മലയാള സിനിമാഗാനങ്ങളെയും ഗാനരംഗങ്ങളെയും സംഗീതജ്ഞരെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്തിരുന്ന സിനിക്കിന്റെ ലേഖനങ്ങൾ അക്കാലത്തെ സംഗീതജ്ഞർക്ക് മികവുറ്റ ഗാനസൃഷ്ടികൾ നടത്തുവാൻ സഹായകമായിരുന്നു.സിനിക്ക് പറഞ്ഞതും അതിന് എതിരൻ കതിരവന്റെ നിരീക്ഷണങ്ങളും ആണ് ഒരോ സിനിമകളിലൂടെയും പങ്ക് വയ്ക്കപ്പെടുന്നത്.
111. സ്റ്റേഷൻമാസ്റ്റർ (1966)
പാട്ടുകൾ കൊണ്ട് പ്രകൃതകൃതിയ്ക്ക് പ്രസ്താവ്യമായ ആസ്വാദ്യത കിട്ടിക്കണ്ടില്ല. പി.ഭാസ്കരന്റെ ഗാനങ്ങൾക്കോ ചിദംബരനാഥന്റെ സംഗീതസംവിധാനത്തിനോ സവിശേഷമാധുരി അവകാശപ്പെടാൻ വയ്യാ. യേശുദാസ് പാടിയ ‘കല്പനതന്നളകാപുരിയിൽ‘ വലിയ മോശമില്ല. എസ്.ജാനകി പാടിയ ‘ഒരു തുളസിപ്പൂമാലികയാൽ’, ‘ജീവിതനാടകവേദിയിലെന്നെ’ എന്നീ പാട്ടുകളും തരക്കേടില്ല. ബാക്കിയൊക്കെ ഒരു വകതന്നെ, ശേഖറിന്റെ പശ്ചാത്തലസംഗീതമടക്കം.
(“കല്പനതന്നളകാപുരിയിൽ” ഒട്ടു ശ്രദ്ധിക്കപ്പെട്ട പാട്ടായിരുന്നു. പാട്ടിനു രണ്ടു വേർഷനുമുണ്ട് സിനിമയിൽ. സത്യനും പ്രേംനസീറും നായകവേഷങ്ങളിൽ ഉണ്ടെങ്കിലും പ്രേം നസീറിനു മാത്രമേ പാട്ട് സീനുകളുള്ളു. പി.ഭാസ്കരന്റെ ഗാനചാതുരി വിളങ്ങിയിട്ടുണ്ട് “പണ്ടൊരിയ്ക്കലാദ്യം തമ്മിൽ കണ്ടതോർമ്മയുണ്ടോ കണ്ടുമുട്ടിയപ്പോൾ കണ്മുന കൊണ്ടതോർമ്മയുണ്ടോ” എന്നിങ്ങനെ യമകഭംഗിയെഴുന്ന പ്രാസനിബന്ധനയിൽ.എം.എം.മജീദിന്റെ ഒരു ഗാനം സിനിക്ക് വിട്ടുകളഞ്ഞു. കുറ്റം പറയാനാണെങ്കിലും ആർ. കെ. ശേഖറിന്റെ പശ്ചാത്തലസംഗീതം ഒന്നു പരാമർശിക്കാൻ സിനിക്ക് മറന്നില്ല).
112. പകൽക്കിനാവ് (1966)
ഭാസ്കരന്റെ ഗാനരചന ഒരുവിധം കൊള്ളാം. തങ്കമണിയെ പാടിയുറക്കാൻ ശാരിക്ക് ഒരൊറ്റ പാട്ടുമാത്രമേ വശമുണ്ടായിരുന്നുള്ളൂ? ആവോ!. ഏതായാലും ഗുരുവായൂരുള്ളൊരു കണ്ണന്റെ പാട്ട് ഒരുവിധം ഭേദപ്പെട്ടതായി. ജാനകിതന്നെ പാടിയ ‘കേശവാ കേശാദിപാദം തൊഴുന്നേൻ’ എന്ന ഭക്തിരസപൂർണ്ണമായ ഗാനമാണ് കൂട്ടത്തിൽ കൂടുതൽ ശ്രുതിസുഖമായനുഭവപ്പെട്ടത്. ‘നിദ്രതൻ നീരാഴി’ (ജാനകി പാടിയത്) പ്രതീക്ഷയ്ക്കൊത്ത ഉയർന്ന നിലവാരം പുലർത്തിയിട്ടില്ല. യേശുദാസ് പാടിയ പകൽക്കിനാവിന്റെ പാട്ട് മികച്ചതായില്ലെങ്കിലും മോശമായിട്ടില്ല. കാക്കയുടേയും പൂച്ചയുടേയും പാട്ടുപാടാൻ കുട്ടി ബാബുവിനോടാവശ്യപ്പെടുന്ന ഭാഗത്തിനു സ്വാഭാവികത കുറവാണെങ്കിലും യേശുദാസ് പാടിയ ആ പാട്ടും വലിയ മോശമില്ല. ചിദംബരനാഥന്റെ സംഗീതസംവിധാനം മൊത്തത്തിൽ പറഞ്ഞാൽ ഇടത്തരത്തിലൊതുങ്ങി നിൽക്കുകയാണ്.
(ചിദംബരനാഥിന്റെ സംഗീതസംവിധാനചാതുരി മൂർദ്ധന്യത്തിലെത്തിയ കാലഘട്ടം. ‘കേശാദിപാദം തൊഴുന്നേൻ” എക്കാലത്തേയും ഹിറ്റ് പാട്ടായി മാറി. രാഗമാലികയിൽ ചിട്ടപ്പെടുത്തിയ പാട്ടുകളിൽ പ്രഥമഗണന അർഹിക്കാൻ പോന്നതു തന്നെ ഇത്. അപൂർവ്വമായ ലയഭംഗിയാണ് പാട്ടിന്. “ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം” എസ്. ജാനകിയുടെ ആലാപനസ്നിഗ്ദ്ധത വഴിഞ്ഞൊഴുകിയതിനാൽ ആകർഷമായി ചമഞ്ഞതാണ്. പ്രത്യേകിച്ചും ചരണങ്ങൾക്കു മുൻപ് വരുന്ന ഹമ്മിങ്. യേശുദാസിന്റെ “പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കടവിൽ” ഇന്നും ഓർമ്മയിൽ തങ്ങുന്ന ഈണമാണ്.ചരണങ്ങൾക്കവസാനം ആവർത്തിച്ചു വരുന്ന “എപ്പോഴെന്നറിയില്ല എന്നാണെന്നറിയില്ല” ഗാനശിൽപ്പചാതുര്യനിദർശനം തന്നെ. കഥയ്ക്കൊത്ത് പാട്ടെഴുതാൻ പി. ഭാസ്കരനെപ്പോലെ മറ്റാരുമില്ലെന്ന തോന്നലാണ് പാട്ടുകൾ വെളിവാക്കുന്നത്. “ഗുരുവായൂരുള്ളൊരു കണ്ണനൊന്നൊരു ദിനം” സിനിമയുടെ കഥ തന്നെ ഉള്ളടക്കമായി പ്രഖ്യാപിക്കുന്നു. “പകൽക്കിനാവിൻ….’ എന്ന പാട്ടാണെങ്കിലോ നായകന്റെ സവിശേഷസ്വഭാവം വ്യക്തമാക്കുന്നതും).
113. റൌഡി (1966)
വയലാറിന്റെ പാട്ടുകളിൽ ഒന്നുരണ്ടെണ്ണത്തിനു ഒട്ടൊരു രചനാഗുണം കിട്ടിയിട്ടുണ്ട്.സംഗീതസംവിധായകനായ പറവൂർ ദേവരാരാജന് സ്വകൃത്യം ഒരുവിധം ഒപ്പിച്ചു മാറാനേ ഒത്തിട്ടുള്ളൂ. “പക്ഷിശാസ്ത്രക്കാരാ ‘ (ജാനകി) “പാലാട്ടുകോമൻ വന്നാലും” (ഉദയഭാനു) എന്നീപാട്ടുകൾ വെറും ഇടത്തരം മാത്രമാണ്. സുശീല പാടിയ “ഗോകുലപാലാ”, “ഇന്നലെയമ്പലമുറ്റത്തിരുന്നു ഞാൻ” എന്നീ ഗാനങ്ങളെപ്പോലും തമ്മിൽ ഭേദമെന്നേ വിശേഷിപ്പിക്കാവൂ. പശ്ചാത്തലസംഗീതത്തിനു താരതമ്യേന കൂടുതൽ ഹൃദ്യത കിട്ടിയിട്ടുണ്ടെന്നത് ആശാസ്യം തന്നെ.
(നായകൻ റൌഡിയായതിനാൽ പാട്ടൊന്നും കൊടുക്കേണ്ടെന്നു വിചാരിച്ചിരിക്കണം നിർമ്മാതാക്കൾ. അതുകൊണ്ട് യേശുദാസിനു പാട്ടൊന്നുമില്ല. “പാലാട്ടുകോമൻ വന്നാലും” അടൂർഭാസിയ്ക്കു വേണ്ടിയായതിനാലായിരിക്കണം ഉദയഭാനുവിനെക്കൊണ്ട് പാടിച്ചത്. മൂന്നു പാട്ടുകൾ പി. സുശീലയും ഒരു പാട്ട് എസ്. ജാനകിയും മറ്റൊന്ന് രേണുകയും പാടുന്നു. “വെള്ളിക്കിണ്ണം കൊണ്ടു നടക്കും വെളുത്തവാവേ” പി. സുശീലയുടെ ആലാപനമികവിന്റെ ഉദാഹരണമാണെങ്കിലും സിനിക്ക് ശ്രദ്ധിച്ച മട്ടില്ല. “ഇന്നലെയമ്പലമുറ്റത്തിരുന്നു ഞാൻ കണ്ണുനീർ തൂവുകയായിരുന്നു“ നേരത്തെ വയലാറിന്റെ നാടകഗാനമായി പ്രചാരം സിദ്ധിച്ചത് വീണ്ടും സിനിമയിൽ നിബന്ധിച്ചത് ഒരു അപൂർവ്വ വഴക്കമാണ്).
114. പിഞ്ചുഹൃദയം (1966)
പി. ഭാസ്കരനാണു് ഗാനരചയിതാവ്. ദക്ഷിണാമൂർത്തി സംഗീതസംവിധായകനും. “കറ്റക്കിടാവായ കണ്ണനാമുണ്ണിയ്ക്ക്” എന്നുതുടങ്ങുന്ന ഗാനം രചനാഗുണത്താലും സവിശേഷമധുരമായ അതിന്റെ പ്രസക്തിയാലും പി. ലീലയുടെ കണ്ഠശുദ്ധിയാലും പ്രത്യേകം ഹൃദ്യമായി. രേണുക പാടിയ “അമ്പാടിക്കുട്ടാ” എന്ന പാട്ടിനു ഭാവചൈതന്യം കുറവല്ലെങ്കിലും ആ രംഗം കരുപ്പിടിച്ചതു വേണ്ട വിധമായില്ല. അന്നേവരെ അവിടെയെങ്ങും കാണാത്ത ഒരു കൊച്ചുകോവിലും ബാബുവിന്നു കണ്ണനോടു പെട്ടെന്നുണ്ടായ മമതയും ആ രംഗം അത്യാവശ്യം കെട്ടിച്ചമച്ചതുമാത്രമാണെന്ന ഒരു പ്രതീതിയാണുണർത്തുന്നത്. വിവാഹവാർഷികത്തോടനുബന്ധിച്ചവതരിപ്പിച്ച പാട്ടുകച്ചേരി (പി. ലീലയും എം. എൽ. വസന്തകുമാരിയുമാണ് ഗായികമാർ) കർണ്ണാടകസംഗീതപ്രിയന്മാർക്ക് ഒട്ടൊക്കെ രുചിചിച്ചേയ്ക്കാമേങ്കിലും ആ രംഗം ആലേഖനം ചെയ്തതിലും ഭാവനയ്ക്കിടമില്ലാതെ പോയി. പാട്ടുകച്ചേരിക്കാരുടെ ചേഷ്ടകൾ വീണ്ടും വീണ്ടും പകർത്തിക്കാട്ടുന്നതിനു പകരം ആ നിറഞ്ഞ സദസ്സിന്റെ പലഭാഗത്തേയും പ്രതികരണം പകർത്താൻ ക്യാമറ മിനക്കെട്ടിരുന്നുവെങ്കിൽ എത്ര നന്നായേനേ.
(പ്രേംനസീർ നായകനായി ഉണ്ടെങ്കിലും സ്ത്രീകഥാപാത്രങ്ങൾക്ക് മാത്രമേ പാട്ടുള്ളു. പി. ലീല മൂന്ന്, എൽ. ആർ. ഈശ്വരി രണ്ട്, രേണുക രണ്ട് എന്നിങ്ങനെ പോകുന്നു വിതരണം. എം. എൽ. വസന്തകുമാരിയും എ. പി. കോമളയും അരുണയും കൂടെപ്പാട്ടുകാരായും ഉണ്ട്. ഒരു കച്ചേരി രംഗം ചിത്രത്തിലുൾക്കൊള്ളിയ്ക്കാൻ ദക്ഷിണാമൂർത്തിയ്ക്കും താല്പര്യം വന്നു കാണണം. കമ്പോസിങ്ങിലും ആലാപനത്തിലും മികവ് തെളിയിക്കുന്ന എൽ. ആർ. ഈശ്വരിയുടെ “അകലെയകലെ അളകാപുരിയിൽ…” സിനിക്ക് ശ്രദ്ധിച്ചതേ ഇല്ല. ‘ചിലമ്പൊലി’യിൽ ദക്ഷിണാമൂർത്തി സ്വചാതുര്യം കാട്ടിയ കഥകളിപ്പാട്ട് രീതി-‘പ്രിയമാനസാ നീ വാ വാ’- ‘മല്ലാക്ഷീമണീ ബാലേ” യിൽ ആവർത്തിയ്ക്കുന്നുണ്ട്).
115. പെൺമക്കൾ (1966)
പാട്ടുകൾ ഏഴാണീ ചിത്രത്തിൽ. വയലാറിന്റെ ഗാനരചനയും ബാബുരാജിന്റെ സംഗീതസംവിധാനവും ഒരേവിധം ഇടത്തരമായി. ഹൃദയഹാരിയെന്നു വിശേഷിപ്പിക്കാവുന്ന ഒരു പാട്ടും പ്രകൃതചിത്രത്തിന്നവകാശപ്പെടാനില്ല. ലീലയും കൂട്ടുകാരും പാടുന്ന ‘കണി കാണേണം’, വസന്തയും യേശുദാസനും പാടുന്ന “ഈ നല്ലരാത്രിയിൽ” എന്നീ പാട്ടുകൾ ഒരു വിധം ഒപ്പിക്കാം. കമുകറ പാടിയ “പൊട്ടിത്തകർന്നു”, ലീലയും ജാനകിയും കൂടി പാടിയ “ഒരമ്മ പെറ്റുവളർത്തിയ കിളികൾ” എന്നീ ഗാനങ്ങൽ താരതമ്യേന ഭേദപ്പെട്ടവയാണ്. ‘കാലൻ കേശവൻ’ എന്ന ഗാനം, സന്ദർഭത്തിന്റെ അനൌചിത്യം മൂലമാകാം, യഥാവിധി സ്വാദിഷ്ടമാകാതെ പോയി. ചിത്രത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കാൻ സംഗീതവിഭാഗം സ്മരണീയമായ സംഭാവനയൊന്നും തന്നെ നൽകിയിട്ടില്ലെന്നതാണ് ചുരുക്കം.
(ഏഴുപാട്ടും ഏഴുതരത്തിൽ എന്നമട്ടിലാണു ബാബുരാജിന്റെ കമ്പോസിങ്ങ്. ബാബുരാജ് തന്നെ പാടുന്ന ‘ദൈവത്തിനു പ്രായമായി” കവാലി-മാപ്പിളപ്പാട്ട് സങ്കേതങ്ങളുടെ സങ്കലനമാണ്. കർണാടകസംഗീതക്കച്ചേരി മട്ടിൽ ഒരുക്കിയെടുത്ത ‘കാലൻ കേശവൻ’ ബാബുരാജിനെ സംബന്ധിച്ചിടത്തോളം അസാധാരാണമാണ്. ഹിന്ദുസ്ഥാനി ശൈലി സ്വല്പവുമേശാത്ത ഭക്തിഗാനം “ചെത്തിമന്ദാരം തുളസി‘ യും ബാബുരാജിന്റെ റേഞ്ച് തെളിയിക്കാനുതകുന്നതാണ്. ഈ പാട്ടിൽത്തന്നെ “റ്റ്വിങ്കിൾ റ്റ്വ്വിങ്കിൾ’ എന്ന് വെസ്റ്റേണിലേക്കും പ്രവേശിക്കുന്നു അദ്ദേഹം. മൂന്നു യുഗ്മഗാനങ്ങളിലും വ്യത്യസ്തതയുണ്ട്. യേശുദാസും വസന്തയും കൂടെ ഒന്ന്, കമുകറയും പി. ലീലയും കൂടെ ഒന്ന്, പി. ലീലയും എസ്. ജാനകിയും കൂടെ മറ്റൊന്ന്-എന്നിങ്ങനെ).
സിനിക്കിന്റെ കമന്റുകളോടാണ് യോജിപ്പ്
nuisance
But Cynic didn't have a
I was only expressing my