അമ്മയ്ക്കൊരു താരാട്ട്
രാഗമാലിക കംബയിന്‍സിന്റെ ബാനറില്‍ ശ്രീകുമാരന്‍ തമ്പി നിര്‍മ്മിച്ച് കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, സംവിധാനം എന്നിവ ഒരുമിച്ച് നിര്‍വഹിക്കുന്ന ചിത്രമാണ് 'അമ്മയ്‌ക്കൊരു താരാട്ട്.'
അണുകുടുംബങ്ങള്‍ വാഴുന്ന വര്‍ത്തമാനകാല സമൂഹത്തിന്റെ വിഹ്വലതകളാണ് ചിത്രം പ്രശ്‌നവല്‍ക്കരിക്കുന്നത്.സാഹചര്യങ്ങള്‍ കൊണ്ട് വിവാഹിതരാകാന്‍ കഴിയാതെപോയവരാണ് കവി ജോസഫ് പുഷ്പവനം എന്ന മധു അവതരിപ്പിക്കുന്ന കഥാപാത്രവും സുലക്ഷണ എന്ന ശാരദയുടെ കഥാപാത്രവും. വാര്‍ധക്യത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നതാണ് കഥാതന്തു.
കൗമാരപ്രായം തൊട്ട് പ്രണയത്തിലായിരുന്നു ജോസഫ് പുഷ്‌പവനവും സുലക്ഷണയും. രണ്ടു മതത്തില്‍ പെട്ടവരായിട്ടു കൂടി പ്രണയം അവര്‍ക്കൊരു തടസമായിരുന്നില്ല. പക്ഷേ അവര്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞില്ല. സുലക്ഷണ ഒരു ഐ.എ.എസുകാരന്റെ ഭാര്യയായി, മൂന്നു മക്കളുടെ അമ്മയായി. ജോസഫ് പുഷ്‌പവനം വിവാഹിതനാകാതെ എഴുത്തിൽ തന്നെ മുഴുകി. സുലക്ഷണയെക്കുറിച്ചാണ് അയാള്‍ പിന്നീടും എഴുതിയത്. ഉറവ വറ്റാത്ത പ്രേമം ജോസഫ് പുഷ്‌പവനം ദിവ്യമായി കൊണ്ടുനടന്നു. അയാളുടെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണും കടന്നുവന്നില്ല. അങ്ങനെ ഇരിക്കെ നിനച്ചിരിക്കാതെ ജോസഫ് വീന്ദും സുലക്ഷണയെ കണ്ടുമുട്ടുകയും പിന്നീട് അവർ വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുന്നതോടെ വിധി തന്നെ എതിർപ്പുകൾ തീർക്കുകയും ചെയ്യുന്നു. സുലക്ഷണ ടീച്ചറിന്റെ പ്രിയപ്പെട്ടവനായിരുന്നു സുദർശൻ എന്ന മൊട്ട സുദൻ. കഞ്ചാവിനടിമയായ അച്ഛനും, പണത്തിനു വേണ്ടി ആർത്തി കാണിക്കുന്ന രണ്ടാനമ്മയും മാത്രമായിരുന്നു സുദർശന്റെ ഏക ബന്ധുബലം. വർഷങ്ങൾക്ക് ശേഷം അവന്റെ പ്രീയപ്പെട്ട ടീച്ചറമ്മയെ കണ്ടുമുട്ടുമ്പോൾ അവന്റെ ജീവിതവും വഴിമാറുന്നു..
- 36 വർഷത്തിനു ശേഷം മധുവും ശാരദയും പ്രധാന വേഷത്തിലെത്തുന്ന സിനിമ. അകലങ്ങളിൽ അഭയമാണ് ഇവർ ഒടുവിൽ ഒരുമിച്ചഭിനയിച്ച ചിത്രം
- 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ് അമ്മയ്ക്കൊരു താരാട്ട് ചിത്രത്തിലൂടെ. ചിത്രത്തിലെ സംഗീത സംവിധാനവും, ഗാനരചനയും നിർവ്വച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അമ്മയ്ക്കൊരു താരാട്ട് ശ്രീകുമാരൻ തമ്പിയുടെ മുപ്പതാമത്തെ ചിത്രമാണ്
- ഒരു ഗാനരചയിതാവിന്റെ തന്നെ 500 ഗാനങ്ങൾ ഒരു ഗായകൻ പാടുകയെന്ന അപൂർവ്വ സംഗമത്തിനും സാക്ഷിയാകുന്നു. മലയാള സിനിമയിലെ ഈ അപൂർവ്വ ഭാഗ്യത്തിന് ഉടമകളാവുകയാണ് ഗായകൻ യേശുദാസും ശ്രീകുമാരൻ തമ്പിയും. അമ്മയ്ക്കൊരു താരാട്ടിന് വേണ്ടി യേശുദാസ് പാടുന്ന രണ്ടു ഗാനങ്ങളിൽ ഒരു ഗാനം അങ്ങനെ ചരിത്രത്തിൽ ഇടം നേടുകയാണ്. പി ജയചന്ദ്രന് വേണ്ടിയും ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്.
- Read more about അമ്മയ്ക്കൊരു താരാട്ട്
- 1325 views