പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകളുമായും താരങ്ങളില്ലാതെയും കഴിഞ്ഞ വർഷം റിലീസായ “ട്രാഫിക്” ആയിരുന്നു 2011ന്റെ തുടക്കം. അതിന്റെ വിജയത്തിൽ നിന്നാവാം കുറച്ചെങ്കിലും നല്ലതും ഭേദപ്പെട്ടതുമായ ചിത്രങ്ങൾ കഴിഞ്ഞ വർഷം മലയാളത്തിലുണ്ടായി. പക്ഷെ 2012 ലെ ഇതുവരെയുള്ള റിലീസ് ചിത്രങ്ങളിൽ ഒന്നിനുപോലും പുതുമയോ വ്യത്യസ്ഥതയോ ഉണ്ടായിരുന്നില്ല. പക്ഷെ ഈ വർഷം ഫെബ്രുവരിയിലെ ആദ്യ റിലീസായ എ ഒ പി എൽ എന്റെർടെയ്മെന്റ് നിർമ്മിച്ച് നവാഗതരായ വിനു വിശ്വലാൽ തിരക്കഥയെഴുതി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത “സെക്കന്റ് ഷോ” പ്രമേയപരമായി പുതുമകളൊന്നും പറയുന്നില്ലെങ്കിലും ആവിഷ്കാരത്താലും അഭിനയത്തിലും ചില പുതുമകളും അല്പം വേറിട്ട വഴികളുമൊക്കെയായി മലയാള സിനിമയിലെത്തിയിട്ടുണ്ട്. ക്യാമറയുടെ മുന്നിലും പുറകിലുമായി നിരവധി പുതുമുഖങ്ങൾ അണിനിരത്തിയ ഈ ചിത്രം നവാഗതരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സിനിമാ സംരംഭമാണ്. ആദ്യ ചിത്രത്തിന്റെ സമ്മർദ്ദവും പരിചയക്കുറവും ഈ സിനിമയുടെ ചില പോരായ്മകളായി ഉണ്ടെങ്കിലും കോടികൾ ചിലവഴിച്ചു ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുന്ന, ലബ്ധപ്രതിഷ്ഠരുടെ പാതി വെന്ത മസാലക്കൂട്ടുകൾക്കിടയിൽ ഈ സിനിമ പുതു തലമുറയുടെ വേറിട്ട സിനിമാ കാഴ്ചയാകുന്നുണ്ട്. (മലയാളത്തിലെ നടൻ മമ്മൂട്ടിയുടെ മകൻ ദുൽഖൻ സൽമാൻ ആദ്യമായി നായകനാകുന്നു എന്നത് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്).
മലയാള സിനിമയിലും ഏറെപ്പറഞ്ഞ ക്വൊട്ടേഷൻ കഥതന്നെയാണ് ആദ്യ ചിത്രത്തിനു വേണ്ടി പുതു സംവിധായകനും തിരക്കഥാകൃത്തും തിരഞ്ഞെടുത്തത്. എങ്കിലും അതിനെ ആഖ്യാനത്താൽ പുതുമയുള്ളതാക്കാൻ കഴിഞ്ഞിട്ടുണ്ട്. മിഴിവാർന്ന കഥാപാത്രങ്ങളും അവർക്ക് ചേരുന്ന സംഭാഷണങ്ങളും, Forced അല്ലാത്ത രീതിയിലുള്ള സിനിമാ സറ്റയറുകൾ, ചില രസകരമായ ജീവിത നിരീക്ഷണങ്ങൾ, കഥാപാത്രങ്ങൾക്ക് പുതുമുഖങ്ങളും അത്ര പോപ്പുലറല്ലാത്ത അഭിനേതാക്കളുമായി ‘സെക്കന്റ് ഷോ’ ഭേദപ്പെട്ടൊരു ചിത്രമാകുന്നുണ്ട്. മലയാളത്തിലെ എസ്റ്റാബ്ലിഷ്ഡ് ആയ തിരക്കഥയെഴുത്തുകാരും സംവിധായകരും എഴുതാനും ചിത്രീകരിക്കാനും മടിക്കുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളുമൊക്കെ ഈ നവാഗതർക്ക് ആത്മവിശ്വാസത്തോടെ പ്രയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്സാര കാര്യമല്ല. (ചിത്രാന്ത്യം ഉദാഹരണം) അമച്വറിസിത്തിന്റെ ലക്ഷണങ്ങൾ പൂർണ്ണമായും വിട്ടു പോയിട്ടില്ലെങ്കിലും പുതുമുഖ - താര രഹിത അഭിനേതാക്കളുടെ മികച്ച അഭിനയത്താലും, സ്വാഭാവിക നർമ്മ രംഗങ്ങളാലും അപ്രതീക്ഷിത ട്വിസ്റ്റുകളുമായൊക്കെ ചിത്രം പ്രേക്ഷകനെ രസിപ്പിക്കും.
സെക്കന്റ് ഷോയുടെ വിശദവിവരങ്ങളും കഥാസാരവും വായിക്കുവാൻ എം3ഡിബിയുടെ ഡാറ്റാബേസിലേക്ക് പോകുക.
നടൻ മമ്മൂട്ടിയുടേ മകൻ ദുൽഖർ സൽമാൻ അഭിനയിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിനു ആദ്യം മുതലേ ലഭിച്ച പ്രചരണം. തന്റെ ആദ്യ ചിത്രത്തിലെ ആദ്യ നായക വേഷം ദുൽഖർ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചില രംഗങ്ങളിലും സംഭാഷണങ്ങളിലും ഇനിയും മികച്ച പ്രകടനം ആകാമായിരുന്നു എന്നു തോന്നിപ്പിക്കുന്നുണ്ടെങ്കിലും ആദ്യ ചിത്രത്തിന്റെ പരിചയക്കുറവോ പരിഭ്രമമോ ഒട്ടും ഈ തുടക്കക്കാരനെ ബാധിച്ചിട്ടില്ല. വളരെയേറെ മികച്ച പ്രകടനമൊന്നുമല്ലെങ്കിലും ദുൽഖർ, ഹരിലാലുവെന്ന ലാലുവിനെ ഒട്ടും മോശമാക്കിയില്ല. ചിത്രത്തിന്റെ തുടക്കം മുതലേ പ്രേക്ഷകനു രസം പകരുന്ന കഥാപാത്രം ‘കുരുടി‘ എന്ന ‘നെത്സൻ മണ്ഡേല‘യാണ്. നായകൻ ഹരിലാലുവിന്റെ കൂട്ടുകാരനായ ഈ കുരുടിയെ അവതരിപ്പിച്ചത് പുതുമുഖമായ സണ്ണി വെയ്ൻ ആണ്. ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം സണ്ണിയുടേതാണ്. കുരുടി എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളും മാനറിസങ്ങളുമൊക്കെ കുരുടിയുടേ പ്രകടനത്തിനു സഹായകമാകുന്നുണ്ടെങ്കിലും സ്വാഭാവികമായി കുരുടിയെ അവതരിപ്പിക്കാനും പ്രേക്ഷകന്റെ കയ്യടി വാങ്ങാനും സണ്ണിക്കു കഴിഞ്ഞിട്ടുണ്ട്. ഇനി ‘ഒരേ ടൈപ്പ് വേഷങ്ങൾ’ സണ്ണിയെ തേടിവരുമെന്നുറപ്പ്, അതിൽ വീണുപോകാതെ മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ സണ്ണി വെയ്ൻ മലയാളസിനിമക്ക് നല്ലൊരു ആശ്വാസമാകും. ‘സെക്കന്റ് ഷോ’യിലെ നായികയും പുതുമുഖമാണ്. ഗീതാഞ്ജലിയെന്ന ഗീതുവായി പുതുമുഖം ഗൌതമി നായർ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. വളരെ കുറച്ചു സീനുകളിൽ മാത്രമേ ഗൌതമിക്കുള്ളുവെങ്കിലും ചുരുങ്ങിയ രംഗങ്ങൾകൊണ്ട് തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ കഴിഞ്ഞത് ഈ പുതുമുഖ നടിയുടേ വിജയമാണ്. രസകരവും സവിശേഷതയുമുള്ള ‘ചാവേർ വാവച്ചൻ’ എന്ന കഥാപാത്രമായി ബാബുരാജ് വളരെ നന്നായി. ചെറുതെങ്കിലും സോൾട്ട് & പെപ്പർ എന്ന ചിത്രത്തിനു ശേഷം കിട്ടിയ രസകരമായ ഈ കഥാപാത്രത്തെ ബാബുരാജ് മികച്ചതാക്കി.സുദേഷ് ബെറി എന്ന നടന്റെ വില്ലൻ വേഷം, രോഹിണിയുടേ അമ്മ വേഷം, കുഞ്ചന്റെ അമ്മാവൻ വേഷം, പോലീസ് ഓഫീസർ സച്ചി എന്ന കഥാപാത്രം ചെയ്ത നടൻ എന്നിവരൊക്കെ താന്താങ്ങളുടെ വേഷങ്ങളെ മികച്ചതാക്കുന്നതിൽ നല്ല സംഭാവന നൽകിയിട്ടുണ്ട്. അല്പം മുഷിപ്പോടെ ചിത്രം തുടങ്ങുന്നുവെങ്കിലും കഥാഗതിയിൽ ചിത്രം മികച്ചതാകുന്നുണ്ട്. കണ്ടു മടുത്ത അഭിനേതാക്കളും താരങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ പ്രേക്ഷകനു സിനിമ ഒരു ഫ്രെഷ് ഫീൽ സമ്മാനിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹകൻ ‘പപ്പു’ എന്ന പുതുമുഖമാണ്. തെറ്റില്ലാത്ത രീതിയിൽ തന്റെ കൃത്യം ചെയ്തു തീർക്കാൻ പപ്പുവിനു കഴിഞ്ഞു. രാത്രി ദൃശ്യങ്ങളേറെയുള്ള ഈ സിനിമയിൽ സ്വാഭാവികമായ വെളിച്ച വിന്യാസമാണ് കൂടുതലും ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ‘സിനിമാറ്റിക്‘ എന്നു തോന്നിപ്പിക്കുകയോ കൃത്രിമത്വമോ അനുഭവപ്പെടുന്നില്ല. പ്രവീൺ എൽ, ശ്രീകാന്ത് എൻ ബി എന്നിവരുടെ എഡിറ്റിങ്ങ്, ജസ്റ്റിൻ ആന്റണിയുടെ കലാ സംവിധാനം, റെക്സ് വിജയന്റെ പശ്ച്ചാത്തല സംഗീതം, കൈതപ്രം, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് നിഖിൽ രാജിന്റെ സംഗീതം എന്നിവയൊക്കെ ചിത്രത്തെ നല്ലരീതിയിൽ സഹായിച്ചിട്ടുണ്ട്. ഗാനങ്ങൾ വേറിട്ട ഗാനദൃശ്യങ്ങളാക്കാതെ ചിത്രത്തിനോട് ഇടകലർത്തി ഉപയോഗിച്ചതും നന്നായിട്ടുണ്ട്.മാഫിയ ശശിയുടെ സംഘട്ടനങ്ങൾ പക്ഷെ മികച്ചതായി തോന്നിയില്ല. അതിമാനുഷിക പ്രകടനങ്ങൾ തീർത്തും ഒഴിവാക്കിയെങ്കിലും, പുതുമുഖ അഭിനേതാക്കൾ ആയതുകൊണ്ടായിരിക്കാം സംഘട്ടനരംഗങ്ങളിലെ ടൈമിങ്ങ് പലയിടത്തും പരാജയപ്പെടുന്നത് കണ്ടു. എന്തായാലും വളരെ മികച്ചതോ പ്രൊഫഷണലോ ആയ ഒരു സാങ്കേതിക വിഭാഗം ഈ സിനിമയുടെ ഭാഗഭാക്കായിരുന്നെങ്കിൽ സാങ്കേതികമായും ഈ ചിത്രം ഇനിയും ഉയരത്തിലേക്കെത്തിയേനെ.
വിനു വിശ്വലാലിന്റെ ആദ്യ തിരക്കഥക്ക് പുതുമയുള്ളൊരു പ്രമേയം തിരഞ്ഞെടുക്കാമായിരുന്നു എന്ന് അഭിപ്രായമുണ്ടെങ്കിലും പഴയ പ്രമേയത്തെ വേറിട്ട രീതിയിൽ പറയാനായി എന്നത് വിനുവിന്റെ നേട്ടമാണ്. നായകന്റെ ജീവിതം / കഥ പുറകിലേക്കും മുന്നോട്ടും പറയുന്ന രീതിയിൽ നായകൻ തന്നെ തന്റെ കഥ വിവരിക്കുന്ന രീതിയിലാണ് സിനിമ. സ്വാഭാവികമായ രംഗങ്ങളാലും സംഭാഷണങ്ങളാലും വിനു വിശ്വലാൽ തിരക്കഥയെ ഭംഗിയുള്ളതാക്കി. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനവും അഭിനന്ദാർഹവുമാണ്. അധികമൊന്നും കൊമേഴ്സ്യൽ ഉടമ്പടിക്കു നിൽക്കാതെ, ഏറെ പറഞ്ഞു തേഞ്ഞ രീതിയിലേക്ക് പോകാതെ, മലയാള സിനിമാക്കാരുടെ ടിപ്പിക്കൽ കഥപറച്ചിൽ കാഴ്ചപ്പാടിലേക്ക് വീണുപോകാതെ ‘സെക്കന്റ് ഷോ’ യെ പുതുമയുള്ളൊരു സിനിമയാക്കാൻ ശ്രീനാഥ് രാജേന്ദ്രനായിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്രീനാഥും, വിനു വിശ്വലാലും സംഘവും പ്രോത്സാഹജനകമായൊരു കയ്യടി അർഹിക്കുന്നുണ്ട്. തുടർന്നുള്ള ചിത്രങ്ങളിലും ഈ പുതുവഴികളിലൂടെയുള്ള പ്രയാണം തുടരുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം, മലയാളസിനിമയുടെ സ്ഥിരം വഴികളിലേക്ക് അറിയാതെ പോലും കയറിപോകല്ലേ എന്നൊരു അഭ്യർത്ഥനയും.
വാൽക്കഷണം : നേഴ്സായ നായിക കാരണമേതുമില്ലാതെ ട്രാവൽ ഏജൻസിയിൽ ജോലിയന്വേഷിക്കുന്നത്, ശത്രുവായ നായകനോട് നായികക്ക് കാരണമൊന്നുമില്ലാത്ത പ്രണയം, “അന്നും ഇന്നും എന്നും പണം തന്നെ പെണ്ണിനു കാമുകൻ” എന്ന ടിപ്പിക്കൽ ആൺ മലയാളി കാഴ്ചപ്പാടുകളെ നായകന്റെ വായിൽ സംഭാഷണങ്ങളായി തിരുകൽ, എന്നിങ്ങനെ എടുത്തുപറയാവുന്നതും അല്ലാത്തതുമായ കുഴപ്പങ്ങൾ ചിത്രത്തിലുണ്ട്. കാലവും അനുഭവസമ്പത്തും കൊണ്ട് കാഴ്ചപ്പാടുകൾ മാറുമെന്നു കരുതാം. അതുകൊണ്ട് തന്നെ പുതു സിനിമകളെ ഒരുക്കാൻ പുറപ്പെട്ടിട്ടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘത്തെ നിരുത്സാഹപ്പെടുത്തുന്നില്ല.
Relates to
Article Tags
Contributors