ഒഴിമുറി - സിനിമാ റിവ്യൂ

Submitted by nanz on Sat, 09/08/2012 - 10:32
ozhimuri movie

2008ൽ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സംവിധായകൻ മധുപാലിന്റെ രണ്ടാമത്തെ സിനിമയായ “ഒഴിമുറി”യിൽ സംസ്ഥാന -ദേശീയ പുരസ്കാരങ്ങൾ നേടിയ ലാൽ, ശ്വേതാമേനോൻ, മല്ലിക എന്നിവർ പ്രധാനവേഷങ്ങണിയുന്നു എന്നൊരു പ്രത്യേകയുണ്ട്.  ‘അങ്ങാടിത്തെരു‘, ‘നാൻ കടവുൾ‘, തുടങ്ങിയ തമിഴ് ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയ തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹൻ തിരക്കഥയെഴുതുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഭാഷാപോഷിണി വാരികയിൽ വന്ന ജയമോഹന്റെ ഓർമ്മക്കുറിപ്പുകളുടെ സമാ‍ഹാ‍രമായ ‘ഉറവിടങ്ങളി’ലെ ‘എന്നിരിക്കിലും’ എന്ന സ്വാനുഭവം കൂടിയായ ഒരു ഓർമ്മക്കുറിപ്പാണ് ‘ഒഴിമുറി’ സിനിമയായി വികസിപ്പിച്ചിരിക്കുന്നത്.

പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തിരുവനന്തപുരം തെക്കൻ പ്രദേശങ്ങളിലാണ്  ഒഴിമുറിയുടെ കഥ നടക്കുന്നത്. തമിഴ് നാടിന്റെ ഭാഗമാണെങ്കിലും ഇപ്പോഴും മനസ്സുകൊണ്ടും പഴയ രാജഭക്തികൊണ്ടും തിരുവിതാംകൂറിനോട് അടുപ്പമുള്ള മലയാളികളൂടെ ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റേയും ഭാഷയുടേയുമൊക്കെ സമ്മിശ്രഭാവമാണ് ഒഴിമുറി. കുടുംബങ്ങളിൽ സ്ത്രീകൾക്ക്  പ്രാധ്യാന്യമുണ്ടായിരുന്ന പഴയ മരുമക്കാത്തായ സമ്പ്രദായവും സ്ത്രീകളുടെ അധികാരവും പിന്നീടുവന്ന മക്കത്തായ സമ്പ്രദായവുമൊക്കെ കഥാപാത്രങ്ങളുടെ ഓർമ്മകളിലൂടെ ദൃശ്യവൽക്കരിക്കുന്നുണ്ട്. തെക്കൻ തിരുവിതാംകൂറിൽ പ്രബലമായ നായർ - നാടാർ സമുദായത്തിന്റെ ജീവിതരീതികളുമായും സിനിമ ബന്ധപ്പെട്ട് കിടക്കുന്നു. ഒരു പ്രദേശത്തിന്റെ/കാലഘട്ടത്തിന്റെ പരിച്ഛേദം കൂടിയാണ് ‘ഒഴിമുറി’. 

എഴുപത്തിയൊന്ന് വയസ്സായ തെങ്ങുമ്പുരവീട്ടിൽ താണുപിള്ളയും(ലാൽ) അമ്പത്തഞ്ചു വയസ്സായ മീനാക്ഷിയമ്മ(മല്ലിക)യുടേയും ഒഴിമുറി കേസും അവരുടേ ഭൂതകാലവുമാണ് സിനിമയുടെ മുഖ്യപ്രമേയം. താണുപിള്ളയിൽ നിന്ന് ഒഴിമുറി ആവശ്യപ്പെടുന്നതും ഒഴിമുറി പെറ്റീഷൻ കൊടുത്തതും മീനാക്ഷിയമ്മയാണ്.

സിനിമയുടെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് പോകുക.

ഒഴിമുറി ഒരു എഴുത്തുകാരന്റെ സിനിമയാണെന്ന് പറയാം. തിരക്കഥാകൃത്ത് ജയമോഹന്റെ രചനാ വൈഭവം ഒരു നാടിനേയും കാലഘട്ടത്തേയും സംസ്ക്കാര - രീതികളേയും ഒക്കെ അനുഭവപ്പെടുത്തുന്നുണ്ട്. നായർ ജാതികളുടെ ‘മേന്മ’കളെക്കുറിച്ചു മാത്രം കേട്ടിരുന്ന നായക വാഗ് ധോരണികൾക്ക് പകരം ‘പന്തിക്ക് മുൻപിലും പടക്കു പിന്നിലു‘മായിരുന്ന പഴയ തിരുവിതാം കൂർ നായർ സമുദായത്തിന്റെ പൊങ്ങച്ച രീതികളും ‘രാജഭക്തി’യും മറ്റും ഏറെ വിമർശനത്തോടെ വരച്ചു കാണിക്കുന്നുണ്ട്. അടിമയായ ഭാര്യയല്ല സ്വതന്ത്രയായ ഒരു വ്യക്തിത്വമാണ് സ്ത്രീ എന്ന കാഴ്ചപ്പാടിലാണ് ഒഴിമുറി അവസാനിക്കുന്നതും. കൂടാതെ നാടകീയ രംഗങ്ങൾ മാത്രം അരങ്ങേറുന്ന സ്ഥിരം കോടതി സീനുകളിൽ നിന്നും മലയാള സിനിമയിലാദ്യമായി കോടതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സംവിധാനത്തിലെ പരിചയക്കുറവുകൊണ്ടാകാം മധുപാലിന് ജയമോഹന്റെ തിരക്കഥക്ക് മികച്ച പിന്തുണ നൽകാനായിട്ടില്ലെന്ന് പറയാം. മികച്ച കയ്യടക്കമോ വൈദഗ്ദ്യമോ പ്രകടിപ്പിച്ച അവസരങ്ങൾ കുറവ്. ചൂണ്ടിക്കാണിക്കാവുന്ന ചില പോരായ്മകളുമുണ്ട്. എങ്കിലും നല്ലൊരു തിരക്കഥയെ കൊമേഴ്സ്യൽ ചേരുവകളൊന്നും ചേർക്കാതെ സത്യസന്ധമായി ആവിഷ്കരിക്കാൻ ശ്രമിച്ചത് അഭിനന്ദാർഹമാണ്. സംവിധായകന്റെ പ്രതിഭ കൊണ്ടോ പരിചയം കൊണ്ടോ ഈ സിനിമയെ ഇതിലും മികച്ചൊരു അനുഭവമാക്കാൻ സാധിക്കുമായിരുന്നു. ശരത്-വക്കീൽ (ആസിഫ്-ഭാവന) ബന്ധത്തിന്റെ വളർച്ച, സിനിമയുടെ തുടക്കത്തിലെ കഥപറച്ചിൽ രീതി, വക്കീലിനു (ഭാവന)ക്ക് ഈ ഒഴിമുറി കേസിനോട് തോന്നുന്ന ഇമോഷണൽ അറ്റാച്ച് മെന്റ് ഇതൊക്കെ കൃത്യമായും വ്യക്തമായും അനുഭവവേദ്യമാക്കുന്നതിൽ സംവിധായകനു പിഴവു പറ്റിയിട്ടുണ്ട്.

2008ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ലാലിന്റെ മറ്റൊരു മികച്ച പ്രകടനമാണ് ഈ സിനിമയും. ഒരുപക്ഷെ, ഇതിലെ താണുപിള്ള ലാലിനെ മറ്റൊരു സംസ്ഥാന അവാർഡ് ജേതാവാക്കിക്കൂടെന്നില്ല, ഒരിക്കൽകൂടെ.മല്ലിക, ശ്വേതാമേനോൻ, നന്ദുലാൽ, തുടങ്ങിയവരും ഈ സിനിമക്ക് വേണ്ടി മധുപാൽ തിരഞ്ഞെടുത്ത ചില പുതുമുഖങ്ങളും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വൃദ്ധയായ കാളിപ്പിള്ളയായി ശ്വേതയും മികച്ച പ്രകടനം നടത്തി, മല്ലിക പക്ഷെ, പലയിടങ്ങളിലും കഥാപാത്രത്തെ ഉൾക്കൊള്ളുന്നതായി തോന്നിയില്ല. ഇരു കാലഘട്ടത്തിലേയും ഭാവ പകർച്ചക്ക് വേഷത്തിൽ മാത്രം (ഇടക്ക്) മാറ്റം പ്രകടമായി, പല പ്രമുഖ കഥാപാത്രങ്ങളായി തിരുവനന്തപുരം സ്വദേശികളായ നടീ നടന്മാരെ തിരഞ്ഞെടുത്തതും സംവിധായകന്റെ നല്ല തീരുമാനമാണ്. ചെറിയ വേഷങ്ങളിൽ വന്നവരൊന്നും മോശമായില്ല. ആസിഫ് അലി, ഭാവന എന്നിവർ പ്രധാന കഥാപാത്രങ്ങളായിരുന്നെങ്കിലും കിട്ടിയ അവസരം നന്നായി പ്രയോചനപ്പെടുത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടെന്നു പറയാം. ആസിഫ് അലി സംവിധായകന്റെ ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് അടിവരയിടുന്നുണ്ട്. നല്ല പ്രകടനത്തിലുള്ള എല്ലാ സാദ്ധ്യതകളുണ്ടായിട്ടും അതിനെ കൃത്യമായി ഉപയോഗിക്കുന്നതിൽ നടനും സംവിധായകനും പരാജയപ്പെട്ടു.

ബിജിപാലിന്റെ പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്. കാലഘട്ടത്തിന്റെ പശ്ചാത്തലങ്ങളുമായി കൃത്യമായി ഇണങ്ങിനിൽക്കുന്നുമുണ്ട്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതി യാസിൻ നിസാറും സൌമ്യയും പാടിയ “വാക്കിനുള്ളിലെ വിങ്ങും മൌനമേ” എന്ന ഗാനം സിനിമയിൽ നിന്നൊഴിവാക്കിയത് നന്നായി. തിരക്കഥാകൃത്ത് ജയമോഹൻ എഴുതിയ ടൈറ്റിൽ ഗാനം ഒരു പ്രദേശത്തിന്റെ ഭാഷയും രീതിയും സംസ്ക്കാ‍രവും മറ്റും പ്രതിഫലിക്കുന്നതാണ്. അഴകപ്പന്റെ ക്യാമറയും വി സാജന്റെ ചിത്രസന്നിവേശവും സിനിമക്കിണങ്ങുന്നു. രഞ്ചിത്ത് അമ്പാടിയുടേ ചമയവും എസ് ബി സതീശന്റെ വസ്ത്രാലങ്കാരവും കൊള്ളാം എന്നേ പറയാവൂ.  ചിലയിടങ്ങളിൽ വെറും ‘സിനിമാറ്റിക്കാ‘യി അനുഭവപ്പെടുന്നുണ്ട്.

തിയ്യറ്ററുകൾ ഉത്സവപ്പറമ്പുകളാക്കുന്ന പ്രേക്ഷകരെ ഉദ്ദേശിച്ചല്ല “ഒഴിമുറി” ഉണ്ടാക്കിയതെന്നു മുൻപ് പറഞ്ഞു, അതുകൊണ്ട്തന്നെ വിനോദം മാത്രം ലക്ഷ്യമിടുന്നവർക്ക് ‘ഒഴിമുറി’ ഒട്ടും വിനോദിപ്പിക്കണമെന്നില്ല. പക്ഷെ, ഒരെഴുത്തുകാരന്റെ സാന്നിദ്ധ്യം, ഇരുഭാഷയുടേയും സംസ്ക്കാരത്തിന്റേയും സാന്നിദ്ധ്യമുള്ള ഭൂമികയുടെ ഭൂത-വർത്തമാന കാലങ്ങളുടെ വരച്ച് ചേർക്കലുകളും ഓർമ്മപ്പെടുത്തലുകളും ഒക്കെ അനുഭവിക്കണമെന്നുള്ളവർക്ക് ‘ഒഴിമുറി’ ഒഴിവാക്കാനാവില്ല.

Contributors