മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു

മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു
കാറ്റുവന്നതു കവര്‍ന്നെടുത്തു
കണ്ടതു നമ്മള്‍ മാത്രം
മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു

സുരഭില ലതാഗൃഹത്തില്‍
സുന്ദരഛായാതലത്തില്‍
മത്സഖീ നിന്‍ മടിയില്‍ മയങ്ങിഞാന്‍
മദ്ധ്യാഹ്ന സ്വപ്നത്തെ പുണര്‍ന്നപ്പോള്‍
മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു

ഉപവനപൊയ്കതന്‍ നടുവില്‍
ഉല്ലാസനൌകതന്‍ പടിയില്‍
സ്വപ്നസഖീ നിന്‍ ഗാനം കേട്ടു ഞാന്‍
സ്വര്‍ഗ്ഗീയലഹരിയില്‍ അലിഞ്ഞപ്പോള്‍

അനുരാഗമാലിനിക്കരികില്‍
ആശതന്‍ കദളീവനിയില്‍
നളിനമുഖീ നിന്‍ കവിളിലെന്‍ കൈവിരല്‍
നവനവചിത്രങ്ങള്‍ എഴുതുമ്പോള്‍

മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു
കാറ്റുവന്നതു കവര്‍ന്നെടുത്തു
കണ്ടതു നമ്മള്‍ മാത്രം
കണ്ടതു നമ്മള്‍ മാത്രം