- അബ്ദുൾ ഖാദർ എന്നൊരു സുന്ദരനെ നായകനാക്കി അവതരിപ്പിച്ചു പോൾ കല്ലിങ്കലും എസ്. എൻ. ചാരിയും. ഷേക്സ്പിയർ നാടകങ്ങളിൽ തിളങ്ങിയിരുന്നു ഈ ചെറുപ്പക്കാരൻ. മലയാളസിനിമാചരിത്രത്തിലെ ഒരു നിർണ്ണായകമുഹൂർത്തമാണ് ഇവിടെ കുറിക്കപ്പെട്ടത് എന്ന് ആരും കരുതിയില്ല. അനന്യമായ ഒരു രൂപചാരുത ഈ നടനുള്ളത്-വളരെ ചെറുപ്പം തോന്നിയ്ക്കുന്ന മുഖവും ആകാരവും- സിനിക്ക് ശ്രദ്ധിച്ചിരുന്നു.
- സിനിക്ക് ഇങ്ങനെയെഴുതി :“ അബ്ദുൾഖാദറിന്റെ നല്ലമുഖവും സ്വാഭാവികമായ സംഭാഷണരീതിയും നിയന്ത്രിതമായ അഭിനയവും ഒരു വിദഗ്ധസംവിധായ്കന്റെ കയ്യിൽ ശോഭിയ്ക്കാവുന്നതാണ്. ഒന്നുമാത്രം: ഒരു നായകനുവേണ്ടത്ര പ്രായപൂർത്തി തോന്നിയ്ക്കുന്നില്ല അബ്ദുൽ ഖാദറിന്റെ കൊച്ചുവദനം. പ്രകൃത കഥയിൽ അനുജത്തിയായ രേവതിയ്ക്ക് അദ്ദേഹത്തിന്റെ അമ്മയാവാനുള്ള പ്രായം തോന്നും.ഭാര്യയായഭിനയിക്കുന്ന കോമളത്തിനു ജേഷ്ഠസഹോദരിയുടെ മട്ടുണ്ട്.”
- ഈ വൈയക്തികസ്ഥിതിവിശേഷം “നിത്യഹരിത” എന്നൊരു ബിരുദം ഇദ്ദേഹത്തിനു ചാർത്തിക്കൊടുത്തു.
- അടുത്ത സിനിമയായ ‘വിശപ്പിന്റെ വിളി’ യിൽ നായകവേഷം ചെയ്തപ്പോൾ ഈ നടനു തിക്കുറിശ്ശി ഗ്ലാമറസ് ആയ ഒരു പേരു സമ്മാനിച്ചു-പ്രേംനസീർ.
- പ്രേംനസീറിന്റെ ആദ്യത്തെ പാട്ടു - “ ഓ മറയാതെയീ.....”- പാടിയത് അത്ര അറിയപ്പെട്ട ഗായകനല്ല- സെബാസ്റ്റ്യൻ ജോസഫ്.
- പതിവനുസരിച്ച് രണ്ട് നാടകങ്ങളൂണ്ട് ഈ ചിത്രത്തിൽ. ഒന്ന് ഷേക്സ്പിയറുടെ ജൂലിയസ് സീസറിലെ മാർക് ആന്റണി പ്രസംഗിയ്ക്കുന്നഭാഗം ഇംഗ്ലീഷിൽ തന്നെ. മറ്റൊന്ന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തശേഷം ഭ്രാന്തനായിച്ചമയുന്നത്.
- സിനിമയെപ്പറ്റി സിനിക്കിനു പറയാനുള്ളത് ഇതാണ്: “....’മരുമകൾ’ നിർമ്മിച്ചവരുടെ സംസ്കാരശൂന്യതമൂലം കേരളീയരൊട്ടാകെ മറുനാട്ടുകാരുടെ മുൻപിൽ ലജ്ജിക്കേണ്ടി വന്നിരിക്കുന്നു”.
ഭാര്യ കല്യാണിയമ്മയ്ക്ക് അശേഷം രുചിച്ചില്ലെങ്കിലും ശാന്തിഭവനത്തിലെ മാധവൻ പിള്ള രക്ഷിതാവായിരുന്ന ശങ്കുപ്പിള്ളയുടെ മകൾ രമയെ മകൻ രവിയ്ക്ക് വിവാഹം ചെയ്തു കൊടുത്തു.രവി ഗവേഷണത്തിനു ബോംബേയ്ക്കു പോയതോടെ അമ്മായിഅയമ്മയും നാത്തൂനും കൂടി രമയെ കണക്കറ്റു ദ്രോഹിച്ചു. ധൂർത്തനും ദുർമ്മാർഗ്ഗിയുമെങ്കിലും സുന്ദരനും സമർത്ഥനുമായ ഗോപി മകൾ വിമലയുടെ ഭർത്താവായി പരിണമിക്കട്ടെ എന്നു കരുതി അവനെ വിമലയുമായി സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചിരിക്കുകയാണ് കല്യാണിയമ്മ. പെൺകൊതിയനായ ഗോപി ശാന്തിഭവനത്തിലെ സ്വത്തെടുത്ത് ഒരു സിനിമാക്കമ്പനി തുടങ്ങാനെന്ന വ്യാജേന ചില ഏർപാടുകൾ തുടങ്ങി, തന്റെ കാമാർത്ത്യ്ക്ക് ശമനം നൽകാൻ. തന്റെ വരുതിയിൽ വരുന്നില്ലെന്നറിഞ്ഞ് രമയെപ്പറ്റി അപവാദങ്ങളുണ്ടാക്കി അയാൾ- കാര്യസ്ഥൻ ഗോപാലൻ നായരുമായി അവൾക്ക് അടുപ്പമുണ്ടെന്ന്. ബോംബേയിൽ സഹഗവേഷകയായ മാധുരിയുടെ പ്രണയാാഭ്യർത്ഥനകൾ നിരസിച്ചു പോന്ന രവിയെ രമ ആരുടെയോ കൂടെ നിൽക്കുന്ന ഫോട്ടോ എത്തിച്ച് തെറ്റിദ്ധരിപ്പിച്ചു ഗോപി. കോപാകുലനായി രവി നാട്ടിലെത്തി. രമയേ ബലാൽക്കാരം ചെയ്യാൻ ശ്രമിക്കുന്ന ഗോപിയുടെ തനിനിറം മനസ്സിലാക്കിയ വിമല അവിടെ ഒരു കോളിളക്കം ഉണ്ടാക്കി. ശാന്തിഭവനത്തിൽ നിന്നും നിഷ്കാസിതനായ ഗോപി പ്രതികാരവാഞ്ഛയോടെ റിവോൾവറുമായി പ്രത്യക്ഷപ്പെട്ടു, വിമല അതിനിരയായി മരിച്ചു. കാര്യങ്ളുങ്ടെ നിജസ്ഥിതി മനസ്സിലാക്കിയ അമ്മായിയമ്മ പശ്ചാത്താപഗ്രസ്തയായി, രവിയും രമയും സ്നേഹത്തോടെ ശിഷ്ടകാലം ജീവിച്ചു.