തന്നന്നം താനന്നം താളത്തിലാടി

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികൾ
ഒന്നാനാം കുന്നിന്റെയോമനകൾ
കാടിന്റെ കിങ്ങിണികൾ (തന്നന്നം...)

കിരുകിരെ പുന്നാ‍രത്തേൻ മൊഴിയോ
കരളിലെ കുങ്കുമപ്പൂമ്പൊടിയോ
കളിയാടും കാറ്റിന്റെ കൈയ്യിൽ വീണു
കുളിരോടു കുളിരെങ്ങും തൂകി നിന്നു
ഒരു പൂവിൽ നിന്നവർ തേൻ നുകർന്നു
ഒരു കനി പങ്കു വെച്ചവർ നുകർന്നു
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങൾ പൂവിടും നാൾ
കൂടൊന്നു കൂട്ടാൻ നാരുകൾ തേടി
ആൺകിളിയെങ്ങോ പോയി
ദൂരേ ദൂരേ
പെൺ കിളി കാത്തിരുന്നു 

ഒരു പിടി ചുള്ളിയും തേൻ തിനയും
തിരയുമാ പാവമാമാൺ കിളിയോ
വനവേടൻ വീശിയ വലയിൽ വീണു
മണിമുത്ത് മുള്ളിൽ ഞെരിഞ്ഞു താണൂ
ഒരു കൊച്ചു സ്വപ്നത്തിൻ പൂ വിടർന്നാൽ
ഒരു കൊടും കാട്ടിലതാരറിയാൻ
ഒരു കുഞ്ഞുമെഴുതിരിയുരുകും പോലെ
കരയുമാ പെൺകിളി കാത്തിരുന്നു
ആയിരം കാതം ദൂരെയിരുന്നാ
ആൺകിളി എന്തേ ചൊല്ലീ
ദൂരേ ദൂരേ
പെൺ കിളി കാത്തിരുന്നു  (തന്നന്നം..)

-------------------------------------------------------------------