സിനിക്ക് തന്റെ നിരൂപണത്തിൽ ഇങ്ങനെ എഴുതുന്നു: ”സ്നേഹിക്കപ്പെടാൻ പാകത്തിൽ രണ്ട് ഇൻസ്റ്റാൾമെന്റിലായി രണ്ടു കുട്ടികൾ. സ്നേഹിക്കാൻ തയാറായ രണ്ട് അമ്മമാർ. ത്യാഗത്തിനു തയാറായ രണ്ട് ഭർത്താക്കന്മാർ. രണ്ടു പ്രസവം. രണ്ടു മയ്യത്ത്. അഹോ! എന്തൊരുജ്വലമായ ഇരട്ട പ്രോഗ്രാമാണ് ഈ “തങ്കക്കുടം” നമുക്ക് കാഴ്ച്ച വച്ചിരിക്കുന്നത്!“
കുഞ്ഞാത്തുമ്മയുടെ മക്കൾ കബീറും സുഹ്രയും മദ്രാസിൽ പഠിക്കാനെത്തി. സുഹ്ര ഒസ്സാന്റെ മകൻ കാദറുമായി പ്രണയത്തിലാകുന്നു. ഉമ്മ സമ്മതിക്കുകയില്ലെന്ന് ഭയന്ന് കബീർ സുഹ്രയുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു. സൈക്കിൾ അപകടത്തിൽ കാദർ മരിച്ചു, സുഹ്ര ഒരു കുഞ്ഞിനെ പ്രസവിച്ചു. ഉമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞ് കബീറും സുഹ്രയും നാട്ടിലേക്ക് തിരിച്ചപ്പോൾ കുഞ്ഞിനെ ജോണീ എന്നൊരു സുഹൃത്തിനെ ഏൽപ്പിച്ചു. നാട്ടിൽ വച്ച് സുഹ്രയുടെ രണ്ടാം വിവാഹം നടന്നു-ജമാൽ ആണു വരൻ. കബീറിന്റെ കല്യാണവും കഴിഞ്ഞു. ഷ്രയുടെ മകൻ താജു ജോണിയോടൊപ്പം വളരുന്നു. അവനു പനിയാണെന്നറിഞ്ഞ കബീർ അവനെ ശുശ്രൂഷിക്കാനെത്തി. ഭാര്യ സംശയിച്ചത് കബീറിനു ജോണിയുടെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നാണ്. കബീർ കഥകളെല്ലാം അവളോട് പറഞ്ഞു. അവൾ ശാന്തയായി, താജുവിനെ വളർത്താൻ തയാറായി. എന്നാൽ താജു പെട്ടെന്ന് മരിച്ചപ്പോൾ ഗർഭവതിയായ ഭാര്യ അവനെ കൊന്നതാണെന്ന് കബീർ അധിഷേപിച്ചു. അവൾ ഭ്രാന്തിയായി. ഭ്രാന്താലയത്തിൽ വച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ സ്നേഹവാനായ ഒരു ഡോക്ടറാണു വളർത്തുന്നത്. ജമാൽ സുഹ്രയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കാൻ തുനിഞ്ഞപ്പോൾ നേരത്തെ ഒന്നു പ്രസവിച്ചതാണെന്നു കണ്ടുപിടിയ്ക്കപ്പെട്ടേയ്ക്കുമെന്നു കരുതി ആത്മഹത്യക്ക് ശ്രമിച്ചു. ഡോക്ക്ടർ തക്ക സമയത്ത് അവളെ രക്ഷപ്പെടുത്തി. കബീറിന്റെ കുട്ടിയെ അവൾക്ക് സമ്മാനിച്ചു. സുഹ്രയെ അന്വേഷിച്ച കബീർ പാർക്കിൽ വച്ച് ഈ കുട്ടിയെക്കണ്ട് വെറുതേ അവന്റെ വീട്ടിലെത്തുമ്പോൾ അവിടെ സുഹ്രയെ കണ്ടു. സുഹ്ര വീണ്ടും വഴിപിഴച്ചെന്നു കരുതി കബീർ അവളെ അടിയ്ക്കുമ്പോൾ ഡോക്ടർ കഥകളെല്ലാം പറയുന്നു. കുട്ടിയുടെ യഥാർത്ഥ അമ്മയെ കാണാൻ എല്ലാവരും കൂടി ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ കബീറിന്റെ ഭാര്യ ഷോക്കേറ്റ് നിലം പതിച്ചു. അതോടെ അവളുടെ ഭ്രാന്തു മാറി. പക്ഷേ കുട്ടിയെ വിട്ടുപിരിയാൻ സുഹ്രയ്ക്കും അവന്റെ അമ്മയ്ക്കും വയ്യ. സ്നേഹസമ്പന്നനായ ജമാൽ കഥയൊക്കെ അറിഞ്ഞ് സുഹ്രയെ കൂട്ടിക്കൊണ്ടു പോയി. കുട്ടിയെ കാണാഞ്ഞ് സുഹ്ര രോഗവതിയായി. കുട്ടിയും അതീവ രോഗാതുരനായി. കുട്ടിയേയും കൂട്ടി കബീറും ഭാര്യയും സുഹ്രയുടെ വീട്ടിൽ എത്തിയപ്പോൾ അവൾ മരിച്ചു. പെട്ടെന്ന് കുട്ടിയുടെ അസുഖം മാറി.