നാടകഗാനങ്ങൾ

പ്രഭാമയീ പ്രകൃതീ

 

പ്രഭാമയീ പ്രകൃതീ
പ്രഭാതകുങ്കുമമണിഞ്ഞു നിൽക്കും
പ്രഭാമയീ പ്രകൃതീ

 നീഹാരാർദ്ര ദലങ്ങൾ  വിടർത്തും
നീരജപുഷ്പങ്ങൾ ചൂടി
മഞ്ഞപ്പൊൻ വെയിലുടയാട ചുറ്റി
മഞ്ജുനർത്തനമാടും
മനോഹരീ ചൊല്ലൂ നീയേത്
മുനിയുടെ മാനസനന്ദിനി

താഴം പൂവണിവേണിയഴിഞ്ഞും
താമരമൊട്ടുകൾ മാറിലുലഞ്ഞും
തങ്കത്തരിവള മൊഴികളുതിർന്നും
തൻ കളിവീണ മീട്ടും
മനോഹരീ ചൊല്ലൂ നീയേത്
കവിയുടെ മാനസനന്ദിനി

 

പാടീ പണ്ടാരോ പാടീ

 

പാടീ പണ്ടാരോ പാടീ ഒരു
നാടകമേ ഉലകം
പാടാം പൊന്നളിയാ ഒരു സർക്കസ്സ്
കൂടാരമാണീയുലകം

കുഞ്ഞാടിൻ കമ്പിളിക്കുപ്പായം ചാർത്തിയ
ചെന്നായ്ക്കളാണിവിടെ
വിശക്കുന്ന മനുഷ്യനു വിലയില്ലാ മനുഷ്യനു
വിധിച്ചതീ കരടി വേഷം
ജീവിതം നമ്മൾക്ക്
വിധിച്ചതീ കരടി വേഷം

റിങ്ങിന്മേൽ കയറി കുരങ്ങാട്ടം കളിക്കുമ്പോൾ
നിങ്ങള് കയ്യടിക്കും
സങ്ങതിയറിഞ്ഞോ ജീവിതമിവിടൊരു
റിങ്ങിന്മേൽ കളിയാണ്
നക്ഷത്രപ്പെണ്ണുങ്ങൾ ട്രപ്പീസ് കളിക്കുന്ന
സർക്കസ് കൂടാരത്തിൽ
സൂര്യനും ചന്ദ്രനും കള്ളടിച്ചു കറങ്ങണ
കോമാളിച്ചെക്കന്മാർ
 

ഞാനൊരു പൂവിന്റെ

 

ഞാനൊരു പൂവിന്റെ മൗനത്തിൽ നിന്നൊരു
ഗാനത്തിന്നിതൾ വിടർത്തീ
പ്രാണനിലെൻ പ്രാണതന്തികളിൽ കോർത്തു
കാണിക്കയായ് നീട്ടി
നീയിതു സ്വീകരിക്കൂ കൈ നീട്ടി
നീയിതു സ്വീകരിക്കൂ
എന്നന്തരംഗത്തിൻ വെൺ കളി മുറ്റത്ത്
ചന്ദനത്തൈലം തളിച്ചതാരോ
തെന്നലിൻ കൈയിലൊരജ്ഞാത പുഷ്പത്തിൻ
ഗന്ധമായ് വന്നതാരോ

മംഗലശംഖൊലിയാലെൻ മനസ്സിനെ
നിങ്ങളെന്തിനു വിളിച്ചുണർത്തീ
മഞ്ജുതരങ്ങളാം വൃന്ദവാദ്യങ്ങളാൽ
സംഗീത സാന്ദ്രമാക്കീ

മനുഷ്യനെന്ന സത്യമിവിടെ

 

മനുഷ്യനെന്ന സത്യമിവിടെ
കുരിശിൽ പിടയുന്നു
മറകൾക്കുള്ളിൽ മതിലുകൾക്കുള്ളിൽ
മനസ്സിന്റെ ദുർഗ്ഗങ്ങളിൽ

ശരശയനങ്ങളൊരുക്കുന്നു മുൾ
മുടിയണിയിക്കുന്നു
അവന്റെ പേരിൽ തീർത്തൊരു നീതികൾ
അവനെ ക്രൂശിക്കുന്നു

ചിതയിലുയിർത്തെഴുന്നേൽക്കുന്നു പൊൻ
ചിറകു വിടർത്തുന്നു
അജയ്യമാമൊരുഷസ്സിൻ തേരിൽ
അവൻ പ്രയാണം തുടരുന്നു

നക്ഷത്രമിഴി ചിമ്മി

 

നക്ഷത്രമിഴി ചിമ്മിയാകാശം വിഷു
പ്പക്ഷിയെ പാടാൻ വിളിക്കുന്നു
സംക്രമമംഗലഗാനം പാടാൻ
എന്തേ താമസമെന്തേ

കൊക്കിലൊതുങ്ങാത്ത സ്വപ്നത്തിൻ കനി
കൊത്തി വിഴുങ്ങിയ പൈങ്കിളി നീ
എങ്ങനെയെങ്ങനെ പാടും നിൻ
സങ്കടമെങ്ങനെ പറയും

കോർക്കുവാനാകാത്ത ഗദ്ഗദമുത്തുകൾ
കൊക്കിൻ കുമ്പിളിൽ നിന്നുതിർന്നു
ചിന്നിച്ചിതറിയതല്ലോ പൊൻ
കൊന്നപ്പൂവായി വിരിഞ്ഞു
 

രാത്രീ ശ്യാമളഗാത്രി

 

രാത്രീ ശ്യാമളഗാത്രീ നീയൊരു
മാത്ര നിൻ യവനിക നീക്കൂ
നീലാംബരത്താൽ ഒരു പട്ടാംബരത്താൽ
നീ തീർത്ത യവനിക നീക്കൂ

നെറ്റിയിൽ മായാമാണിക്യമണിയും
സർപ്പസൗന്ദര്യമേ നിന്റെ
പാപത്തിൻ പുഷ്പങ്ങൾ
നിശ്വസിച്ചുണരുമ്പോൾ
പാവമീ ഭൂമി മയങ്ങുന്നു
മയക്കമോ മൃതിയുടെ
തുടക്കമോ

മുത്തുകൾ കോർത്ത മുടിപ്പൂ ചൂടിയ
മുഗ്ഗ്ധലാവണ്യമേ നിന്റെ
പാണികൾ ചുംബിച്ച നിർവൃതി ലഹരിയിൽ
പാടുന്ന കാമുകനല്ലോ ഞാൻ
കാമുകൻ കവിയോ
ഭ്രാന്തനോ

കളിയോ കളവോ നീ പറഞ്ഞു

 

കളിയോ കളവോ നീ പറഞ്ഞു ഞാൻ
കരയുമ്പോൾ കടമിഴി പവിഴമെന്നും
ചിരിക്കുമ്പോൾ നുണക്കുഴി മണിമുത്തെന്നും പിന്നെ
പിണങ്ങുമ്പോൾ അഴകേഴും തളിർക്കുമെന്നും
കളിയോ കളവോ നീ പറഞ്ഞു

ഒരു ഞെട്ടിലിരു പൂ പോൽ ചിരിക്കുമെന്നും ഇണ
ക്കുരുവികളായ് നാം പറക്കുമെന്നും
ഒരു കൊച്ചു കൂട്ടിനുള്ളിൽ മയങ്ങുമെന്നും പിന്നെ
ഇരുളിലും സ്വപ്നങ്ങൾ തിളങ്ങുമെന്നും
കളിയോ കളവോ നീ പറഞ്ഞു

നിഴലുകൾ കണ്ണു കാണാതിഴഞ്ഞു നീങ്ങും ഏതോ
നിശയുടെ താഴ്വരയിൽ ഞാനിരുന്നു
നിറനിലാവെളിച്ചമായി നീയണഞ്ഞു ദിവ്യ
നിമിഷങ്ങളായി കാലം തളിർത്തു നിന്നു
കളിയോ കളവോ നീ പറഞ്ഞു

ശാരികേ നീയുറങ്ങീലേ

 

 

ശാരികേ നീയുറങ്ങീലേ
ശാലീനമധുരമാമീ നിശാവേളയിലെൻ
ശാരികേ നീയുറങ്ങീലേ

ഏതു കിനാവിന്റെ കതിരണിപ്പാടങ്ങളിൽ
ഏകതന്തിയാം മണിവീണ മീട്ടി
ഉണർന്നിരിപ്പൂ ഏതോ നിർവൃതികൾ നീ
പുണർന്നിരിപ്പൂ സഖീ പുണർന്നിരിപ്പൂ

ഏടലർ മൊട്ടുകളാൽ തിരിവിളക്കൊളി ചൂടും
ഏതു ലതാഗൃഹഗോപുരത്തിൽ
മറന്നിരിപ്പൂ സ്വപ്നലഹരികളിൽ നീ
മറന്നിരിപ്പൂ നിന്നെ മറന്നിരിപ്പൂ

ഏതൊരു കാവ്യത്തിന്റെ അക്ഷരച്ചെപ്പുകളിൽ
ചേതോഹരീ നീ ഒളിഞ്ഞിരിപ്പൂ
പറന്നു വരൂ തെന്നൽ ചിറകുകളിൽ നീ
പറന്നു വരൂ എന്നെ പുണർന്നു പോകൂ

ചിലമ്പു ചാർത്തി

 

ചിലമ്പു ചാർത്തി ചിരിച്ചു തുള്ളും
ചിത്രവർണ്ണപതംഗമേ
നിന്നെ കൂട്ടിലടച്ചു ഞാനൊരു
സ്വർണ്ണക്കൂട്ടിലടച്ചല്ലോ

കണ്ടു നിന്നവർ ചോദിച്ചു നീ
പൊന്നു കൊടുത്തോ വാങ്ങിച്ചു
പൊന്നു കൊടുത്താൽ കിട്ടില്ലാ ഈ
നെഞ്ചിൽ ചായും പൈങ്കിളിയെ എൻ
നെഞ്ചിൽ പാടും പൈങ്കിളിയെ

ചന്തം കണ്ടവർ ചോദിച്ചു
പിന്നെന്തു കൊടുത്തിതു വാങ്ങിച്ചു
എന്റെ നെഞ്ചിലെ മാണിക്ക്യക്കനിയല്ലാ
തെന്തു കൊടുക്കും ഞാൻ

പൊന്നിനു വാങ്ങാൻ കിട്ടില്ല
ഈ പെണ്ണിൻ കരളിലെ മണിമുത്ത്
ആഴക്കടലിൻ ഹൃദയതലത്തിലെ
ആരും കാണാപ്പൂമുത്ത്

മണ്ണിലും വിണ്ണിലും എന്റെ മനസ്സിലും

 

മണ്ണിലും വിണ്ണിലും എന്റെ മനസ്സിലും
സ്വർണ്ണപുഷ്പങ്ങൾ വിരിഞ്ഞു
നിൻ മുഖസൗരഭ്യമാദ്യം നുകർന്നു നിൻ
നെഞ്ഞിലെച്ചൂടിലലിഞ്ഞ രാവിൽ

വാസനത്താംബൂലം നീട്ടി ഞാൻ നിന്നു
നീ വാരിപ്പുണർന്നു ചിരിച്ചു
ആടുന്ന മഞ്ചലിൽ ആ രാവിൽ നാമിണ
പ്രാവുകൾ പോൽ ചേർന്നിരുന്നു

ജാലകവാതിലിലൂടെ നിലാവൊരു
മാലതീപുഷ്പമെറിഞ്ഞു
ആതിരക്കാറ്റു പുണർന്നൊരു പൂവിന്റെ
രോമാഞ്ചമെന്നിൽ വിരിഞ്ഞു