തമസ്സിന്റെ ദുർഗ്ഗം

 

തമസ്സിന്റെ ദുർഗ്ഗം തകർക്കും കരുത്താർന്ന
താരുണ്യമേ പാടിയുണരൂ
ഉഷസ്സിൻ കൊടിക്കൂറ നീർത്തുന്നൊരാഗ്നേയ
ലാവണ്യമേ പാടിയുണരൂ

വരൂ ഞങ്ങൾ തൻ പാനപാത്രങ്ങളിൽ നീ
വരൂ ഞങ്ങൾ തൻ പ്രാണനാളങ്ങളിൽ
വരൂ ഞങ്ങൾ തേടും പ്രഭാതങ്ങളിൽ നീ
വരൂ ഞങ്ങൾ പാടുന്നൊരീണങ്ങളിൽ

തുറക്കൂ ത്രിനേത്രം തിളയ്ക്കുന്ന തീയിൽ
ദഹിപ്പിക്കുകീ ദൈത്യദുർഗ്ഗങ്ങളാകെ
മരിക്കാത്ത മർത്ത്യാഭിലാഷങ്ങളെന്നും
തളിർക്കട്ടെ നിൻ തേരുൾപ്പാട്ടു കേൾക്കെ

വിശപ്പിന്നടുപ്പിൽ ദഹിക്കും മനുഷ്യൻ
വിളിക്കുന്നു നിന്നെ വിളിക്കുന്നു വീണ്ടും
വിലങ്ങിന്റെ താളം പിഴയ്ക്കുന്ന മണ്ണിൽ
വിടർത്തൂ പ്രഭാതം പ്രമുക്തിപ്രഭാതം