ഓടെട ചെക്കാ ഓട് ! ('റൺ ബേബി റൺ' സിനിമാസ്വാദനം)

കാമറമാൻ വേണുവിനൊപ്പം രേണു. സന്തോഷമായി. ന്യൂജനറേഷൻ സിനിമയുടെ കുത്തൊഴുക്കിൽ പെട്ട് മലയാളമേത് മലയാളസിനിമയേത് എന്നൊക്കെ നിശ്ചം ഇല്ലാതെ കുഴങ്ങി നടക്ക്വാർന്നു ! അപ്പോഴാണ് ജോഷി സർ വന്നത് ലാലേട്ടന്റെ കയ്യും പിടിച്ച്. ഇഷ്ടായി ജോഷിച്ചേട്ടാ 'റൺ ബേബി റൺ' (ഓടെടാ ചെക്കാ ഓട്)  ഇഷ്ടായി !! ഒരു മാറ്റ്വോം വന്നിട്ടില്ലേ ജോഷിച്ചേട്ടന്? അത്യാവശ്യം ന്യൂ വേവാകാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പാരന്പര്യമൊട്ട് കൈവിട്ടിട്ടുമില്ല. സാമൂഹിക പ്രതിബദ്ധത, സമകാലീനത... ഇതിലൊക്കെ നന്നായി ഇടപെട്ടിട്ടു തന്നെയാണ് ഈ സസ്പെൻസ് ത്രില്ലർ ഒരുക്കിയതെന്ന് മനസിലായി. ശരിക്കും ഒരു കോപ്പുമില്ലാത്ത കഥ-തിരക്കഥയിൽ നിന്ന് ഫാൻസുകാരല്ലാത്തവരേയും വലുതായി  കഷ്ടപ്പെടുത്താതെ, ബോറടിപ്പിക്കാതെ (?) സിനിമയൊരുക്കിയത് ജോഷിച്ചായന്റെ മിടുക്ക് തന്നെ. പത്ര-ദൃശ്യമാധ്യമ പ്രവർത്തനത്തിന്റെ പലമുഖങ്ങൾ കാണിച്ചു കൊടുത്തതിന് കൊടുകൈ. സമ്മതിച്ചിരിക്ക്ണു !!

# കഥാസാരംറോയിറ്റേഴ്സ്, ബിബിസി തുടങ്ങിയ നിരവധി ചാനലുകൾക്കു വേണ്ടി വാർത്തകളും സംഭവങ്ങളും കവർ ചെയ്യുന്ന മിടുക്കനായ കാമറമാനാണ് വേണു (പറഞ്ഞറിവേയുള്ളൂ. സിനിമേലൊന്നും കണ്ടില്ല). ഐസ്ക്രീം കേസ് ഓർമയുണ്ടോ? അതിന്റെ നാൾവഴിയുടെ തുടക്കം അതേപടിയുണ്ട്.സ്ത്രീപീഡനത്തിൽ ആരോപണവിധേയനായ മന്ത്രി കുഞ്ഞുമൊയ്തീൻ എവിടന്നോ വന്ന് വിമാനത്താവളത്തിലിറങ്ങുന്നു. പത്ര-ചാനൽ പ്രതിനിധികളും പാർട്ടിപ്രവർത്തകരും അവിടെയുണ്ട്. പാർട്ടിക്കാരും പ്രതിഷേധക്കാരും തമ്മിൽ ഒരു സംഘട്ടനം നടക്കുമെന്ന വിചാരത്തിലാണ് ചാനലുകാർ. വലുതായി ക്ളച്ച് പിടിക്കാത്ത പുതിയ ചാനലായ എൻ.ബി.ഐക്കു വേണ്ടി ഈ സംഭവങ്ങൾ കവർ ചെയ്യാൻ എത്തുന്നത് ക്യാമറാമാൻ വേണു (മോഹൻലാൽ) ആണ്.ഇനിയാണ് ഉദാത്ത മാധ്യമപ്രവർത്തനം തുടങ്ങുന്നത്. പ്രത്യേകിച്ച് വികാസങ്ങളില്ലാതെ മന്ത്രിയുടെ പ്രസ്താവനയിൽ സംഭവം ഒതുങ്ങിത്തീരുന്നതു കണ്ട് കലിപ്പുമൂത്ത കാമറമാൻ വേണു ഒളിഞ്ഞിരുന്ന് തന്റെ ഷൂ മന്ത്രിയുടെ തോളിലേക്ക് എറിയുന്നു (റോയിറ്റേഴ്സിലൊക്കെ സ്കൂപ്പുണ്ടാക്കുന്നത് ഇങ്ങനെയാണത്രേ.) കലിപ്പിളകിയ മന്ത്രി എല്ലാ നായിന്റെമക്കളെയും അടിച്ചുനിരത്താൻ ഉത്തരവിടുന്നു. അടിപിടി, സംഘർഷം, തലപൊട്ടൽ, ലാത്തിചാർജ്... സംഭവബഹുലം. വേണുവേട്ടൻ എല്ലാ ഭംഗിയിൽ ഷൂട്ട് ചെയ്തു. അന്നത്തെ ന്യൂസ് അവറിൽ ചർച്ച ചെയ്യാൻ ചൂടേറിയ സ്റ്റോറി കിട്ടിയ സന്തോഷത്തിൽ വേണുവേട്ടനടക്കമുള്ള മാധ്യമപ്രവർത്തകർ ഓഫീസുകളിലേക്ക് മടങ്ങുന്നു. വേണുവിന്റെ ആത്മസുഹൃത്ത് ഋഷികേശാണ് എൻ.ബി.ഐയുടെ മേധാവി. അയാളുടെ വീട്ടിൽ വന്ന കൂട്ടുകാരോട് കള്ളുകുടിച്ച് കന്നം തിരിഞ്ഞ വേണുവേട്ടൻ തന്റെ മാധ്യമ പ്രവർത്തനവും പ്രണയകഥയും പറയുകയാണ്. പ്രണയകഥയിലെ നായികയാണ് ജേർണലിസ്റ്റ് ട്രെയിനിയായ രേണുക. കല്യാണം നടത്താൻ തീരുമാനിച്ചതിന്റെ തലേന്നാൾ ഒരു 'പ്രൊഫഷണൽ ചതി'യുടെ (അങ്ങനെയും ചതിയുണ്ട് മക്കളെ) പേരിൽ വേണുവും രേണുകയും തമ്മിൽ അകലുന്നു. പിന്നീട് നീണ്ട അഞ്ചു വർഷത്തിനു ശേഷം നാട്ടിലെത്തിയ വേണുവിനു വീണ്ടും രേണുകയെ കണ്ടുമുട്ടേണ്ടിവന്നു. ഇരുവരും ജീവൻ പണയം വെച്ച് നടത്തുന്ന സ്റ്റിങ്ങ് ഓപ്പറേഷനു വേണ്ടി ഒന്നിക്കുന്നു (ശരിക്കും അവരുടെ ജീവൻ പോകുന്നതാണ് നല്ലതെന്ന് തോന്നുമെങ്കിലും രണ്ടരമണിക്കൂർ സിനിമ കാണേണ്ടത് ആവശ്യമായതിനാൽ അങ്ങനെയൊക്കെ  ചിന്തിക്കുന്നത് പണനഷ്ടമുണ്ടാക്കും). വേണുവും രേണുവും മറ്റൊരു എക്സ്ക്ലൂസീവ് സ്റ്റോറി കവർ ചെയ്യാൻ പോകുകയാണ്. ഇത്രയും കഥ ഓർത്തെടുത്ത് പറഞ്ഞതിൽ അഭിമാനപുളകിതനായ എനിക്ക് പക്ഷേ തുടരാനുള്ള ശക്തിയില്ല. സിനിമ കാണാൻ ഇനിയും മുട്ടുന്നുവെങ്കിൽ അടുത്തുള്ള തിയേറ്ററിലേക്ക് വിട്ടുകൊള്ളൂ. അനുഭവിക്ക്വന്നെ വിധി. # എന്തൂട്ടാ തിരക്കഥസിനിമയായാൽ അതിലൊരു കഥ വേണം. ഇത് ഒന്നല്ല ഒരഞ്ഞൂറ് കഥകളല്ലേ. സച്ചിയുടെ എഴുത്തിനു മുന്നിൽ സാക്ഷാൽ സന്തോഷ് പണ്ഡിറ്റ് തോറ്റു തുന്നം പാടും. എന്തായാലും മച്ചു, അല്ല സച്ചു പത്രങ്ങൾ വായിക്കുന്നുണ്ട്, ടി.വിം കാണുന്നുണ്ട്. ഭൂമിയിൽ കാലുറപ്പിക്കാതെ ആകാശത്തിരുന്ന് (ദന്തഗോപുരമെന്ന് വ്യംഗ്യം) ഇത്രയും സമകാലീനവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ കഥ(കൾ) എഴുതാനാവില്ലത്രേ. # കോണോത്തിലെ മീഡിയ ആക്ടിവിസംആദ്യാവസാനം വരെ നായകനായ വേണു ചെയ്ത ധീരപ്രവർത്തികളെ വില്ലന്മാരിൽ ഒരാളായ സിദ്ദിഖ് ക്ളൈമാക്സിൽ നാറ്റിക്കുന്നത് ഏതാണ്ടിങ്ങനെയാണ്; "കുളിമുറിയിലും കിടപ്പറയിലും ഒളികാമറ വച്ച് കുറേ നാളായി നടക്കുന്നു. അവന്റെ കോണോത്തിലെ മീഡിയം ആക്ടിവിസം".-എന്താണോ എന്തോ വില്ലൻ പറഞ്ഞിട്ടു പോലും ഈ ഡയലോഗ് ശ്ശ്യ പിടിച്ചു !ചാനലുകളുടെ പ്രവർത്തനം കാണികൾക്ക് തീർച്ചയായും പുത്തൻകാഴ്ച തന്നെയായിരിക്കും. ചാനലുകൾക്കിടയിലെ കിടമത്സരങ്ങളും മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന 'പീഡനങ്ങളും' (ദൃശ്യമാധ്യമങ്ങളിലും മാറ്റമില്ല) സിനിമയിലെ അതിശയോക്തി മാറ്റി നിർത്തിയാൽ ഏതാണ്ട് സത്യം തന്നെയാണ്. സർവോപരി മാധ്യമപ്രവർത്തകരെല്ലാം മറ്റു മനുഷ്യരെ പോലെ ചെറ്റകളും തെണ്ടികളും അങ്ങേയറ്റത്തെ 'പ്രൊഫഷണലുകളു'മാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സിനിമ വിളംബരം ചെയ്യുന്നു'ണ്ടത്രേ'.  # സൈൻ ഓഫ്മോഹൻലാൽ, സായികുമാർ, അമലപോൾ, ശിവജി.... തുടങ്ങിയ നാട്യക്കാർ ബോറടിപ്പിച്ചില്ലത്രേ. ആറ്റുമണൽ പായയിൽ എന്ന പാട്ട് കൊള്ളാമായിരുന്നത്രേ. സിനിമയിൽ പക്ഷേ അതത്ര നന്നായിട്ടുമില്ലത്രേ. സ്റ്റിംഗ് ഓപ്പറേഷനും അതിനുള്ള പലവിധ കാമറകളും കണ്ട് വേണുവിനെ ശരിക്കും റോയിറ്റേഴ്സ് വിളിച്ചിട്ടുണ്ടത്രേ. ചാനലുകളുടെ ടീസറുകൾ വച്ചുള്ള ടൈറ്റിൽ കാർഡ് പ്രദർശനം കാശുചിലവില്ലാത്തതും കാണാൻ കൊള്ളാവുന്നതും ആയിരുന്നത്രേ. നവതരംഗങ്ങൾക്ക് തുരങ്കം വച്ച് മലയാള സിനിമയെ പഴേ തൊഴുത്തിൽ തന്നെ കെട്ടിയിടാൻ റൺ ബേബിക്കു കഴിഞ്ഞെന്നും പിള്ളാരുടെ സിനിമാപിടുത്തം വലിയ ചലനം ഉണ്ടാക്കിയിട്ടില്ലെന്ന് മലയാളക്കരയെ ബോധ്യപ്പെടുത്തിയതിന് ജോഷിച്ചായന് 'അമ്മ'യുടെ വക അഭിനന്ദനം ഏർപ്പെടുത്താനും ആലോചനയുണ്ടത്രേ. ആകെ മൊത്തം കാണുന്പോഴും ആലോചിക്കുന്പോഴും പടം അലന്പാണെങ്കിലും കാണാൻ ആളു കൂടുന്നത് കൊമേഴ്സ്യലായും പ്രൊഫഷണലായും സിനിമ വിജയമാണെന്നതിന് തെളിവാണത്രേ..!

                                                                                           ~ എഴുതിയത്: പി.സനിൽകുമാർ ~