രാമൻ നായരും കുറുപ്പും അയൽവാസികൾ ആണെങ്കിലും എന്നും കലഹത്തിലാണ്. കുറുപ്പിന്റെ മകനും പോലീസ് കോണ്‍സ്റ്റബിളുമായ കേശവ കുറുപ്പും നായരുടെ മകൾ തങ്കമണിയും തമ്മിൽ അടുപ്പത്തിലാണ്. രാമൻ നായരുടെ മകൻ ഉണ്ണി പട്ടാളത്തിൽ ചേരുവാൻ ട്രെയിനിംഗിനു പോകുന്നു. എന്നാൽ ആദ്യ പോസ്റ്റിംഗ് പഞ്ചാബിൽ ആണെന്ന് അറിയുന്ന അയാൾ ഭ്രാന്തഭിനയിച്ച് അവിടെ നിന്നും രക്ഷപ്പെടുന്നു. നാട്ടിലെ ഉണ്ണിയുടെ സുഹൃത്തും തട്ടിപ്പുകാരനുമായ വേലപ്പാനായിരുന്നു ആ ബുദ്ധിയുടെ പിറകിൽ. നാട്ടിലെത്തിയിട്ടും ഉണ്ണി ഭ്രാന്തഭിനയം തുടരുന്നു. തന്റെ സഹോദരിയുമായി കേശവ കുറുപ്പ് സംസാരിക്കുന്നത് കാണുന്ന ഉണ്ണി, അയാളെ മർദ്ദിക്കുന്നു. അടുത്ത ദിവസം ഉണ്ണിയും വേലപ്പനും തമ്മിൽ സംസാരിക്കുന്നത് കേൾക്കുന്ന കേശവ കുറുപ്പ്, ഉണ്ണിയുടെ ഭ്രാന്ത് അഭിനയമാണെന്നും അത് താൻ റിപ്പോർട്ട് ചെയ്യുമെന്നും പറയുന്നു. ഉണ്ണിയും വേലപ്പനും നാടു വിടുന്നു.
പട്ടണത്തിലെത്തുന്ന അവർ വേലപ്പന്റെ സുഹൃത്തായ കോയയെ ചെന്ന് കാണുന്നു. ഗ്യാസ് എജൻസി നടത്തുന്ന അയാൾ, തന്റെ ജോലിക്കാരനായ മാത്തുക്കുട്ടിയുടെ കയ്യിലിരിപ്പ് കാരണം ചീത്തവിളി കേട്ടു കൊണ്ടിരിക്കയാണ്. കോയ അവരെ രണ്ടു പേരെയും മാത്തുക്കുട്ടിക്കൊപ്പം ജോലിക്ക് നിയമിക്കുന്നു. ഉണ്ണിയും വേലപ്പനും കൂടി മാത്തുക്കുട്ടിയെ ഒതുക്കുന്നു. ഒരിക്കൽ ഒരു സ്റ്റൗവ് നന്നാക്കാൻ പോകുമ്പോൾ അവർ മമ്മി എന്ന് വിളിക്കുന്ന ഒരു സ്ത്രീയെ പരിചയപ്പെടുന്നു. അവരുമായി സൗഹൃദത്തിലാകുന്ന ഉണ്ണിയെയും വേലപ്പനേയും അവർ അവരുടെ പിറന്നാളിന് ക്ഷണിക്കുന്നു. എന്നാൽ ആ ദിവസം മുതൽ അവരെ കാണാതാകുന്നു. ഉണ്ണിയും വേലപ്പനും ആ വീട്ടിൽ താമസമാക്കുന്നു. മമ്മിയുടെ മകളാണ് താൻ എന്ന് പറഞ്ഞു മീര എന്നൊരു ഒരു പെണ്‍കുട്ടിയും കൂട്ടുകാരിയും അവിടെ താമസിക്കാൻ വരുന്നു. എന്നാൽ അവരും മമ്മിയുടെ പരിചയക്കാർ മാത്രമാണെന്ന് ഉണ്ണി മനസ്സിലാക്കുന്നു. അതിനിടയിൽ ഒരാൾ അവരുടെ വീട്ടിലും ഗ്യാസ് എജൻസിയിലും വന്ന് അവരെ ഭീഷണിപ്പെടുത്തുകയും, ആ വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ആ സമയം ഉണ്ണിയുടെ അച്ഛന്റെ നിർദ്ദേശപ്രകാരം ഉണ്ണിയെ അന്വേഷിച്ച് കേശവ കുറുപ്പ് പട്ടണത്തിൽ എത്തുന്നു.
ഉണ്ണിയേയും വേലപ്പനേയും ഭീഷണിപ്പെടുത്തിയത് മമ്മിയുടെ ഭർത്താവിനു മറ്റൊരു സ്ത്രീയിലുണ്ടായ മകനായിരുന്നു. അയാൾ സ്വത്തിനു വേണ്ടി മമ്മിയുടെ ഭർത്താവിനെ കൊലപ്പെടുത്തി. മമ്മിയെ തട്ടിക്കൊണ്ട് പോയതും അതിനായായിരുന്നു. അയാളുടെ ആളുകൾ മീരയെ തട്ടിക്കൊണ്ട് പോകാൻ നോക്കുന്നു. തടയാൻ ശ്രമിക്കുന്ന ഉണ്ണിയേയും വേലപ്പനേയും അവർ ആക്രമിക്കുന്നുവെങ്കിലും കേശവ കുറുപ്പും കൂടി എത്തുന്നതോടെ അവർ രക്ഷപ്പെടുന്നു. പിന്നീടവർ വീട്ടിൽ വരികയും വീട്ടിലിരുന്ന മുദ്രപത്രങ്ങൾ എടുത്ത് രക്ഷപ്പെടുകയു ചെയ്യുന്നു. അവരെ പിന്തുടരുന്ന ഉണ്ണിയും സംഘവും ഒരു സംഘട്ടനത്തിനൊടുവിൽ മമ്മിയെ രക്ഷിക്കുന്നു.