അയാളും ഞാനും തമ്മിൽ
കാർഡിയോളജിസ്റ്റ് ഡോ. രവി തരകന്റെ കരിയർ ലൈഫിൽ ആകസ്മികമായി സംഭവിക്കുന്ന ഒരു ദുരന്തവും അതിനെത്തുടർന്ന് അയാളെ അറിയുന്ന പലരും പങ്കുവെയ്ക്കുന്ന അയാളുടെ ഭൂതകാലവും.
കൊച്ചിയിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ. രവി തരകൻ (പൃഥീരാജ്) ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഒരു രാത്രിയിൽ ഹൃദയത്തിനു തകരാർ ഉള്ള ഒരു ബാലിക അഡ്മിറ്റാകുന്നു. ആ പെൺക്കുട്ടിക്ക് അത്യാവശ്യമായി സർജറി ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഡോ. രവി തരകൻ അതിനു വേണ്ട ഏർപ്പാടുകൾ ചെയ്യുന്നെങ്കിലും കുട്ടിയുടേ മാതാപിതാക്കൾ (അനിൽ മുരളി) അതിനു സമ്മതിക്കുന്നില്ല. സർജറി കഴിഞ്ഞാൽ കുട്ടി ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെങ്കിൽ തങ്ങൾ അതിനു തയ്യാറല്ലെന്ന് അവർ വ്യക്തമാക്കുന്നു. അവരുടേ സമ്മതമില്ലെങ്കിലും ചില ആദർശങ്ങളും ജീവിതാനുഭവങ്ങളും കൈമുതലായുള്ള ഡോ. രവി തരകൻ സർജറി നടത്തുന്നു. നിർഭാഗ്യവശാൽ പെൺകുട്ടി മരിച്ചു പോകുന്നു. ഇതിൽ ക്രുദ്ധനായി പെൺകുട്ടിയുടേ അച്ഛനും അയാളുടെ ആളുകളും ആശുപത്രി തല്ലിത്തകർക്കുന്നു. സഹപ്രവർത്തകരുടെ സഹായം കൊണ്ട് രവി തരകൻ ആശുപത്രിയിൽ നിന്ന് കാറുമെടുത്ത് രക്ഷപ്പെടുന്നു. എന്നാൽ അക്രമികൾ പിന്തുടരുന്നതിനാൽ അവരിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ചെയ്ത ഡ്രൈവിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് മറിഞ്ഞ് അപകടത്തിൽ പെടുന്നു.
ഈ അവസ്ഥ ആശുപത്രിക്കും ജനങ്ങൾക്കും വലിയ വിഷയമാകുന്നു. ചാനലുകൾ ഈ സംഭവം ഏറ്റു പിടിക്കുന്നു. അസി. സിറ്റി പോലീസ് കമ്മീഷണർ കേസ് അന്വേഷണം ആരംഭിക്കുന്നുവെങ്കിലും ഡോ. രവി തരകൻ മിസ്സിങ്ങാണ് എന്നറിയുന്നു. അതിനിടയിൽ ബോർഡ് മീറ്റിങ്ങ് കൂടിയ ആശുപത്രി അധികൃതർ ഡോ. രവി തരകനെതിരെ അഭിപ്രായം ഉന്നയിക്കുന്നു. ആശുപത്രി പ്രൈവറ്റ് സെക്രട്ടറി ദിയ (റിമാ കല്ലിങ്കൽ) അതിൽ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു. അതോടെ അവർ ഡിസ്മിസ് ചെയ്യപ്പെടുന്നു. അതിനിടയിൽ രവി തരകന്റെ ഉറ്റ സുഹൃത്ത് വിവേക് (നരേൻ) ഈ വാർത്തയറിഞ്ഞ് ആശൂപത്രിയിൽ ബന്ധപ്പെടുന്നുവെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. അപ്രതീക്ഷിതമായി വിവേക് ദിയയെ പരിചയപ്പെടുന്നു. ഇരുവരും തങ്ങൾക്കറീയാവുന്ന ഡോ. രവി തരകനെക്കുറീച്ച് പരസ്പരം പറയുന്നു. തന്റെ പ്രൊഫഷനോട് ഇത്രമാത്രം കമിറ്റ്മെന്റും മനുഷ്യത്വവുമുള്ള ഡോ. രവി തരകൻ ഒരിക്കലും ബോധപൂർവ്വം ഇങ്ങിനെ ചെയ്യില്ലെന്നും, ഈ അവസ്ഥയിൽ ആശുപത്രി അധികൃതർ ചെയ്തത് തെറ്റാണെന്നും ദിയ തന്റെ സ്വാനുഭവം വെച്ച് പറയുന്നു.
വിവേകിന്റെ മെഡിക്കൽ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലെ നല്ലൊരു സുഹൃത്തായിരുന്നു രവി തരകൻ. ഇരുവരും പഠനത്തിൽ മോശമായിരുന്നതുകൊണ്ട് പഠനം പൂർത്തിയാക്കാൻ ഏഴു വർഷമെടുത്തു. കോളേജ് പഠനകാലത്ത് രവി തരകനു ഒരു കാമുകിയുണ്ടായിരുന്നു. സൈനു ( സംവൃതാ സുനിൽ)
കോളേജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ രവി തരകനും വിവേകിനും അധികൃതർക്ക് നൽകിയ ബോണ്ട് പ്രകാരം അഞ്ച് ലക്ഷം രൂപയോ അല്ലെങ്കിൽ ഇന്ത്യയിൽ ഏതെങ്കിലും ഗ്രാമത്തിൽ രണ്ടു വർഷ നിർബന്ധിത സേവനമോ ചെയ്യണമായിരുന്നു. രവി തരകന്റെ അപ്പൻ തരകൻ (പ്രേം പ്രകാശ്) പണം കൊടുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് രവി തരകൻ മൂന്നാറിലെ ഒരു ആശുപത്രിയിൽ ഡോക്ടർ ജോലിക്കായി പോകുന്നു. അവിടെ വെച്ചാണ് അയാൾ ഡോകടർ സാമുവലിനെ (പ്രതാപ് പോത്തൻ) കണ്ടു മുട്ടുന്നത്. അത് രവി തരകന്റെ കാഴ്ചപ്പാടുകളെ മൊത്തം മാറ്റിക്കളഞ്ഞു.
ക്ലാസ് മേറ്റ്സിന്റെ വിജയത്തിനു ശേഷം സംവിധായകൻ ലാൽ ജോസ് യുവതാരങ്ങളെ അണി നിരത്തി ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ചെയ്യുന്ന മറ്റൊരു ചിത്രം.
പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആദ്യമായി ലാൽജോസിനു വേണ്ടി തിരക്കഥ രചിക്കുന്നു.
- Read more about അയാളും ഞാനും തമ്മിൽ
- 3035 views