അപർണ രാജീവ്

Submitted by mrriyad on Thu, 02/12/2009 - 22:58
Aparna Rajeev-Singer
Alias
അപർണ്ണ രാജീവ്
Name in English
Aparna Rajeev

ചലച്ചിത്ര പിന്നണി ഗായിക.  ഒ എൻ വി കുറുപ്പിന്റെ മകൻ വി രാജീവന്റെ മകളാണു അപർണ. ഏഴാം വയസ്സുമുതലാണ് അപർണ കർണ്ണാടകസംഗീത പഠനം തുടങ്ങിയത്. ഓമനക്കുട്ടി ടീച്ചർ, ആലപ്പുഴ ശ്രീകുമാർ തുടങ്ങിയവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ. വർക്കല ജയറാം ബിന്നി കൃഷ്ണകുമാർ എന്നിവരായിരുന്നു പിന്നീട് അപർണയുടെ ഗുരുക്കന്മാരായത്. കർണ്ണാടക സംഗീതത്തിനൊപ്പം, അബദ്രുധ ബാനർജിയുടെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതപഠനവും ആരംഭിച്ചു. പന്ത്രണ്ടാംവയസ്സിൽ കർണ്ണാട്ടിക് സംഗീതത്തിനുള്ള നാഷണൽ ടാലന്റ് സ്കോളർഷിപ്പ് അപർണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. സംഗീതത്തിൽ മാത്രമല്ല നൃത്തം, ഗിറ്റാർ തുടങ്ങിയവയിലും അപർണ്ണ കഴിവു തെളിയിച്ചിട്ടുണ്ട്. സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് യുവജനോത്സ്വങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. ഏഷ്യാനെറ്റിലെ വോയ്സ് ഓഫ് ദ വീക്ക് എന്ന സംഗീത റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായിരുന്നു അപർണ. പിന്നീട് കൈരളി ഗന്ധർവ സംഗീതത്തിൽ അവതാരികയായി.

"മെയ്ഡിൻ യു എസ് എ എന്ന ചിത്രത്തിനുവേണ്ടിയാണ് അപർണ ആദ്യമായി പാടുന്നത്. വിദ്യാസാഗർ സംഗീതം നൽകിയ "പുന്നെല്ലിൻ കതിരോല..എന്ന ഗാനമായിരുന്നു പാടിയത്. അതിനുശേഷം മിഴികൾ സാക്ഷി- എന്ന സിനിമയിലെ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിൽ "മഞ്ജുതര.. എന്ന ഗാനമാണ് ആലപിച്ചത്. അപർണ ശ്രദ്ധിയ്ക്കപ്പെട്ട ഗാനമായിരുന്നു "മഞ്ജുതര.. തുടർന്ന് നിരവധി സിനിമകളിൽ അപർണ്ണ പാട്ടുകൾ പാടി. ഫിലിംക്രിട്ടിക്സ് അവാർഡുൾപ്പടെ പല അവാർഡുകൾ അപർണയെ തേടിയെത്തി. ധാരാളം സ്റ്റേജ് ഷോകൾ ചെയ്യാറുണ്ട് അപർണ. കെ പി എസി നാടകങ്ങൾക്ക് വേണ്ടി അർജ്ജുൻ മാഷുടെ സംഗീതത്തിൽ അപർണയ്ക്ക് പാടുവാനുള്ള ഭാഗ്യമുണ്ടായി. ആർ ശരത് സംവിധാനം ചെയ്ത പുരാനിയെ ധുൻ എന്ന ഷോർട്ട് ഫിലിമിൽ ഗ്രാമി അവാർഡ് ജേതാവായ വിശ്വമോഹൻ ഭട്ട് സംഗീത സംവിധാനം നിർവഹിച്ച ഗസൽ ആലപിയ്ക്കുവാൻ അപർണയ്ക്ക് സാധിച്ചു. സംഗീതമാണ് തന്റെ വഴിയെന്നുറപ്പിച്ച അപർണ സംഗീതത്തിനായി മുഴുവൻ സമയവും സമർപ്പിച്ചിരിയ്ക്കുകയാണ്.

അപർണയുടെ ഭർത്താവ് സിദ്ധാർഥ്. മകൻ ഗൗതം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

എ പി കോമള

Submitted by mrriyad on Thu, 02/12/2009 - 22:58
A P Komala
Name in English
A P Komala

 

എം.എം.രാജ,പി.ബി.ശ്രീനിവാസ്,എസ്.ജാനകി,പി.സുശീല ഇവരെപ്പോലെ ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍ എത്തി സിനിമാരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഗായികയാണ് എ.പി.കോമള. തമിഴ്‌സിനിമയില്‍ പിന്നണിഗാനശാഖ ആരംഭിക്കുന്ന കാലംമുതലേ ആര്‍ക്കാട് പാര്‍ത്ഥസാരഥി കോമള എന്ന എ.പി.കോമളയുണ്ട്. തമിഴിനൊപ്പം തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ അവര്‍ പാടി. മാതൃഭാഷ തെലുങ്ക്. തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തിയിലുള്ള ആര്‍ക്കാട് പൂര്‍വകുടുംബം. എട്ടുമക്കളില്‍ ആറാമത്തേതായ കോമള സംഗീതഅദ്ധ്യാപകനായ അച്ഛന്റെ കീഴില്‍തന്നെ കുട്ടിക്കാലം മുതലേ സംഗീതം അഭ്യസിച്ചു. പാഠംപഠിച്ചിട്ടു പാടുന്നവരേക്കാള്‍ പാട്ടുകേട്ടാല്‍ തന്നെ അതു പാടാനുള്ള കഴിവ് കുട്ടിക്കാലം മുതലേ കോമളക്കുണ്ടായിരുന്നു.

പാര്‍ത്ഥസാരഥിയുടെ സ്നേഹിതനായിരുന്നു സംഗീതജ്ഞനായ ജി.ഭൈടിസ്വാമി.അദ്ദേഹം കൂടെ കൂടെ സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ രാജമുന്തിരിയില്‍നിന്ന് ചെന്നൈ ആകാശവാണിയില്‍ വരുമ്പോള്‍ പാര്‍ത്ഥസാരഥിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ പ്രഗത്ഭസംഗീതത്തിന്റെ കീഴില്‍ മകളെ പാട്ടുപഠിപ്പിക്കണമെന്ന് ആഗ്രഹിച്ച് പാര്‍ത്ഥസാരഥി സ്‌കൂളില്‍ പഠിച്ചിരുന്ന ഏഴുവയസ്സുകാരിയായ കോമളയെ ഗുരുകുല പഠനത്തിനായി രാജമുന്തിരിക്കയച്ചു. എസ്.ജാനകി ഉള്‍പ്പെടെ പലരുടേയും വായ്പാട്ടില്‍ ഗുരുവായ അദ്ദേഹത്തിനുകീഴില്‍ ഒന്നരവര്‍ഷത്തെ പഠനത്തിനുശേഷം തിരിച്ചെത്തിയ കോമളയെ വീണ്ടും സംഗീതം പഠിപ്പിക്കാനായി അച്ഛന്‍ നരസിംഹലു എന്ന മറ്റൊരു ഗുരുവിനെ കണ്ടെത്തി. അക്കാലത്ത് ബാലസരസ്വതി എന്ന പ്രശസ്ത നടനകലാകാരിക്കുവേണ്ടി പാടിവന്നിരുന്ന നരസംഹലുവിനൊപ്പം നൃത്തത്തിനായി പാടാന്‍ കോമളക്കും അവസരം കിട്ടി. ഇതിനിടെ ആകാശവാണിയില്‍ കോമള അവതരിപ്പിച്ചിരുന്ന സംഗീത പരിപാടികള്‍ വളരെ ശ്രദ്ധിക്കപ്പെട്ടു. ആ മനോഹരമായ ശബ്ദവും സംഗീതപാഠവവും എളുപ്പം പാട്ടു പഠിക്കാനുള്ള കോമളയുടെ കഴിവും കണ്ടറിഞ്ഞ് ആകാശവാണിക്കാര്‍ കോമളയെ അവിടത്തെ സ്ഥിരം പാട്ടുകാരിയായി തിരഞ്ഞെടുത്തു.

കണ്ണാ താമരകണ്ണാ.. എന്ന താരാട്ടുമായി 'ഭക്തകുചേല'യിലൂടെ മലയാളത്തില്‍ എത്തിയ എ.പി.കോമള ആരംഭകാലം മുതലേ മലയാള സിനിമയിലെ സജീവസാന്നിധ്യമായി. കുട്ടിക്കുപ്പായത്തിലെ 'വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവയ്ക്കില്‍....' എന്ന ഗാനം കേരളത്തില്‍ ആ ശബ്ദം പുതിയ അലകളുയര്‍ത്തി. ആദ്യകിരണങ്ങളിലെ 'കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കുപൊന്തിയ നേരത്ത്....'സാധാരണക്കാരെപ്പോലും എളുപ്പത്തില്‍ ആകര്‍ഷിച്ചു. 'ശര്‍ക്കര പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവര്‍ത്തി കുമാര.....'എന്ന കെ.പി.എ.സി യുടെ നാടകഗാനം കോമളയുടെ ശബ്ദത്തെ മലയാളികള്‍ക്കു മറ്റൊരു തേന്‍മഴയാക്കി. എസ്.ജാനകിയും പി.സുശീലയുടെയും ഗാനങ്ങള്‍ പ്രചാരം നേടുന്നതിനുമുമ്പുതന്നെ മലയാളസിനിമയില്‍ നിരവധി ഹിറ്റു ഗാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞ ഈ ഗായികയെ മലയാളികൾക്ക് മറക്കാനാവില്ല. ദൈവമേ കൈതൊഴാം..(അമ്മയെ കാണാന്‍) ,അപ്പോഴേ ഞാന്‍ പറഞ്ഞല്ലേ പ്രേമം കയ്പാണ്..(ക്രിസ്തുമസ്‌രാത്രി),സിന്ധുഭൈരവി രാഗരസം...(പാടുന്നപുഴ) ഇങ്ങനെ നിരവധി ഗാനങ്ങള്‍.

.

 ഇന്നും സംഗീതോപാസനയുമായി ചെന്നൈയില്‍ അവര്‍ സ്വസ്തമായി കഴിയുന്നു. കല്യാണം വീട് മക്കള്‍ ഈ പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത എ.പി. കോമള ഇപ്പോള്‍ സഹോദരി ഗംഗ,സഹോദരന്‍ ഗജപതി എന്നിവരോടൊപ്പം ചെന്നൈയില്‍ കഴിയുന്നു.

 

അനുരാധ ശ്രീറാം

Submitted by mrriyad on Thu, 02/12/2009 - 22:57
Anuradha Sriram
Anuradha Sriram
Name in English
Anuradha Sriram
Date of Birth

പ്രശസ്ത ഗായിക രേണുകാ ദേവിയുടെയും മീനാക്ഷി സുന്ദരം മോഹൻ്റെയും മകളായി 1970 ജൂലൈ 9നു ചെന്നൈയിൽ ജനനം. പദ്മ ശേഷാദ്രി ബാലഭവനിൽ സ്കൂൾ പഠനം പൂർത്തിയാക്കി. ആറു വയസ്സു മുതൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ അനുരാധ, കർണ്ണാടക സംഗീതത്തിലെ പ്രമുഖരായ തഞ്ചാവൂർ എസ് കല്യാണരാമൻ, സംഗീത കലാനിധി ഡോ. ടി. ബൃന്ദ, ഡോ. ടി. വിശ്വനാഥന്‍ എന്നിവര്‍ക്ക് കീഴില്‍ സംഗീതം അഭ്യസിച്ചു. പണ്ഡിറ്റ് മണിക്ബുവ താക്കൂര്‍ ദാസിന്റെ കീഴില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ച അനുരാധ, ചെന്നൈ ക്യൂൻസ് മേരി കോളേജിൽ നിന്നും സംഗീതത്തിൽ ബി.എയും എം.എയും കരസ്ഥമാക്കി. പിന്നീട് അമേരിക്കയിലെ കണക്റ്റിക്കട്ടിലുള്ള വെസ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എത്നോ-മ്യൂസിക്കോളജിയിൽ എം.എ കരസ്ഥമായി. പിന്നീട പാശ്ചാത്യ ഒപേറ, ജാസ് സംഗീത ശാഖകളിലും പ്രാവീണ്യം നേടി. 

1980 ൽ കാലി എന്ന തമിഴ് ചിത്രത്തിലെ ഗാനമാലപിച്ചു കൊണ്ട് ബാലതാരമായാണു സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് 1995ൽ ബോംബെ എന്ന ചിത്രത്തിലെ മലരോട് മലരിങ്ങ് എന്ന ഗാനമാലപിച്ചു കൊണ്ട് ഗായികയായി അരങ്ങേറ്റം കുറിച്ചു. എ ആർ റഹ്മാൻ്റെ തന്നെ ഇന്ദിരയിലെ അച്ചം അച്ചം ഇല്ലൈ ആയിരുന്നു ആദ്യത്തെ സോളോ ഗാനം. 1997ൽ പുറത്തിറങ്ങിയ 'ചെന്നൈ ഗേൾ' എന്ന ആൽബം വലിയ ഹിറ്റായിരുന്നു. ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിനായി ഭർത്താവ് ശ്രീറാമിനൊപ്പം സംഗീതവും നൽകിയിട്ടുണ്ട് അനുരാധ. ആറു ഭാഷകളിലായി 3000ലധികം ഗാനങ്ങൾ ഇതുവരെ പാടിക്കഴിഞ്ഞു. അറേബ്യ എന്ന ജയരാജ് ചിത്രത്തിലെ ഹമ്മ ഹേയ് എന്ന ഗാനം മനോക്കൊപ്പം പാടിയാണു അനുരാധാ ശ്രീറാം ആദ്യമായി മലയാളത്തിൽ എത്തിയത്.

പന്ത്രണ്ടാം വയസ്സു മുതൽ സംഗീത വേദികളിൽ സജീവമായിരിക്കുന്ന അനുരാധ, നിരവധി റേഡിയോ/ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികർത്താവായും അനുരാധ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് കര്‍ണാടക, ബംഗാള്‍ സംസ്ഥാന അവാര്‍ഡുകളും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും ഉള്‍പ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തി. 2012-ൽ സത്യഭാമ യൂണിവേഴ്‌സിറ്റി, സംഗീത രംഗത്തെ സംഭാവനകൾക്കായി അവർക്ക് ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഭര്‍ത്താവ് ശ്രീറാം പരശുറാം അറിയപ്പെടുന്ന സംഗീതജ്ഞന്‍.

അവലംബം: അനുരാധാ ശ്രീറാമിൻ്റെ ഓഫീഷ്യൽ വെബ്‌സൈറ്റ്