ചലച്ചിത്ര പിന്നണിഗായിക. ആർ സി തമ്പിയുടെയും സുകുമാരിയമ്മയുടെയും മകളായി തിരുവനന്തപുരത്തു ജനിച്ചു. സംഗീതത്തിൽ വളരെ അഭിരുചി ഉണ്ടായിരുന്ന അമ്മ ശ്രീ മലബാർ ഗോപാലൻ നായരുടെ ശിഷ്യ ആയിരുന്നു. ചെറുപ്പത്തിൽ തന്നെ, ഏകദേശം 3 വയസു മുതൽ പാട്ടിൽ അഭിരുചി പ്രകടിപ്പിച്ചു തുടങ്ങിയ അമ്പിളിയെ അമ്മയാണ് ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നത്. ആകാശവാണിയിൽ സംഗീതജ്ഞനായിരുന്ന ശ്രീ. എസ്. രത്നാകരന്റെ കീഴിൽ ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂൾ/കോളേജ് യുവജനോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ചലച്ചിത്ര രംഗത്തു കടന്നു വരുന്നതിനായി മാതാപിതാക്കൾക്കൊപ്പം മദ്രാസിലേക്ക് താമസം മാറ്റി. അവിടെ വച്ച് ശ്രീ ദക്ഷിണാമൂർത്തിയുടെ ശിഷ്യയായി. 1970-ൽ "കരാഗ്രേ വസതേ.. എന്നു തുടങ്ങുന്ന ശബരിമല ശ്രീധർമ്മ ശാസ്ത എന്ന ചിത്രത്തിലെ ഗാനമായിരുന്നു ആദ്യം. എങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1972-ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ "ഗുരുവായൂരപ്പ്ന്റെ തിരുവമൃതേത്തിന്... എന്ന ഗാനമാണ്. കുട്ടികളുടെതുപോലെയുള്ള ശബ്ദമായതിനാൽ ബേബി സുമതിക്കുവേണ്ടി കുറെ അധികം ഗാനങ്ങൾ അമ്പിളി ആലപിച്ചു. "ഊഞ്ഞാലാ ഊഞ്ഞാലാ… എന്ന ആ മനോഹരമായ താരാട്ടു പാട്ട് വീണ്ടും പ്രഭാതം എന്ന സിനിമയ്ക്കുവേണ്ടി പാടി. പിന്നെ വളരെ ഹിറ്റായ ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്കുവേണ്ടി പാടി. ഏകദേശം നൂറ്റിയൻപതോളം ഗാനങ്ങൾ ആലപിച്ച തിനുശേഷമാണ് തേടിവരും കണ്ണുകളിൽ… എന്ന വളരെ പ്രശസ്തമായ ഗാനം അമ്പിളി പാടിയത്.
മലയാളം,തമിഴ്,ഹിന്ദി,ബംഗാളി ഭാഷകളിലായി മൂവ്വായിരത്തിലധികം ഗാനങ്ങൾ അമ്പിളി ആലപിച്ചിട്ടുണ്ട്. മായമ്പൂ എന്നപേരിൽ ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങിയ അമ്പിളി ആ ട്രൂപ്പുമായി നിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിയ്ക്കുന്നുണ്ട്. കൂടാതെ സംഗീത ആൽബങ്ങളും ഇറക്കുന്നുണ്ട്.
മലയാളം ഫിലിം ഡയറക്ടർ കെ ജി രാജശേഖരനാണ് അമ്പിളിയുടെ ഭർത്താവ്. രണ്ടു മക്കൾ- രാഘവേന്ദ്രൻ,രഞ്ജിനി.