വയലാറിന്റെ ഗാനരചന മൊത്തത്തിൽ തരക്കേടില്ല

വയലാറിന്റെ ഗാനരചന മൊത്തത്തിൽ തരക്കേടില്ല. പരവൂർ ദേവരാജിന്റെ സംഗീതസംവിധാനം ഒരുവിധം കൊള്ളാവുന്നതായിട്ടുണ്ട്.

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ തുടർച്ച

76. ഓമനക്കുട്ടൻ (1964 നവംബർ)
വയലാറിന്റെ ഗാനരചന മൊത്തത്തിൽ തരക്കേടില്ല. പരവൂർ ദേവരാജിന്റെ സംഗീതസംവിധാനം ഒരുവിധം കൊള്ളാവുന്നതായിട്ടുണ്ട്. പാട്ടുകൾ പലതും ഇടത്തരം നിലവാരം പുലർത്തുന്നവയാണ്. “ആകാശഗംഗയുടെ കരയിൽ” എ. എം. രാജ പാടിയത് നന്നായി. പി. ലീല പാടിയ പ്രിയപ്പെട്ട ആ “കണികാണും നേര” വും ശ്രുതിസുഖദമായി. സുശീലയുടെ താരാട്ടും തരക്കേടില്ല. നാളെയീ നേരത്ത് നാഥന്റെ ചാരത്ത് നാണിച്ചുനിന്നേക്കാവുന്ന കുട്ടനാടൻ പെണ്ണിനെ കൂട്ടുകാർ കളിയാക്കിത്തിർമിർക്കുന്ന രംഗത്തിലെ ആ സങ്കരനൃത്തരീതി കുട്ടനാടൻ അന്തരീക്ഷത്തിനു യോജിച്ചതാണെന്നു തോന്നിയില്ല.

(പി. ലീലയും രേണുകയും കൂടെപ്പാടിയ “കണികാണും നേരം കമലനേത്രന്റെ..” ഒരു ഭക്തിഗാനമെന്ന നില സ്വീകരിച്ച് അമ്പലങ്ങലിലെ ഉച്ചഭാഷിണികൾ എറ്റെടുത്തു, വിഷുവിനു പാടേണ പാട്ടെന്ന നിലയിൽ വൻപിച്ച പ്രചാരവും ലഭിച്ചു. “നരകവൈരിയാം അരവിന്ദാക്ഷന്റെ…’ എന്ന പഴയ കീർത്തനത്തിലെ ആദ്യ വരികൾ കളഞ്ഞിട്ട് ഉണ്ടാക്കിയെടുത്തതാണ് “കണി കാണുന്നേരം…” “നമശ്ശിവായ’ എന്ന പഞ്ചാക്ഷരമന്ത്രത്തിന്റെ ഓരൊ അക്ഷരവും വച്ച് തുടങ്ങുന്നതായിരുന്നു “നരകവൈരിയാം…’ എന്ന ജപഗീതം.  ന=നരകവൈരിയാം, മ=മലർമാതിൻ, ശി=ശിശുക്കളായുള്ള, വാ=വാലസ്ത്രീകടെ, യ=യതിലേ ഗോവിന്ദൻ ഇങ്ങനെ പോകുന്നു അക്ഷരക്രമം.)

77. ഭാർഗ്ഗവീനിലയം (1964 നവംബർ)
പ്രേമരംഗങ്ങൾക്കു പ്രധാനപശ്ചാത്തലമായി വിലസിയ സമുദ്രതീരപ്രദേശത്തിന്റെ കാമനീയകത്വം തരം പോലെ ഒപ്പിയെടുക്കാൻ ക്യാമെറ മറന്നിട്ടില്ല. ആ മനോഹരകഥാഭാഗത്തിന്റെ മാധുര്യം വർദ്ധിപ്പിക്കാൻ ഗാനരചയിതാവായ ഭാസ്കരന്റെ കവിതാഗുണം ഒട്ടൊന്നുണർന്നു പ്രവർത്തിച്ച സന്ദർഭങ്ങൾ ചിലതുണ്ട്. “താമസമെന്തേ വരുവാൻ” എന്ന ഭേദപ്പെട്ട പാട്ടുപാടി ഹൃദ്യമാക്കാൻ ശ്രമിച്ച യേശുദാസിനു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം മൊത്തത്തിൽ ഒരുവിധം ഭേദപ്പെട്ടതാക്കിയ ബാബുരാജ് ഇമ്പമെഴുന്ന മട്ടേകി  ഉചിതസഹായം ചെയ്തു കണ്ടു. ജാനകി പാടിയ “പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുനൂലാഞ്ഞാലു കെട്ടീ ഞാൻ” കേൾക്കാൻ സുഖമുണ്ട്. സുശീലയും യേശുദാസും കൂടി പാടിയ “അറബിക്കടലൊരു മണവാളൻ” എന്ന പാട്ടും തരക്കേടില്ല. “വാ‍സന്തപഞ്ചമിനാളിൽ” എന്ന പാട്ടിന്റെ  ട്യൂണിനു അൽ‌പ്പം പഴക്കച്ചുവയില്ലേ  എന്നൊരു ശങ്ക തോന്നി. കമുകറയുടെ “ഏകാന്തതയുടെ  അപാരതീരം” മെച്ചപ്പെട്ടതായില്ല.

…….ഭാർഗ്ഗവി നയിച്ച പൂമ്പാറ്റകളുടെ ആ നൃത്തം തരക്കേടില്ല. ശശികുമാറിന്നതിന്നുള്ള പ്രചോദനം ലഭിച്ച ഭാഗം തികച്ചും നന്നായി.-നൃത്തസംവിധാനം തങ്കപ്പന്റേത്- ജാനകി പാടിയ “അനുരാഗമധുചഷക”വും കൊള്ളാം.

(യേശുദാസിന്റെ സ്ഥാനം ഒരിയ്ക്കലും ഇളകാത്തവിധം പ്രതിഷ്ഠിക്കപ്പെട്ടു “താമസമെന്തേ വരുവാൻ” ഓടു കൂടി. ഒരു സിനിമയിലെ എല്ലാപാട്ടുകളും അതിഗംഭീരമായിരിക്കുക എന്ന അപൂർവ്വപ്രതിഭാസവും ഭാർഗ്ഗവീനിലയത്തിലൂടെ ഇതോടെ അരങ്ങേറി. “ഏകാന്തതയുടെ അപാരതീരം.“ എന്തുകൊണ്ടോ സിനിക്കിനു ഇഷ്ടപ്പെട്ട മട്ടില്ല.   പി. ഭാസ്കരന് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു പാട്ടുകളിൽ ഒന്നായി “വാസന്തപഞ്ചമിനാളി”നെ പ്രഖ്യാപിക്കാൻ മറ്റൊന്നാലോചിക്കേണ്ടി വന്നില്ല. “അറബിക്കടലൊരു മണവാളൻ” പി. സുശീല-യേശുദാസ് ടീമിന്റെ യുഗ്മഗാനങ്ങളിൽ മികച്ചതൊന്നായി ഇന്നും വാഴ്ത്തപ്പെടുന്നു. ഇതേ വർഷം ഇറങ്ങിയ “ശകുന്തള“ യിലെ “മാലിനി നദിയിൽ കണ്ണാടിനോക്കും” എന്നതും ഈ ടീമിന്റെ മറ്റൊരു പ്രസിദ്ധ പാട്ടായി മാറി. രണ്ടും മോഹനം രാഗത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നത് ഒരു സിനിമാഗാനചരിത്രത്തിലെ കളി എന്നു കരുതാം.)

78. ഭർത്താവ് (1964 നവംബർ)
പി. ഭാസ്കരന്റേതാണ് പാട്ടുകൾ. “ഒരിക്കലൊരു പൂവാലൻ കിളി” എന്ന പാട്ടിൽ രചനാസൌഷ്ഠവം കാണാനുണ്ട്. “കാക്കക്കുയിലേ ചൊല്ലൂ” എന്ന ഗാനവും മോശമില്ല. പൂവാലൻ കിളിയുടെ കഥ പി. ലീല സാമാന്യം ശ്രുതിമധുരമാക്കി. യുഗ്മഗാനം യേശുദാസും ഈശ്വരിയും കൂടി ഒട്ടൊക്കെ ഭേദപ്പെട്ടതാക്കുകയും ചെയ്തു. ദക്ഷിണാമൂർത്തിയാണ് ഈ രണ്ടുപാട്ടിന്റേയും മേൽ നോട്ടം വഹിച്ചിരിക്കുന്നത്. ( ഈ ചിത്രത്തിന്റെ സംഗീതസംവിധാനത്തിൽ ബാബുരാജിനും ഒരു പങ്കുണ്ട്). മറ്റു പാട്ടുകൾ മിക്കതും ഒരു വകയാണ് മൊത്തത്തിൽ പറഞ്ഞാൽ സംഗീതവിഭാഗം ഏതച്ചിത്രത്തിന്റെ വിലപ്പെട്ട ആകർഷകതകളിലൊന്നായി പരിണമിച്ചിട്ടില്ല. “നാഗസ്വരത്തിന്റെ നാദം കേൾക്കുമ്പോൾ” എന്ന ഗാനത്തിന്റെ ചിത്രണത്തെക്കുറിച്ച് അപഹാസ്യമെല്ലാതെ മറ്റെന്തു പറയാം!

(ചില ‘സിറ്റുവേഷണൽ’ പാട്ടുകൾ മാത്രം കിട്ടിക്കൊണ്ടിരുന്ന എൽ. ആർ. ഈശ്വരിയ്ക്ക് തന്റെ ആലാപനസൌന്ദര്യം പ്രകടിപ്പിക്കാൻ കിട്ടിയ അവസരമാണ് യേശുദാസിനോടൊപ്പം “കാക്കക്കുയിലേ ചൊല്ലൂ” ഇലൂടെ വെളിവായത്.. അവർ അത് നന്നായി പാടുകയും ചെയ്തു.  ഈ ചിത്രത്തിലെ “കൊള്ളാം കൊള്ളാം’ എന്നപാട്ട് സെൻസർ ബോർഡ് ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നു. “ഒരിയ്ക്കലൊരു പൂവാലൻ കിളി“ പി. ലീലയുടെ ഭേദപ്പെട്ട പാട്ടുകളിൽ ഒന്നാണ്.)

79. കളഞ്ഞുകിട്ടിയ തങ്കം (1965 ജനുവരി)
അര ഡസൻ പാട്ടുണ്ട് ഈ ചിത്രത്തിൽ.വയലാറിന്റെ ഗാനരചനയും ദേവരാജിന്റെ സംഗീതസംവിധാനവും. “കളിത്തോഴി” (യേശുദാസ്) ‘കൈനിറയേ വളയിട്ട പെണ്ണേ” (യേശുദാസ്, സുശീല) എന്നീ പാട്ടുകളാണ് രചനാഗുണത്തിലും സംഗീതമാധുരിയിലും തമ്മിൽ ഭേദപ്പെട്ടവ. കാതിന്നിമ്പമണയ്ക്കാനുള്ള എ. എം. രാജ., പി. ബി. ശ്രീനിവാസൻ എന്നീ പ്രശസ്തരുടെ ശ്രമം മെച്ചപ്പെട്ടതായില്ല.

(“കൈനിറയേ വളയിട്ട പെണ്ണേ…..” ഗാനരൂപത്തിൽ പ്രത്യേകതയുള്ളതാണ്. ഒരു നിയുക്ത പല്ലവി ഇതിനില്ല. ഓരോ ചരണത്തിനു ശേഷവും ആവർത്തിയ്ക്കുന്നത് വ്യ്ത്യസ്ത പല്ലവികളാണ്. ആദ്യവരിമാത്രം അതേപടി നിലനിർത്തിക്കൊണ്ട് രണ്ടാം വരി മാറ്റപ്പെടുന്നു).

80. അൾത്താര (1965 ജനുവരി)
മുരളിയുടെ പാട്ടുകൾ ഒൻപതുണ്ടിതിൽ. ഗാനരചന മൊത്തത്തിൽ മോശമില്ല. കമുകറ, യേശുദാസ്, ഉദയഭാനു, സുശീല, ജാനകി, ഈശ്വരി എന്നിവരാണ് പിന്നണിപ്പാട്ടുകാർ. എം. ബി. ശ്രീനിവാസൻ സംഗീതസംവിധായകനും. യേശുദാസും പാർടിയും പാടിയ ‘ദീപമേ നീ നടത്തുകെന്നെയും”, സുശീലയും ജാനകിയും കൂടി പാടിയ ‘കന്യാമറിയമേ” എന്നീ പ്രാർത്ഥനാഗാനങ്ങൾ ഒരുവിധം നന്നായി. ജാനകി പാടിയ “വരുമൊരുനാൾ സുഖ” വും കൊള്ളാം. പാതിരാപ്പൂവിനെക്കുറിച്ച് കമുകറയും  ജാനകിയും ഈശ്വരിയും പാടുന്ന പാട്ടുകൾ രണ്ടും ഏറെക്കുറെ മോശമില്ല.

(‘ദീപമേ നീ..” പ്രസിദ്ധ പ്രാർത്ഥനാഗാനമായ “ Lead kindly light amid the encircling gloom …” ന്റെ മലയാളം വേർഷനാണ്. വെസ്റ്റേൺ രീതിയിൽ കോറസ്

ചിട്ടപ്പെടുത്തുന്നുതിൽ നിപുണനായ എം. ബി ശ്രീനിവാസൻ ഈ മൊഴിമാറ്റം ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. “കന്യാമറിയമേ പുണ്യപ്രകാശമേ…” എസ്. ജാനകിയും പി. സുശീലയും കൂടെപ്പാടിയ ചുരുക്കം ചില പാട്ടുകളിലൊന്നാണ്). 

സിനിക്ക് പറഞ്ഞതെന്ന പരമ്പരയിൽ നിന്ന്..

 

Article Tags
Contributors