ഒഴിമുറി: എഴുത്തുകാരന്റെ കഴിഞ്ഞകാലത്തിനൊരു തിരുത്ത്

 

ജയമോഹൻ ഭാഷാപോഷിണിയിൽ എഴുതിയ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ ഉറവിടങ്ങൾ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിക്ഷൻ തോറ്റുപോകുന്ന അനുഭവങ്ങളുടെ ഒരു കടൽ തന്നെ കാണാം അതിലൊക്കെയും. ചുള്ളിക്കാടിന്റെ ചിദംബരസ്മരണയെ ഓർമ്മിപ്പിക്കുന്ന ലാളിത്യമുണ്ട് ആ ഭാഷയ്ക്ക്. ഒപ്പം ഭംഗിയുള്ള രൂപകങ്ങളും. വായിക്കുന്തോറും എഴുത്തിനോടും എഴുത്തുകാരനോടും ഇഷ്ടം കൂടിവരും. ഇതൊക്കെയാവണം മധുപാലിനെ ഇങ്ങനെയൊരു സിനിമ ചെയ്യണം എന്നുപറഞ്ഞ് ജയമോഹനിലേക്ക് എത്തിച്ചത്!

തന്റെ ഭൂതകാലത്തിലെ ചില തെറ്റിയ കണക്കുകൾ തിരുത്താൻ ജയമോഹൻ ആ അവസരം വിനിയോഗിച്ചു എന്നുവേണം കരുതാൻ. ഒരുപക്ഷെ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യില്ലായിരുന്നു എന്ന് കഥാകൃത്തിനിപ്പോൾ തോന്നുന്നു. അങ്ങനെ ഒഴിമുറിയുണ്ടായി.

ozhimuri-m3db4.jpg

ഉറവിടങ്ങൾ എന്ന പുസ്തകത്തിലെ എന്നിരിക്കിലും എന്ന അദ്ധ്യായത്തിലുള്ള സംഭവങ്ങളാണ് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ഒഴിമുറിയിൽ വരച്ചിടുന്നത്. അതിൽ, പങ്കുവെയ്ക്കപ്പെട്ട ഒരു നാടിന്റെ ചരിത്രമുണ്ട്, അവിടുത്തെ ആളുകളുടെ ജീവിതമുണ്ട്, സംസ്കാരമുണ്ട്, ഭാഷയുണ്ട് അതിലെല്ലാമുപരി ഇവയൊക്കെയും നേരിട്ട് നിന്ന് വീക്ഷിച്ച ഒരു എഴുത്തുകാരന്റെ അനുഭവമുണ്ട്. തമിഴും മലയാളവും ഇടകലർന്ന ടൈറ്റിൽ ഗാനത്തിലൂടെ തന്നെ ചിത്രത്തിന്റെ സാംസ്കാരിക ഇടം വരച്ചിടുന്നുണ്ട്. അതിന്റെ രചനയും തിരക്കഥാകൃത്ത് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

മീനാക്ഷിയമ്മ താണുപിള്ളയ്ക്കെതിരെ കൊടുത്ത ഒരു ഒഴിമുറി പരാതിയിലൂടെയാണ് ഈ സിനിമ നമ്മേ കൊണ്ടുപോകുന്നത്. ആ യാത്രയിൽ കഥാപാത്രങ്ങളുടെ ഓർമ്മകൾ കൂട്ടുവരുന്നു. ഒരു സ്ത്രീയുടെ സ്വത്വാന്വേഷണമാണ് അതിലൂടെ പൂർത്തീകരിക്കുന്നത്.

പ്രധാനവേഷങ്ങളിലെത്തിയ ലാൽ, മല്ലിക, ശ്വേതാ മേനോൻ എന്നിവരുടെ പ്രകടനം മികച്ചുനിന്നു. ആസിഫ് അലിയും ഭാവനയും മറ്റു നടീനടന്മാരും മോശമാക്കിയില്ല. സാങ്കേതിക വിഭാഗങ്ങളും അവരുടെ ജോലികൾ നന്നായി ചെയ്തിട്ടുണ്ട്.

നല്ലൊരു തിരക്കഥയെ വാണിജ്യപരമായ വിട്ടുവീഴ്ചകൾ ചെയ്യാതെ തികഞ്ഞ സത്യസന്ധതയോടെ ചിത്രീകരിക്കുമ്പോഴും പരിചയക്കുറവിന്റെ ചില പ്രശ്നങ്ങൾ മധുപാലിന്റെ സംവിധാനത്തിൽ കാണാം. പക്ഷെ അതൊന്നും വലിയ പരുക്കേൽപ്പിക്കുന്നില്ല എന്നതൊരാശ്വാസമാണ്.

ഒരു നാടിനെയും കാലത്തെയും അടയാളപ്പെടുത്തുന്നതിനൊപ്പം ഒരെഴുത്തുകാരന്റെ പേഴ്സണൽ സിനിമ കൂടിയാണ് ഒഴിമുറി. അതുകൊണ്ടുതന്നെയാണ് ഈ ചിത്രം ഹൃദയത്തെ സ്പർശിക്കുന്നതും.

വാൽക്കഷ്ണം: കൊച്ചുപ്രേമൻ ചെയ്ത റോൾ ജഗതി ശ്രീകുമാർ ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നു തോന്നി.