ശാരികേ നീയുറങ്ങീലേ

 

 

ശാരികേ നീയുറങ്ങീലേ
ശാലീനമധുരമാമീ നിശാവേളയിലെൻ
ശാരികേ നീയുറങ്ങീലേ

ഏതു കിനാവിന്റെ കതിരണിപ്പാടങ്ങളിൽ
ഏകതന്തിയാം മണിവീണ മീട്ടി
ഉണർന്നിരിപ്പൂ ഏതോ നിർവൃതികൾ നീ
പുണർന്നിരിപ്പൂ സഖീ പുണർന്നിരിപ്പൂ

ഏടലർ മൊട്ടുകളാൽ തിരിവിളക്കൊളി ചൂടും
ഏതു ലതാഗൃഹഗോപുരത്തിൽ
മറന്നിരിപ്പൂ സ്വപ്നലഹരികളിൽ നീ
മറന്നിരിപ്പൂ നിന്നെ മറന്നിരിപ്പൂ

ഏതൊരു കാവ്യത്തിന്റെ അക്ഷരച്ചെപ്പുകളിൽ
ചേതോഹരീ നീ ഒളിഞ്ഞിരിപ്പൂ
പറന്നു വരൂ തെന്നൽ ചിറകുകളിൽ നീ
പറന്നു വരൂ എന്നെ പുണർന്നു പോകൂ