ബാബുരാജ് സ്വന്തം സിനിമകളിൽ സ്വയം പാടാറില്ല. ഒരു അപവാദമാണ് അദ്ദേഹം പാടിയ “പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്…
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ തുടർച്ച
കുടുംബിനി (1965 ഫെബ്രുവരി)
ഗാനരചയിതാവായ അഭയദേവ് തന്റെ ചുമതല ഭേദപ്പെട്ടവിധം നിർവ്വഹിച്ചപ്പോൾ എൽ. പി. ആർ. വർമ്മയുടെ സംഗീതസംവിധാനം മൊത്തത്തിൽ പാട്ടുകളുടെ രചനാസൌഷ്ഠവത്തിനൊത്തുയരാതെ പോയതു കഷ്ടമായി. ലീല പാടിയ “കൃഷ്ണാ വേദനയെല്ലമെനിക്കു തരൂ” എന്ന പ്രാർത്ഥനാഗീതം ആസ്വാദകഹൃത്തിനെ സ്പർശിക്കാൻ പോന്നതാണ്. ആന്റോ പാടിയ “വീടിനു പൊൻ മണി വിളക്കു നീ “ എന്ന പാട്ടും മോശമില്ല.
(പി. ലീലയുടെ ജ്വലിച്ചു നിൽക്കുന്ന പ്രാഭവകാലത്തെ സൂചിപ്പിക്കുന്നതാണ് ഈ സിനിമയും. നാലുപാട്ടുകളാണ് പി. ലീല പാടിയത്. യേശുദാസിനോടൊപ്പം പാടിയ ‘സ്വപ്നത്തിൻ പുഷ്പരഥത്തിൽ” ഭേദപ്പെട്ട ഡ്യൂവെറ്റ് ആണെങ്കിലും സിനിക്കിനാൽ ശ്രദ്ധിക്കപ്പെട്ടില്ല. യേശുദാസിനു മറ്റൊരു പാട്ടും കൂടെ ഉണ്ടായിരുന്നു-‘അമ്പിളിമാമൻ പിടിച്ച മുയലിനു…” വലിയ പ്രത്യേകതതകളൊന്നുമില്ലാത്തത്. എന്നാൽ ‘വീടിനു പൊന്മണി വിളക്കു നീ“ ആന്റോയ്ക്ക് വലിയ ബ്രേക് ആണു നൽകിയത്.)
82. ദേവത (1965 ഫെബ്രുവരി)
വാസുവിന്റെ ഭാഗം നൽകപ്പെട്ട മുത്തയ്യയുടെ ഭാവാഭിനയം അനാഥാലയം പഠിപ്പിച്ച “കണ്ണുകളെന്നാൽ കളവുകൾ പറയും കള്ളസാക്ഷികൾ’ എന്ന സത്യം (ആ പാട്ടിന്റെ പരമ്പര തരക്കേടില്ല) അമ്മിണിയോടൊപ്പം ഇടയ്ക്കിടെ പാടിയൊപ്പിയ്ക്കുന്നതിൽ ഒതുക്കിനിർത്തപ്പെട്ടിരിക്കുന്നു. അംബികയുടെ അമ്മിണി ചിത്രത്തിന്റെ ഉത്തരാർത്ഥത്തിൽ തെല്ലിട അഷ്ടപദി പാടുന്നു. (മോഹനോ കല്യാണിയമ്മയോ ആവാം അമ്മിണിയെ അതു പഠിപ്പിച്ചത്. അല്ലാ, അതും അനാഥാലയം തന്നെയാണെന്നു വരുമോ? ലീലയും ബാലമുരളിയും കൂടി ‘ധീരസമീരേ’ നന്നാക്കി. ആ ഡ്യൂവെറ്റിന്റെ ചിത്രീകരണവും ഭേദപ്പെട്ടതായി). തെല്ലിട ദാമ്പത്യസുഖസംതൃപ്തിയായ തെളിനീരിൽ നീന്തിക്കളിയ്ക്കുന്നു. ഒടുവിലൽപ്പനേരം അവൾക്ക് മെലോഡ്രാമയുടെ ചെളിവെള്ളത്തിൽ കിടന്നു പിടയേണ്ടി വരുന്നുമുണ്ട്. ഭാവഭംഗി കിട്ടാൻ അൽപ്പമെങ്കിലും ഇടകിട്ടുന്നത് സംതൃപ്തകുടുംബിനിയായിക്കഴിയുന്ന നിമിഷങ്ങളിലാണ്. “താലോലം ഉണ്ണീ താലോലം” കവിതാഗുണത്തിലും ഗാനമാധുരിയിലും-ലീലയും മുരളീകൃഷ്ണയും തന്നെ- ശ്രദ്ധേയമാണ്. മൊത്തത്തിൽ കൊള്ളാവുന്നതായ ഗാനരചന പി. ഭാസ്കരന്റേതാണ്. ഏറെക്കുറെ മോശമല്ലാത്ത സംഗീതസംവിധാനം പി. എസ്. ദിവാകറിന്റേതും. ഒന്നെടുത്തോതാം. താരങ്ങളും സെല്യുലോയ്ഡും വളരെയേറെ ദുർവ്യയം ചെയ്യപ്പെട്ട ഈ ചിത്രത്തിന്റെ ചുരുക്കം ചില ചില്ലറ വശ്യതകളിലൊന്ന് ബാലമുരളി, ലീല, യേശുദാസ്, ജാനകി തുടങ്ങിയവർ പാടുന്ന എതാനും പാട്ടുകളാണ്.……രമയ്ക്കു വേണ്ടി ജാനകി പാടുന്ന ‘ഒരുനാളെന്നോണ നിലാവേ’ ശ്രവണസുഖമണയ്ക്കാൻ പോന്നതാണ്.
(ബാലമുരളീകൃഷ്ണ നാലുപാട്ടുകൾ പാടിയത് എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. അത് നാലും വ്യത്യസ്തമാണ് . ‘ധീരസമീരേ യമുനാതീരേ…” പരമ്പരാഗത ശൈലിയിൽ പാടുന്ന ജയദേവരുടെ അഷ്ടപദിയാണെങ്കിൽ “ഓർമ്മവയ്ക്കേണം…..” എന്നത് പിയാനോയുടേയും അക്കോർഡിയന്റേയും പിന്തുണയോടെ പാടുന്ന വെസ്റ്റേൺ രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടാണ്. 1948 മുതൽ മലയാളസിനിമകളിൽ നിത്യസാന്നിദ്ധ്യമായി മാറിയിരുന്ന പി. എസ് .ദിവാകറിന്റെ പ്രാഭവകാലാസ്തമനം സൂചിപ്പിക്കുന്നു ഈ സിനിമ. പിന്നീട് 1974 ഇൽ ആണ് മറ്റൊരു സിനിമയ്ക്ക് അദ്ദേഹം സംഗീതം നൽകുന്നത്. 60കളുടെ മദ്ധ്യത്തോടെ സിനിമാപ്പാട്ടുകളിൽ വന്ന ദിശാമാറ്റത്തിന്റേയും സൂചകമാണിത്.)
83. സുബൈദ (1965 മാർച്ച്)
നമ്മുടെ നേരംകൊല്ലിച്ചിത്രങ്ങളുടെ ആകർഷകതയ്ക്കസ്തിവാരമായി പരിലസിയ്ക്കാറുള്ള ആട്ടവും പാട്ടുമെല്ലാം ഇതിലും കുറവല്ല. ഭാസ്കരന്റെ പാട്ടുകൾ പതിവുപോലെ ഒരുവിധം കൊള്ളാവുന്നതായിട്ടുണ്ട്. ബാബുരാജിന്റെ സംഗീതസംവിധാനവും മോശമല്ല. സുശീല, ജാനകി, യേശുദാസ്, ജിക്കി, ലത, ഈശ്വരി, അഞ്ജലി, മെഹ്ബൂബ് എന്നിവർക്കെല്ലാം പുറമേ സംഗീതസംവിധായകനും പാടുന്നുണ്ടിതിൽ. “പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്” (ബാബുരാജ്) ‘എന്റെ വളയിട്ട കൈപിടിച്ച” (സുശീല), “ലായിലാഹ ഇല്ലല്ലാ“ (ജിക്കി-സുശീല), “മണിമലയാറ്റിൻ തീരത്ത്” (യേശുദാസ്-ജാനകി) എന്നീ ഗാനങ്ങൾ ഏറെക്കുറെ തരക്കേറ്റില്ലെന്നു പറയാം. ഒപ്പന (അതില്ലാത്ത മുസ്ലീം ചിത്രങ്ങളുണ്ടോ) ഒന്നല്ല രണ്ടെണ്ണമുണ്ടിതിൽ. ആദ്യത്തെതിനേക്കാൽ മോശമായി രണ്ടാമത്തേത്. മുഖശ്രീയും അംഗസൌഷ്ഠവും കുറഞ്ഞ ഏതാനും സ്ത്രീകൾ അറയ്ക്കുന്ന മട്ടിൽ ഊരയുലച്ച് തുള്ളിച്ചാടി നർമ്മമധുരവും നർമ്മമധുരവും ഉല്ലാസകല്ലോലിതവുമാകേണ്ട ആ രംഗങ്ങലുടെ ശാലീനസൌന്ദര്യം പോലും അലങ്കോലപ്പെടുത്തിയിരിക്കുന്നു.
(ബാബുരാജ് സ്വന്തം സിനിമകളിൽ സ്വയം പാടാറില്ല. ഒരു അപവാദമാണ് അദ്ദേഹം പാടിയ “പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്…”)
84. ശ്യാമളച്ചേച്ചി (1965 മാർച്ച്)
കാണുമ്പോഴിങ്ങനെ നാണം കുണുങ്ങിയാൽ, എന്തേ ചന്ദ്രനുറങ്ങാത്തൂ, കണ്ടാലാർക്കും കണ്ണിൽപ്പിടിയ്ക്കാത്ത എന്നീ പാട്ടുകൾ ഗുണം പോരാ. ‘കണ്ണുപൊത്തികളി”യാണതിലുമൽപ്പം ഭേദപ്പെട്ടത്. യേശുദാസിന്റെ പെറ്റവളന്നേ പോയല്ലോവും വലിയ മോശമില്ല. രഘുനാഥിന്റെ മേൽ നോട്ടത്തിലവതരിക്കപ്പെട്ട ഭാസ്കരന്റെ പാട്ടുകൾ മൊത്തത്തിൽ പറഞ്ഞാൽ ഈ ചിത്രത്തിന്റെ വശ്യത വർദ്ധിപ്പിക്കാൻ ഉതകിയിട്ടില്ല. എന്നാൽ, എം. ബി. ശ്രീനിവാസന്റെ പശ്ചാത്തലസംഗീതപ്രയോഗം മോശമായെന്നു പറഞ്ഞുകൂടാ.
85. ഓടയിൽ നിന്ന് (1965 ഏപ്രിൽ)
ധനാഢ്യനും ജനസമ്മതനുമായ ഗോപി പാട്ടുപാടിയ ലക്ഷ്മിയ്ക്ക് സ്വർണ്ണമോതിരം പാരിതോഷികമായി നൽകുന്ന കോളേജ് വാർഷികാഘോഷത്തിന്റെ ഭാഗം ഭാവസമ്പുഷ്ടമായില്ല. “കാറ്റിൽ ഇളം കാറ്റിൽ ഒഴുകിവരും ഗാനം” സന്ദർഭത്തിനൊത്തവിധം ഇമ്പമിയന്നതാക്കാൻ സുശീലയ്ക്കു കഴിഞ്ഞിട്ടില്ല……..”അമ്പലക്കുളങ്ങരെ കുളിയ്ക്കാൻ ചെന്നപ്പോൾ അയലത്തെ പെണ്ണുങ്ങൾ കളിയാക്കി”യതും മറ്റും (ലീല ആ പാട്ടു നന്നായി പാടി) ചിത്രീകരിച്ചത് ആശാസ്യമായ ഒതുക്കത്തോടും അസൂയാവഹമായ ഹൃദ്യതയോടുമാണ്…….പാട്ടുകളിൽ വച്ച് കൂടുതൽ നന്നായത് കവിതാഗുണം ധാരാളം ഉള്ളതും എസ്. ജാനകി ഭംഗിയിൽ പാടിയതുമായ “മുറ്റത്തെ മുല്ലയിൽ” ആണ്. അതു മറ്റൊരിടത്ത് ആവർത്തിക്കപ്പെട്ടതിലാർക്കും പരാതിയുണ്ടാവില്ല.. കൂട്ടത്തിലൊന്നു പറയേണ്ടതുണ്ട്. ചില പാട്ടുകളൊക്കെ അക്ഷരമൊപ്പിച്ച് പാടാൻ പാട്ടുകാർ ഒട്ടൊന്നു വിഷമിയ്ക്കുന്നതുപോലെ തോന്നി. അതേതായാലും ചിതമായില്ല.
(“കാറ്റിൽ ഇളം കാറ്റിൽ” സിനിക്കിനെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും പി. സുശീലയുടെ മെച്ചപ്പെട്ട പാട്ടുകളിലൊന്നായും ദേവരാജന്റെ കമ്പോസിങ്ങ് നൈപുണിയ്ക്കുദാഹരണമായും ഇന്നും തിളങ്ങി നിൽക്കുന്നു. “അമ്പലക്കുളങ്ങരെ…” പി. ലീലയുടെ പ്രസിദ്ധപാട്ടുകളിലൊന്നായി വാഴ്ത്തപ്പെട്ടു, പല വേദികളിലും പാടപ്പെടുന്ന പാട്ടായിത്തീർന്നു. എസ്. ജാനകി പാടിയ ഒരു പാട്ട് പി. സുശീല ആവർത്തിക്കുന്നു എന്ന പ്രത്യേകതയുണ്ട് “ മുറ്റത്തെ മുല്ലയിൽ…” എന്ന പാട്ടിനു്)
Swantham cinemayil allathe