സിനിക്കും നിണമണിഞ്ഞ കാല്‍പ്പാടുകളൂം

പാട്ടുകളിൽ ലീലയും ശ്രീനിവാസനും കൂടെപ്പാടിയ “ചന്ദനക്കിണ്ണം”, ലീലയും യേശുദാസും കൂടെപ്പാടിയ “കണ്ണടച്ചാലും” എന്നീ യുഗ്മഗാനങ്ങളാണ് ( രണ്ടും ഭാസ്കരനെഴുതിയത്) ഭേദപ്പെട്ടവ.സിനിക്കിന്റെ പരമ്പരയിൽ നിന്ന്.

 

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പര.

51. വിധി തന്ന വിളക്ക്
(1962 നവംബർ)

പാട്ടുകളിൽ ലീലയും ശ്രീനിവാസനും കൂടെപ്പാടിയ “ചന്ദനക്കിണ്ണം”, ലീലയും യേശുദാസും കൂടെപ്പാടിയ “കണ്ണടച്ചാലും” എന്നീ യുഗ്മഗാനങ്ങളാണ് ( രണ്ടും ഭാസ്കരനെഴുതിയത്) ഭേദപ്പെട്ടവ. ”ഗുരുവായൂർ പുരേശാ” എന്ന ഗാനം ഒരിക്കൽകൂടി കേൾക്കാൻ പപ്പുശ്ശാരോടൊപ്പം ആസ്വാദകരും വെമ്പിയെന്നു വരില്ല.അഭയദേവിന്റെ പുതിയ താരാട്ട് തരക്കേടില്ലെങ്കിലും സുശീല അതിനു വേണ്ടത്ര മാധുര്യം നൽകിയെന്നു കരുതിക്കൂടാ. നൃത്തങ്ങളൊന്നും തന്നെ ഒന്നാന്തരമായിട്ടില്ലെങ്കിലും മുഷിപ്പനല്ലാത്തവയത്രേ പലതും.

52. ഭാഗ്യജാതകം
(1962 ഡിസംബർ)

ഭാസ്കരന്റെ പാട്ടുകളിൽ പ്രേമം വന്ന പെണ്ണിന്റെ കണ്ണിലുള്ള ജലദോഷത്തെക്കുറിച്ചുള്ള പാട്ട് രസകരമാണ്. “ആദ്യത്തെ കണ്മണി”, “മാനോടൊത്തു വളർന്നില്ല” എന്നീ പാട്ടുകൾക്കു രചനാഗുണമുണ്ട്. നാടകത്തിന്റെ കോറസ്സിന്നും പുഷ്പാംഗദന്റെ കീർത്തനത്തിന്നും ഉചിതഭംഗി കിട്ടിക്കാണുന്നു. ബാബുരാജിന്റെ സംഗീതസംവിധാനം മോശമില്ല. പിന്നണിപ്പാട്ടുകാരിൽ യേശുദാസിന്റെ ശബ്ദസൌഭഗം പ്രസ്താവ്യമാണ്. ലീലയും യേശുദാസും കൂടെപ്പാടിയ “ആദ്യത്തെ കണ്മണി” യും യേശുദാസ് പാടിയ “പറയാൻ വയ്യല്ലോ ജനനി”യും യേശുദാസും പരമശിവനും കൂടെപ്പാടിയ ആ കീർത്തനവും കൊള്ളാം. ലീല പാടിയ ആദ്യഗാനവും മെഹ്ബൂബ് നയിച്ച കോറസ്സും തരക്കേടില്ല.
 
(ആസ്വാകദകഹൃദയത്തിൽ അപ്രതിഹതമായ ശബ്ദസൌകുമാര്യം യേശുദാസ് നിറയ്ക്കുന്നു എന്ന സത്യം  ഘോഷിക്കപ്പെടുകയാണ് ഈ സിനിമയോടു കൂടി.. ഒരു നിശിത വിമർശകൻ ചില സത്യങ്ങൾ ഉൾക്കൊണ്ട് പ്രവചനാത്മകമായ പ്രസ്താവന നടത്തുകയാണിവിടെ. “”യേശുദാസിന്റെ ശബ്ദസൌഭഗം പ്രസ്താവ്യമാണ്“ എന്ന്.
‘പറയാൻ വയ്യല്ലോ ജനനി’ യേശുദാസ് പാടിയിരിക്കുന്ന്നത് ഈ സത്യം അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നു തെളിയിക്കും വിധമാണ്. ശബ്ദത്തിൽ ഉണ്ടായിരുന വിറയൽ മനഃപൂർവ്വം മാറ്റിയിരിക്കുന്നു.
 സിനിമാലോകം മറ്റൊരു പ്രതിഭയുടെ വരവും ഈ സിനിമയോടെ കൺകുളിർക്കെ നോക്കി നിന്നു. ഷീലാദേവി എന്ന പേരിൽ ഷീല തന്റെ സാന്നിധ്യം അറിയിക്കൽ.

“കണ്ണുകളിൽ കവിതയുമായ്” എന്നുതുടങ്ങുന്ന ഇതിലെ പാട്ട് --കോട്ടയം ശാന്തയും മെഹ്ബൂബും പാടിയത്--  ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ’ യുടെ അനുകരണമാണ്. ഒ. എൻ. വി ഗാനത്തിനു പി. ഭാസ്കരൻ പാരഡി ചമച്ചിരിക്കുന്നു!)

53. സ്വർഗ്ഗരാജ്യം
(1962 ഡിസംബർ)

പി. ഭാസ്കരനെഴുതിയ എട്ടു പാട്ടുകളുണ്ടീ ചിത്രത്തിൽ. മിക്കവാ‍ാറും എല്ലാ പാട്ടുകളും രചനാസൌഷ്ഠവവും  കാവ്യഗുണവും കലർന്നവയാണെന്നു പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ട്. എം. ബി ശ്രീനിവാസന്റെ സംഗീതസംവിധാനവും ഏറിയ കൂറും ഭേദപ്പെട്ട നിലവാരമാണ് പുലർത്തിയിട്ടുള്ളത്.പി. ബി ശ്രീനിവാസന്റെ “ആടു സഖീ” ആർ. ബാലസരസ്വതിയുടെ “പണ്ടു പണ്ടു പണ്ടേ” എന്നീ ഗാനങ്ങൾ തികച്ചും ഇമ്പമണയ്ക്കാൻ പോന്നവയാണ്. ഉദയഭാനുവും കൂട്ടരും പാടിയ ‘ വന്നാട്ടെ തത്തമ്മപ്പെണ്ണേ” കൊള്ളാം. ശാന്താ പി. നായരുടെ “തിങ്കളേ പൂത്തിങ്കളേ” , എസ്. ജാനകിയുടെ “എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കൾ” ,എം. ബി. ശ്രീനിവാസന്റെ “കരളിന്റെ കരളിലെ യമുനതൻ“ എന്നീ പാട്ടുകളും ഭേദപ്പെട്ടവയാണ്. ചുരുക്കത്തിൽ പ്രകൃതകൃതിയുടെ നല്ല വശങ്ങളിൽ ഏറ്റവും മുന്തി നിൽക്കുന്നത് അതിന്റെ സംഗീതവിഭാഗമാണെന്നു പറയാൻ മടിക്കേണ്ടതില്ല. നായകനുവേണ്ടി പിന്നണിയിൽ നിന്ന് ഒന്നിലധികം ശബ്ദം പാടുന്നുണ്ട്. പക്ഷേ ഒന്നും നടന്റെ കണ്ഠത്തിനിണങ്ങിയതായി തോന്നിയില്ല.

(എം. ബി. ശ്രീനിവാസൻ അപൂർവ്വമായി പാടിയ പാട്ടാണ് ‘കരളിന്റെ കരളിലെ”. കാവ്യമേളയിൽ ‘സ്വപ്നങ്ങളേ സ്വപ്നങ്ങളേ’ യുടെ ഭാഗം പിന്നീട് പാടിയിട്ടുണ്ട്.)

54. വിയർപ്പിന്റെ വില
(1963 ഫെബ്രുവരി)

അഭയദേവിന്റെ ഗാനങ്ങൾ ഒരുവിധം തരക്കേടില്ല. ദക്ഷിണാമൂർത്തിയുടെ  സംഗീതസംവിധാനം പതിവിൻപടി കർണ്ണാടകമട്ടിനോടുള്ള ചായ്‌വു പുലർത്തിക്കൊണ്ടാണ്. ഈ ചിത്രത്തിന്റെ സംഗീതവിഭാഗം മുന്തിയതല്ലെങ്കിലും (ലീല, യേശുദാസ് മുതൽ‌പ്പേരാണ് പിന്നണിക്കാർ) ചില പാട്ടുകൾ (കമനീയ കേരളമേ, ഓമനക്കണ്ണാ, കൊച്ചു കുരുവീ) കേൾക്കാൻ കൊള്ളാവുന്നവയായിട്ടുണ്ട്.

55. നിണമണിഞ്ഞ കാൽ‌പ്പാടുകൾ
(1963 ഫെബ്രുവരി)

പി. ഭാസ്കരന്റെ എട്ടു ഗാനങ്ങളിൽ പലതും കൊള്ളാം. ബാബുരാജിന്റെ സംഗീതസംവിധാനം വെറും സാ‍ധാരണം മാത്രമായി.  താരതമ്യേന നീണ്ട സമരഗാനം പാടിയതിൽ വേണ്ടത്ര ആവേശം കണ്ടില്ല. ലീല പാടിയ “ഇനിയാരേ തിരയുന്നു”, ജാനകി പാടിയ “മേ തൊ ഘുംഗുരു“ എന്നിവ സാമാന്യം ഭേദപ്പെട്ടവയാണ്. “അനുരാഗനാടകത്തിൻ” എന്ന ഉദയഭാനുവിന്റെ പാട്ടും കഷ്ടിച്ചൊപ്പിക്കാം.

(കഷ്ടിച്ചൊപ്പിക്കാം എന്ന് സിനിക്ക് പരാമർശിച്ച ഉദയഭാനു ഗാനം വളരെ പോപുലർ ആയിത്തീരുകയാണൂണ്ടായത്. എസ്. ജാനകിയുടെ “മേ തൊ ഘുംഗുരൂ “ കാ‍ലം തെറ്റി നേരത്തെ വന്ന പാട്ടാണ്. ഒന്നാന്തരം ഓർക്കെഷ്ട്രേഷനും, ശിൽ‌പ്പഭംഗിയുമൊത്ത, കഥക് നൃത്തത്തിനു വേണ്ടിയെന്ന് വണ്ണം സ്വരൂപിച്ചെടുത്ത മീരാഭജനാണിത്.  ഇതിൽ നിന്നും വളരെ വ്യത്യസ്തമായ, വെസ്റ്റേൺ രീതിയിൽ ചിട്ടപ്പെടുത്തിയ, പി. ലീലയും പുനിതയും പാടിയ  “കന്യാ തനയാ കരുണാനിലയാ കൈവെടിയരുതേ മിശിഹായേ ‘ ബാബുരാജിന്റെ റേഞ്ച് പ്രകടമാക്കുന്നു)

Article Tags
Contributors