സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് - സിനിമാ റിവ്യൂ

Submitted by nanz on Sat, 08/04/2012 - 10:58
Super star Santhosh pandit poster


ഓൺലൈൻ മാധ്യമത്തിലൂടേയും ചാനലിലൂടേയുമൊക്കെ ഏറെ പരിഹാസങ്ങളും ശകാരങ്ങളും കേട്ട വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ആദ്യ സിനിമയുടെ ഗാനങ്ങൾ റിലീസിനു മുൻപേ യൂ ട്യൂബിൽ പബ്ലിഷ് ചെയ്തപ്പോൾ അദ്ദേഹം കേട്ട തെറിവിളികൾക്കു കണക്കില്ല. സൃഷ്ടിയുടെ നിലവാരത്തെക്കുറിച്ച് മാത്രമായിരുന്നില്ല, പകരം സന്തോഷ് പണ്ഡിറ്റിന്റെ വേഷത്തിനും രൂപത്തിനും നിറത്തിനും വസ്ത്രധാരണത്തിനുമൊക്കെയായിരുന്നു ആളുകൾ അയാളെ തെറിവിളിച്ചത്. പക്ഷെ എല്ലാവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ‘കൃഷ്ണനും രാധയും’ എന്ന അമെച്വർ സൃഷ്ടി കേരളത്തിലെ മൂന്നു തിയ്യറ്ററുകൾ വാടകക്കെടുത്ത് പ്രദർശിപ്പിച്ച് അത്ഭുതകരമായ വാണിജ്യ വിജയം കൊയ്തു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് അതിനു മറുപടി പറഞ്ഞത്. കൃഷ്ണനും രാധയും എന്ന സിനിമയുടെ വിജയം മലയാള സിനിമാപ്രവർത്തകരേയും ചാനലുകളേയും ഒപ്പം എല്ലാ പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി എന്നത് സത്യം. ആദ്യ ചിത്രം മൂന്നു തിയ്യറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ രണ്ടാമത്തെ ചിത്രം ഇരുപതിലേറെ തിയ്യറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നു. പക്ഷെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമാ വിജയം ഒരു താൽക്കാലിക പ്രതിഭാസമായിരുന്നു എന്ന വിലയിരുത്തൽ രണ്ടാമത്തെ സിനിമ തെളിയിക്കുന്നു. ഒരു ചക്കയിട്ടപ്പോൾ മുയൽ ചത്തെന്നു കരുതി പിന്നീട് വീഴുന്ന ഓരോ ചക്കക്കും വേണ്ടി ചാവാൻ  താഴെ മുയൽ ഉണ്ടാവണമെന്നില്ലല്ലോ. പണ്ഡിറ്റിന്റെ പുതിയ സിനിമ “സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്” അതിന്റെ സൂചനയാണ്. ആദ്യസിനിമയ്ക്കുണ്ടായ ജനപ്രവാഹവും തള്ളിക്കയറ്റവും രണ്ടാമത്തെ ചിത്രത്തിനില്ല. ആദ്യ ആഴ്ചയിൽ ഹോൾഡ് ഓവറാകുന്ന ഏതൊരു സിനിമയ്ക്കും കിട്ടുന്ന പ്രേക്ഷകർ മാത്രമേ 'സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റി'നുള്ളു.

തന്റെ മുൻ സിനിമയുടെ അതേ ഫോർമുല തന്നെയാണ് രണ്ടാമത്തെ ചിത്രത്തിനും. പഞ്ച് ഡയലോഗുകൾ, ആറ് ഗാനങ്ങൾ, ആറ് സംഘട്ടനങ്ങൾ, ഓരോ സീനിലും ജിത്തുഭായി എന്ന നായകന്റെ ഉപദേശങ്ങൾ, നായകനെ സ്തുതി പറയൽ അങ്ങിനെ എല്ലാം. പ്രമേയപരമോ സാങ്കേതികമോ  അങ്ങിനെ സിനിമാകലയുടെ ലാവണ്യരീതികളൊന്നും തന്നെ പരിശോധിക്കാനും വിലയിരുത്താനുമുള്ള നിലവാരമൊന്നും ഈ അമെച്വർ സൃഷ്ടി അർഹിക്കുന്നില്ല. അതിനുള്ള ഉദ്യമമോ പരിശ്രമമോ ഈ സിനിമക്കില്ലതാനും. ആദ്യ ചിത്രവുമായി താരതമ്യം ചെയ്താൽ മുൻ ചിത്രത്തിൽ നിന്ന് ക്യാമറയും  മേക്കിങ്ങും അല്പമൊന്നു ഭേദപ്പെട്ടിട്ടുണ്ടെന്ന് പറയാം. അത്യാവശ്യം സെൻസുള്ള ഒരു ക്യാമറാമാനും അസോസിയേറ്റ് ഡയറക്ടറും സന്തോഷ് പണ്ഡിറ്റിന്റെ ഈ സിനിമക്ക് കിട്ടിയിട്ടൂണ്ടാവണം. അതിന്റെ ഒരു വ്യത്യാസം (വലിയ വ്യത്യാസം എന്നല്ല, മുൻ ചിത്രത്തിൽ നിന്നുള്ള ഒരു കൊച്ചു മാറ്റം, അല്ലാതെ ഒരു സീരിയൽ മേക്കിങ്ങിന്റെ നിലയിലേക്ക് പോലും വന്നിട്ടില്ല) ഇതിൽ കാണാം. ഒരു മണിക്കൂർ 57 മിനുട്ടുള്ള ഈ സിനിമ കാണുമ്പോൾ പ്രേക്ഷകന്റെ ജീവിതത്തിലെ എല്ലാ സമ്മർദ്ദങ്ങളും ഒഴിവായി മനസ്സ് ഫ്രീയാകുന്നു. കാരണം സന്തോഷ് പണ്ഡിറ്റെന്ന സംവിധായകൻ ഈ സിനിമയിൽ ആവിഷ്കരിക്കുന്ന എല്ലാ സംഗതികളും അത്യധികം ഗൌരവത്തൊടെയാണ്. സംഘട്ടനമായാലും സംഭാഷണമായാലും. പക്ഷെ, അതെല്ലാം പ്രേക്ഷകനു തലയറഞ്ഞു ചിരിക്കാനുള്ള വക തരുന്നു എന്നതാണ് സത്യം.

സിനിമയുടെ കഥാസാരവും മറ്റു വിശദ വിവരങ്ങളും ഡാറ്റാബേജ് പേജിൽ വായിക്കാം

ചിത്രത്തിലേയും ഒട്ടുമിക്ക വിഭാഗങ്ങളും സന്തോഷ് പണ്ഡിറ്റ് തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഒരു സംരംഭത്തിനിറങ്ങുമ്പോൾ തനിക്കറിയാത്ത മേഖലകളെക്കുറിച്ച് പഠിച്ചെടുക്കാനും പ്രയോഗിക്കാനും സാധിക്കുന്നത് അഭിനന്ദാർഹം തന്നെ, പക്ഷെ അത് തന്റെ സംരംഭത്തിനു മുതൽക്കൂട്ടാകുമോ എന്നു കൂടി ആലോചിക്കേണ്ടതാണ്. ചിത്രത്തിന്റെ ആദ്യാവസാനമുള്ള അസഹനീയമായ പശ്ച്ചാത്തല സംഗീതം, കൊച്ചുകുട്ടികളുടെ ഉന്തും തള്ളും -പിടിവലിയും പോലെയുള്ള ‘സംഘട്ടന’ങ്ങൾ, സ്ക്കൂൾ കുട്ടികളുടെ ഡാൻസ് സ്റ്റെപ്പുകൾ എന്ന് മാത്രമല്ല സന്തോഷ് പണ്ഡിറ്റ് കൈകാര്യം ചെയ്ത പല മേഖലകളും കുറഞ്ഞ പ്രതിഫലത്തിനു നന്നായി ചെയ്തു തരാൻ ഈ നാട്ടിൽ ഭേദപ്പെട്ട കലാകാരന്മാർ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടൊക്കെ ഇത് സംവിധായകൻ തന്നെ ചെയ്യുന്നു എന്നത്,  തന്റെ പേരിന്റെ മുൻപിൽ കാക്കത്തൊള്ളായിരം ക്രെഡിറ്റുകൾ എഴുതിച്ചേർക്കാനുള്ള ഒരു സ്വാർത്ഥതയായേ മനസ്സിലാകുന്നുള്ളു.

സന്തോഷ് പണ്ഡിറ്റിന്റെ രണ്ടു സിനിമകളും മലയാളത്തിലെ കൊമേഴ്സ്യൽ സിനിമകളുടെ ചേരുവകളുടെ പകർപ്പ് തന്നെയാണെന്നതിൽ സംശയമില്ല. മലയാള കച്ചവട സിനിമകളിൽ നാളിതുവരെ ചർവ്വിത ചർവ്വണം ചെയ്യപ്പെട്ട സന്ദർഭങ്ങളും കഥയും സംഭാഷണങ്ങളുമൊക്കെ പണ്ഡിറ്റിന്റെ ശൈലിയിൽ (ബോധപൂർവ്വമല്ല) ചിത്രീകരിച്ചിരിക്കുന്നു. ദേശീയ ആവാർഡ് നേടിയ മലയാള സംവിധായകന്റെ സിനിമയിൽ പോലും ലോജിക്കിന് സ്ഥാനമില്ലെന്നിരിക്കെ പണ്ഡിറ്റിന്റെ സിനിമകളിലെ ലോജിക്കും കലാ നിപുണതയുമൊക്കെ പരിശോധിക്കുന്നതും വൃഥാവ്യായാമമായിരിക്കും. ആദ്യ സിനിമക്ക് ശേഷം പണ്ഡിറ്റ് ഒരു മാർക്കറ്റിങ്ങ് പ്രഗത്ഭൻ ആണെന്നൊരു ധാരണ ഉണ്ടായിരുന്നു. എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് തന്റെ സിനിമ (അത് നന്നായാലും മോശമായാലും) പ്രേക്ഷക സമക്ഷമെത്തിക്കുന്നതിൽ അയാൾ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടാവണം, പ്രത്യേകിച്ച് മലയാളം പോലൊരു സിനിമാ ഇൻഡസ്ട്രിയിൽ. പക്ഷെ തനിക്ക് പിന്നീട് കിട്ടിയ അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ പണ്ഡിറ്റിന്റെ ഭാഗത്ത് നിന്നൊരു ശ്രമം ഇതിൽ കാണുന്നില്ല. മാജിക്കിന്റെ രഹസ്യമറിഞ്ഞാൽ അതിന്റെ കൌതുകം നഷ്ടപ്പെട്ടു എന്നപോലെ തന്റെ ആദ്യ സിനിമയുടെ വിജയം വെറും താല്ക്കാലികം മാത്രമായിരുന്നെന്നും തുടർന്ന് സിനിമകൾ ചെയ്യാൻ മാർക്കറ്റിങ്ങ് തന്ത്രങ്ങൾക്കപ്പുറം പ്രതിഭയും ക്രിയേറ്റിവിറ്റിയും സിനിമാ മേക്കിങ്ങിനെക്കുറിച്ച് മിനിമം ധാരണയെങ്കിലും വേണമെന്ന് സന്തോഷ് പണ്ഡിറ്റ് മനസ്സിലാക്കിയാൽ തുടർന്നും സിനിമകൾ ചെയ്യാം. അല്ലെങ്കിൽ ഈ രണ്ടാം സിനിമയോടെ “പണ്ഡിറ്റ് വസന്ത“മൊക്കെ അവസാനിക്കും.

വാൽക്കഷണം :- തമിഴ് നടൻ വിജയകാന്തിന്റെ സിനിമകളെ മുൻ നിർത്തി ജീവിതത്തെ നർമ്മത്തോടെ സമീപിക്കുന്നൊരു തമാശയുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്കും അത് ചേരുമെന്ന് തോന്നുന്നു. “ ജീവിതമെന്നാൽ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ പോലെയാണ്. പറയുന്നതും ചെയ്യുന്നതും വളരെ സീരിയസ്സായിട്ട്, എന്നാൽ കാണുന്നവർക്കോ മുട്ടൻ കോമഡിയും”

Contributors