നൊമ്പരം കണ്ടിട്ട്
വെട്ടമെന്നോതിച്ചിരിക്കരുതേ
സ്നേഹം പകരുമ്പോൾ സ്നേഹം പകരുമ്പോൾ
ആളിപ്പടരുന്ന വേദന ഞാൻ
(മൺ വിളക്കായാലും...)

ഇത്തിരിച്ചൂടായ് വെളിച്ചമായ് മാറുവാൻ
കത്തിക്കരിയും തിരികൾ തോറും
പൂവിട്ടു പൂജിക്കും കൈകളറിയാത്ത
പൂവിന്റെയുള്ളിലെ വേദന ഞാൻ
(മൺ വിളക്കായാലും...)

മാളവകന്യകേ ഭാരതകവിയുടെ

 

മാളവകന്യകേ ഭാരതകവിയുടെ
മാനസപുത്രിയാം മാളവികേ
നിർത്താതെ നിർത്താതെ നിർത്താതെന്നുള്ളിലെ
നൃത്തമണ്ഡപത്തിൽ നീ കളിയാടൂ നിന്റെ
മുത്തണിച്ചിലങ്കകളിളകിയാടൂ

ഇത്തിരിപ്പൂവിലൊരു ചിത്രശലഭം പോലെ
ചിത്തിരത്താരം നൂത്ത കതുരു പോലെ
ചൈത്ര രജനി കണ്ട സ്വർഗ്ഗീയസ്വപ്നം പോലെ
വിശ്വസൗന്ദര്യത്തിന്റെ വിളക്കു പോലെ
(മാളവകന്യകേ...)

പൂക്കാത്ത പൊന്നശോകം പൂത്തു ചിരിച്ച പോലെ
കേൾക്കാത്ത രാഗം കേട്ട ലഹരി പോലെ
വർഷബിന്ദുക്കളിതാ വാസന്ത പുഷ്പമിതാ
വത്സരശതങ്ങൾ തൻ പുളകമിതാ
(മാളവകന്യകേ...)

താഴമ്പൂവേ താമരപ്പൂവേ

 

താഴമ്പൂവേ താമരപ്പൂവേ
താലപ്പൊലിയെടുക്കാൻ വന്നാട്ടെ
താഴത്തെക്കാട്ടിലെ സുന്ദരിമാരേ
താലപ്പൊലിയെടുക്കാൻ വന്നാട്ടെ

കസവുമുണ്ടുടുപ്പിച്ചതാരോ
നിങ്ങളെ കവണി പുതപ്പിച്ചതാരോ
കവിളത്തു കസ്തൂരി പൂശിയതാരോ
കവിത വിടർത്തിയതാരോ കൻണിൽ
കവിത വിടർത്തിയതാരോ
(താഴമ്പൂവേ...)

അണിയിച്ചൊരുക്കിയതാരോ കാഞ്ചന
തിരി നാളം നീട്ടിയതാരോ
കവിളത്തു കൈവിരൽ പാടറിയാതെ
തഴുകി മറഞ്ഞവനാരോ മെല്ലെ
തഴുകി മറഞ്ഞവനാരോ
(താഴമ്പൂവേ....)

മധുരസ്വപ്നങ്ങൾ

 

മധുരസ്വപ്നങ്ങൾ
മധുരസ്വപ്നങ്ങൾ ഒത്തിരി
മധുരസ്വപ്നങ്ങൾ
പട്ടുറുമാലിൽ തുന്നുന്നൂ ഞാൻ
ഒത്തിരി മധുരസ്വപ്നങ്ങൾ
തുന്നുവതാർക്കാണീ തൂവാല
പൊൻ കിനാവിൻ തൂവാല

മിഴിനീരോടെ വിരിയും ഒരു
പനിനീർ പൂവിനോ
പനിനീർപ്പൂവിൻ മിഴിനീരൊപ്പാൻ
പാടും കുയിലിന്നോ
(മധുരസ്വപ്നങ്ങൾ...)

തിരുമിഴിയിരവിൽ കൂമ്പും ഒരു
താമരമലരിന്നോ
താമരമലരിൻ തപസ്സിലലിയും
കന്നിനിലാവിന്നോ
(മധുര സ്വപ്ങ്ങൾ....)

കിളിവാതില്‍പ്പടി തന്നിൽ ഒരു
കിനാവു കാണുമ്പോൾ
കിനാവിൽ വന്നെൻ കരളിൽ മയങ്ങും
കളഹംസത്തിന്നോ
(മധുരസ്വപ്നങ്ങൾ...)

 

മഞ്ഞക്കിളിയെ കണ്ടാൽ

 

മഞ്ഞക്കിളിയെ കണ്ടാൽപിന്നെ
മധുരം തിന്നാം
അരികിലൊരാളെ കണ്ടാലുടനെ
കരളിൽ തിരുമധുരം

എന്നുമെന്നും എന്നരികിൽ
പൊൻ കിനാവിൻ പൂവുമായ് നീ
വന്നു നിൽക്കില്ലേ ഹാ
വന്നു നിൽക്കില്ലേ
വന്നു നിന്നാലെൻ മിഴിയിൽ തിരു
വാതിരക്കുളിർ രാവു പോൽ
പനിനീർ തളിക്കില്ലേ
(മഞ്ഞക്കിളിയെ...)

പുഞ്ചിരിക്കും എൻ കരളിൽ
ചിങ്ങമാസനിലാവു പോൽ നീ
വന്നുദിക്കില്ലേ ഹാ
വന്നുദിക്കില്ലേ
വന്നുദിച്ചാലെന്നുള്ളിൽ ഒരു
പൂവിളി തന്നീണമായ് നീ
വീണ മീട്ടില്ലേ ഹാ
വീണുറങ്ങില്ലേ
(മഞ്ഞക്കിളിയെ.....)

ഒരു പാട്ടുപാടുവാനല്ലയെങ്കിൽ

ഒരു പാട്ടു പാടുവാനല്ലയെങ്കിൽ
ഓടക്കുഴലെന്തിനാണു കൈയ്യിൽ
ഒരു നൃത്തമാടുവാനല്ലയെങ്കിൽ
ഓമൽ ചിലമ്പെന്തിനാണു കാലിൽ

നീയില്ല കേൾക്കുവാനെങ്കിലെന്റെ
വേണുവിൽ നാദം തളിർക്കുകില്ലാ
നീയില്ല കാണുവാനെങ്കിലെന്റെ
പാദസരങ്ങൾ ചലിക്കുകില്ലാ
( ഒരു പാട്ടു....)

നീയെന്റെ സ്വപ്നവനാന്തഭൂവിൽ
പീലി വിടർത്തിയ മോഹമല്ലേ
നീയെന്റെ സങ്കല്പ വീഥിയിലെ
നീലാഞ്ജനക്കുളുർച്ഛായയല്ലേ
(ഒരു പാട്ടു....)

നീയെന്റെ വേണുവിൻ രാഗമായീ
നീയെൻ ചിലങ്ക തൻ താളമായീ
നീയൊരു ദാഹത്തിൻ ജ്വാലയായീ
നീറുമാത്മാവിൽ പടർന്നു പോയീ
(ഒരു പാട്ടു...)