സിനിമാ കമ്പനി- സിനിമാ റിവ്യൂ

Submitted by nanz on Mon, 07/30/2012 - 09:35
സിനിമാ കമ്പനി- സിനിമാ റിവ്യൂ

സിനിമ സ്വപ്നമായി കൂടേ കൊണ്ടു നടക്കുന്ന ഒരു സൌഹൃദക്കൂട്ടത്തിന്റെ കഥപറയുകയാണ് മമാസ് എന്ന യുവ സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രമായ “സിനിമാ കമ്പനി”യിലൂടെ. ആദ്യ ചിത്രമായ “പാപ്പി അപ്പച്ചാ” എന്ന ദിലീപ് കോമഡി വിജയ ചിത്രത്തിനുശേഷം തീർത്തും പുതുമുഖങ്ങളെ വെച്ച് അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്റെ ക്യാമറ ജിബു ജേക്കബും സംഗീതം അല്ഫോൺസും ഒരുക്കുന്നു. യുവ മനസ്സുകളുടെ സൌഹൃദവും സിനിമാമോഹങ്ങളും സ്വപ്നപൂർത്തീകരണവുമാണ് സിനിമയെങ്കിലും തൊലിപ്പുറമെയുള്ള വാചാടോപങ്ങളോടെ ആത്മാവില്ലാത്ത ആവിഷ്കാരങ്ങളായി മാറുന്നുണ്ട് പലപ്പോഴും. ചിത്രത്തിന്റെ സാങ്കേതികവിഭാഗം ഏറെ നന്നായിരിക്കുമ്പോൾ ആകർഷിക്കപ്പെടുന്നൊരു തിരനാടകമില്ലാതെ ദുർബലമായ ക്ലൈമാക്സോടെ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു.

രു ഫിലിം ഫെസ്റ്റിവലിൽ കണ്ടുമുട്ടിയ സമാന മനസ്കരായ മൂന്നു ചെറുപ്പക്കാരും ഒരു പെൺകുട്ടിയുമടങ്ങുന്ന നാൽ വർ സംഘം സിനിമ കണ്ടും ചർച്ച ചെയ്തും ചില ചില്ലറ ജോലികളാൽ മുന്നോട്ട് പോകുകയാണ്. പോൾസൺ എന്ന പോളച്ചൻ(ബദ്രി), പാറു എന്ന പാർവതി (ശ്രുതി), ഫസൽ (ബാസിൽ), പണിക്കർ (സഞ്ജയ്) എന്നിവർ ചേരുന്ന സംഘത്തിനു സിനിമ തന്നെയായിരുന്നു സ്വപ്നം. റിലീസ് ചെയ്യുന്ന പുത്തൻ സിനിമകളെ പോസ്റ്റു മോർട്ടം ചെയ്യുന്നതിനിടയിലാണ് “നമുക്കൊരു സിനിമ പിടിച്ചാലോ” എന്ന് പണിക്കർ ചോദിക്കുന്നത്. പിന്നീട് ആ സ്വപ്നത്തിനു പിറകെയായി മറ്റുള്ളവരും ഏതൊരു പുതുമുഖങ്ങളും അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും ഈ സംഘം നേരിട്ടു. ഒടുക്കം സിനിമ തുടങ്ങുക തന്നെ ചെയ്യുന്നു.

സിനിമകുതുകികളായ പ്രേക്ഷകനു കൌതുകമുണർത്തുന്നതും സിനിമയെ സ്വപ്നം കാണുന്ന, അവസരങ്ങൾ അന്വേഷിക്കുന്ന ഏതൊരു സിനിമാപ്രേമിയേയും ഇഷ്ടപ്പെടുത്തുന്ന പ്രമേയം തന്നെയായിരുന്നു സിനിമാ കമ്പനിയുടേത്. സിനിമയുടെ ആദ്യപകുതിയും രസകരവും ഇത്തരം പ്രേക്ഷകരുടെ സമാന അനുഭവങ്ങളുമായി ചേർന്നും പോകുന്നുണ്ട്. പക്ഷെ അതോടേ തീരുന്നു തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ മമാസിന്റെ കയ്യിലെ വെടിമരുന്ന്. രണ്ടാം പകുതി കേവലം ഒരു കച്ചവട സിനിമയുടെ സ്ഥിരം ഫോർമാറ്റും അതി നാടകീയതയും തുന്നിച്ചേർത്തു വെറുമൊരു കാഴ്ചയാക്കിക്കളഞ്ഞു. ക്യാമറ (ജിബു ജേക്കബ്), സംഗീതം (അല്ഫോൺസ്), മനോഹരമായ ടൈറ്റിൽ ഡിസൈൻസ്, ഡി ഐ, ഗ്രാഫിക്സ്, അനിമേഷൻ കോസ്റ്റ്യൂംസ് (റസാഖ് തിരൂർ), കലാസംവിധാനം (സുനിൽ ലാവണ്യ) എന്നീ ഘടകങ്ങളൊക്കെ ചിത്രത്തിന്റെ ചാരുതക്ക് കൂട്ടായിട്ടുണ്ട്. നാൽ വർ സംഘത്തിലെ ഫസൽ (ബാസിൽ) ഒഴികെ മറ്റു മൂന്നുപേരും നല്ല പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു. എങ്കിലും തിരക്കഥയുടേ ശൂന്യത സിനിമയെ ദുർബലപ്പെടുത്തുന്നു.

നിമേറ്ററും ഡിസൈനറുമായ സംവിധായകൻ മമാസ് തന്റെ ആദ്യചിത്രത്തിൽ തന്നെ അനിമേഷന്റേയും ഗ്രാഫിക്സിന്റേയും കൌതുക ദൃശ്യങ്ങൾ കാണിച്ചിരുന്നു. “സിനിമാ കമ്പനി”യും മമാസ് എന്ന അനിമേറ്ററുടെ കൌതുക കാഴ്ചകൾകൊണ്ട് സമ്പന്നമാണ്, ഗ്രാഫിക്സും അനിമേഷനും കൂടി മിക്സ് ചെയ്ത സ്റ്റൈലിഷ് ട്രീറ്റ് മെന്റാണ് ചിത്രത്തിനു നൽകിയിരിക്കുന്നത്. ഏറെ വർഷങ്ങൾക്ക് മുൻപ് തമിഴ് സിനിമകളിൽ പ്രയോഗിച്ചു തുടങ്ങിയ രീതിയാണിത്, പക്ഷെ മലയാളത്തിൽ എത്തുന്നത് ഇപ്പോഴാണെന്നു മാത്രം. ടൈറ്റിൽ ഡിസൈനും, സബ് ടൈറ്റിലുകൾക്കും അവക്കുപയോഗിച്ചിരിക്കുന്ന ഇഫക്റ്റ്സിനും, ചിത്രത്തിലെ സന്ദർഭങ്ങൾക്ക് യോജിച്ച ഗ്രാഫിക്സുകൾക്കും പുതുമയുണ്ട് കാണാൻ കൌതുകകരവും.

ല്ഫോൺസ് ഈണമിട്ട ആറു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അതിലൊന്ന് “തിക്ക് റാപ്പ്” എന്ന പേരിൽ ചിത്രത്തിന്റെ അവസാനം കൂട്ടിച്ചേർത്തിരിക്കുന്നു. ഗാനങ്ങൾ ഇമ്പമാർന്നതാണെങ്കിലും അതിന്റെ ദൃശ്യങ്ങൾക്കാണ് ഏറെ ഭംഗി. മുഖ്യകഥാപാത്രങ്ങളടക്കം ഒൻപതു പുതുമുഖങ്ങൾ ഈ ചിത്രത്തിലുണ്ട്. ബാബുരാജ് തന്റെ കോമഡി വേഷവുമായി പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. കോട്ടയം നസീർ, ലാലു അലക്സ് എന്നിവർക്ക് സ്ഥിരം വേഷങ്ങൾ തന്നെ. അതോടൊപ്പം സിനിമാ സംവിധായകരായ  സിബി മലയിൽ, സിദ്ധിക്ക്, കമൽ എന്നിവരും സംഗീത സംവിധായകനായ അല്ഫോൺസും സിനിമയിൽ അതേ വേഷങ്ങളിൽത്തന്നെ അഭിനയിക്കുന്നുണ്ട്. സിനിമക്കുള്ളിലെ സിനിമയല്ല, മറിച്ച് സിനിമയെക്കുറിച്ച് സിനിമക്ക് പുറത്തുള്ളൊരു സിനിമാകഥ പറയുന്ന ഈ “സിനിമാ കമ്പനി” മമാസ് എന്ന സംവിധായകന്റെ ടെക്നിക്കൽ ക്രാഫ്റ്റ്  കാണിച്ചു തരുന്നുണ്ടെങ്കിലും തിരക്കഥാരചനയിൽ താൻ ദുർബലനാണെന്നും കൂടി തെളിയിക്കുന്നുണ്ട്. നല്ല തിരക്കഥകളെ സ്വീകരിക്കുകയാണെങ്കിൽ മമാസ് എന്ന യുവസംവിധായകന് പ്രേക്ഷകനു രുചിക്കുന്ന പുതിയ രീതിയിലുള്ള ചിത്രങ്ങളൊരുക്കാൻ ഭാവിയിൽ സാധിക്കുമെന്നു തന്നെയാണ് “സിനിമാ കമ്പനി” സൂചിപ്പിക്കുന്നത്.

Contributors