ചിറയിൻകീഴ് രാമകൃഷ്ണൻ നായർ

Submitted by mrriyad on Tue, 02/17/2009 - 13:10
Name in English
Chirayinkeezh Ramakrishnan Nair

തമിഴ്‌നാട്‌ നാഗര്‍കോവില്‍ ലക്ഷ്മിപുരം കോളേജ്‌, മദ്രാസ്‌ പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്നു രാമകൃഷ്ണന്‍ നായര്‍.
പ്രേം നസീറിന്റെ നിര്‍ബന്ധപ്രകാരമാണ്‌ രാമകൃഷ്ണന്‍നായര്‍ ആദ്യ സിനിമഗാനം രചിക്കുന്നത്‌. ദേവരാജന്‍ മാഷിന്റെ ഈണത്തില്‍ "ഇന്നലെ ഇന്ന്‌ " എന്ന സിനിമയ്ക്കുവേണ്ടി രചിച്ച 'സ്വർണ്ണയവനികക്കുള്ളിലെ സ്വപ്ന നാടകം' എന്ന ഹിറ്റു ഗാനമാണ്‌ ആദ്യ രചന. പ്രശസ്ത സംഗീത സംവിധായകന്‍ ദേവരാജന്‍, എ.റ്റി. ഉമ്മര്‍, എം.കെ അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി, എം.സ്‌ വിശ്വനാഥന്‍, തുടങ്ങിയവര്‍ക്കുവേണ്ടി രാമകൃഷ്ണന്‍ നായര്‍ തൂലിക ചലിപ്പിച്ചിട്ടുണ്ട്.

അവലംബം : ജന്മഭൂമി

ചങ്ങമ്പുഴ

Submitted by mrriyad on Tue, 02/17/2009 - 13:08
Name in English
Changampuzha
Date of Birth
Date of Death

Image  of Changampuzha Krishnapilla

1911 ഒക്ടോബർ 10ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. അച്ഛൻ: കൊച്ചി തെക്കേടത്ത് രാമൻ മേനോൻ. അമ്മ: ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടിയമ്മ. എറണാകുളത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബി എ ഓണേഴ്സ് നേടി. രണ്ടുവർഷം പട്ടാളത്തിൽ സേവനം ചെയ്തിട്ടുണ്ട്. മംഗളോദയം പത്രാധിപസമിതിയിൽ അംഗമായിരുന്നു. നാടൻ ശീലുകൾ തെരഞ്ഞെടുത്തെഴുതിയ ചങ്ങമ്പുഴക്കവിതകൾ എല്ലാത്തരത്തിലുള്ള ജനവിഭാഗങ്ങളേയും ആകർഷിച്ചു. മലയാളത്തിലെ ഓർഫ്യൂസ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. ലളിതവും പ്രസാദമധുരിതവുമാണ് ചങ്ങമ്പുഴയുടെ കവിതകൾ.  ഒരു കാലഘട്ടത്തിലെ  തരുണാരുണ സ്വപ്നങ്ങൾക്ക് ചിറകേകിയ രമണൻ എന്ന ഗ്രാമീണവിലാപകാവ്യം അദ്ദേഹത്തിന്റെ വിദ്യാർത്ഥിജീവിതകാലത്തെഴുതിയതാണ്. രക്തപുഷ്പങ്ങൾ, സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ, ബാഷ്പാഞ്ജലി, മോഹിനി, സങ്കല്പകാന്തി, യവനിക, പാടുന്ന പിശാച്, ആരാധകൻ, ദേവഗീത, ദിവ്യഗീതം, ഹേമന്തചന്ദ്രിക, അപരാധികൾ, തിലോത്തമ, മനസ്വിനി എന്നിവയാണ് മുഖ്യകൃതികൾ.

സഹോദരതുല്യനായ, സമകാലീനനായ ഇടപ്പള്ളി രാഘവൻപിള്ളയുമൊത്ത് ചങ്ങമ്പുഴ നീന്തിത്തുടിച്ചത് കാല്പനികതയുടെ തടിനിയിലും താമരപ്പൊയ്കകളിലുമായിരുന്നു. പല ഈണങ്ങളിൽപ്പാടുമ്പോഴും ആ കവിതകളുടെ ആധാരശ്രുതി കാല്പനികത തന്നെയായിരുന്നു. കേവലസൗന്ദര്യത്തെ സാക്ഷാത്കരിക്കുന്നവയായിരുന്നു ആ കവിതകൾ. ""ഇന്നലെ രാത്രിയിൽ ഞാനൊരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി" എന്നു വായിക്കുമ്പോഴും, "നിന്നൂ ലളിതേ നീയെൻ മുന്നിൽ നിർവൃതിതൻ പൊൻകതിർപോലേ" എന്നു വായിക്കുമ്പോഴും നാമെത്തിച്ചേരുന്നത് കേവലസൗന്ദര്യത്തിന്റെ സോപാനത്തിങ്കലാണ്. തന്റെ മനസ്സിനെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സമൂഹത്തിന്റെ, അല്ലെങ്കിൽ വ്യവസ്ഥിതിയുടെ നീതിബോധമില്ലായ്മക്കുനേരെ പ്രതികരിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും. വിഷാദത്തിൽനിന്നും പ്രസാദത്തിലേക്കും നേരേ തിരിച്ചും ആ കവിതകൾ സ്വയം വഴികൾ തെരഞ്ഞെടുത്തൊഴുകി. വാഴ വെച്ചവന്റെ മക്കൾത്തന്നെ ആ വാഴപ്പഴവും തിന്നണം, അങ്ങനെ നമ്മുടെ സാമൂഹിക അസമത്വങ്ങൾ പാടേ നീങ്ങണം എന്നാഗ്രഹിക്കുമ്പോൾ പുരോഗമനാഭിമുഖ്യത്തിന്റെ ആഴങ്ങളേയും ആ കാവ്യപ്രവാഹിനി ചുംബിക്കുന്നു. 

രമണൻ, അഭയം, ഓർക്കുക വല്ലപ്പോഴും തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഇദ്ദേഹത്തിന്റെ കവിതകൾ ഈണം പകർന്ന് അവതരിപ്പിച്ചിട്ടുണ്ട്.

1948 ജൂൺ 17ന് അന്തരിച്ചു. ശ്രീദേവി ചങ്ങമ്പുഴയായിരുന്നു ഭാര്യ.

എ കെ ലോഹിതദാസ്

Submitted by Baiju T on Tue, 02/17/2009 - 13:00
Alias
ലോഹി
Name in English
A K Lohithadas
Date of Birth
Date of Death

1955 മെയ് പത്തിന് പള്ളുരുത്തിയിലാണ് അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ് ജനിച്ചത്. ചാലക്കുടിയാണ് സ്വദേശം. തിരക്കഥാകൃത്തായി മലയാള ചലച്ചിത്രവേദിയിൽ തിളങ്ങിയ ശേഷം സംവിധായകവേഷം അണിഞ്ഞ കഴിവുറ്റ കലാകാരനായിരുന്നു ഇദ്ദേഹം. പത്മരാജൻ, ഭരതൻ, എംടി എന്നിവരെപ്പോലെ കലാമൂല്യമാർന്നതും ജനപ്രിയമായതുമായ കഥാതന്തുക്കൾ കോർത്തിണക്കിയ തിരക്കഥകളാൽ പ്രശസ്തനായിരുന്നു.

ചെറുകഥകൾ എഴുതിത്തുടങ്ങിയെങ്കിലും ”സിന്ധു ശാന്തമായി ഒഴുകുന്നു” എന്ന നാടകത്തിന്റെ രചയിതാവായാണ് പ്രൊഫഷണൽ രംഗത്തേക്ക് കടന്നു വരുന്നത്.ലോഹിയുടെ "ഏകാദശി നോറ്റ കാക്ക" എന്ന കഥ "സിന്ധു ശാന്തമായി ഒഴുകുന്നു" എന്ന നാടകമായി ചേർത്തല തപസ്യ നാടകസമിതി അവതരിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ 1986ലെ മികച്ച നാടകകൃത്താവാൻ ആ നാടകത്തിലൂടെത്തന്നെ സാധിച്ചു.സിന്ധു ശാന്തമായ് ഉറങ്ങുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയാണ് പ്രധാന നാടകങ്ങൾ.

തന്റെ പുതിയ സിനിമയുടെ തിരക്കഥയിൽ മാറ്റം വരുത്തുവാൻ ലോഹിതദാസിന്റെയടുത്തെത്തുന്ന സിബി മലയിൽ പിന്നീട് ലോഹിതദാസിനെ തന്റെ അടുത്ത സിനിമക്ക് തിരക്കഥയെഴുതുവാൻ ക്ഷണിക്കുകയായിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനത്തിലൂടെയാണ് ലോഹിതദാസ് സിനിമയിൽ തിരക്കഥാകൃത്തായി മാറുന്നത്. 1987ൽ പുറത്തിറങ്ങിയ തനിയാവർത്തനം തിരക്കഥാകൃത്തായ ലോഹിതദാസിനെ ആ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡിനർഹനാക്കുകയും ഒപ്പം ജനസമ്മിതിയുള്ളൊരു തിരക്കഥാകൃത്തുമാക്കുകയായിരുന്നു. വാടകഗർഭപാത്രം കേന്ദ്രബിന്ദുവായി അവതരിക്കപ്പെട്ട ദശരഥം ആർദ്രമായ ഒരു കഥയാണ് പറഞ്ഞത്. കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങി കുറേ ചിത്രങ്ങൾ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽപ്പിറന്നു. എഴുതാപ്പുറങ്ങൾ, കുടുംബപുരാണം, ജാതകം, മുദ്ര, മഹായാനം, മൃഗയ, മാലയോഗം, രാധാമാധവം, സസ്നേഹം, ഹിസ് ഹൈനസ് അബ്ദുള്ള, ആധാരം, അമരം, വെങ്കലം, വാത്സല്യം, പാഥേയം, തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട തിരക്കഥകൾ. ഏകദേശം നാല്പത്തിയൊന്നോളം സിനിമകൾക്ക് തിരക്കഥയെഴുതി.

തിരക്കഥാ രചനയിൽ നിന്ന് സംവിധായകനിലേക്കുള്ള ചുവടുമാറ്റം 1997ൽ പുറത്തിറങ്ങിയ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് കാരുണ്യം, ഓർമ്മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കർ, സൂത്രധാരൻ, കസ്തൂരിമാൻ, ചക്രം, ചക്കരമുത്ത്, നിവേദ്യം എന്നീ പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്തു. കസ്തൂരിമാൻ, നിവേദ്യം, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങളിൽ ഗാനരചയിതാവിന്റെ വേഷവും അണിഞ്ഞു. 18 തവണ മികച്ച തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക് അവാർഡ് ലോഹിതദാസിനെ തേടിയെത്തി. നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം, മികച്ച സംവിധായകനുള്ള പത്മരാജൻ പുരസ്കാരം, രാമു കാര്യാട്ട് പുരസ്കാരം, അരവിന്ദൻ പുരസ്കാരം, മികച്ച കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

ഭാര്യ: സിന്ധു. മക്കൾ: ഹരികൃഷ്ണൻ, വിജയ് ശങ്കർ. ഹൃദയാഘാതത്തെത്തുടർന്ന് 2009 ജൂൺ 28ന് എറണാകുളത്ത് അന്തരിച്ചു.

ലോഹിതദാസിന്റെ ഇന്റർവ്യൂകളും അദ്ദേഹം സൃഷ്ടിച്ച മികച്ച ചില ചലച്ചിത്രരംഗങ്ങളും കോർത്തിണക്കിയ ഒരു വീഡിയോ..