സ്കൂൾ മാസ്റ്റർ
സ്കൂൾ മാനേജ്മന്റുകളുടെ അനധകൃതമായിട്ടുള്ള പ്രവൃത്തികൾ മൂലം ജീവിതം ദുരിതപൂർണമായ ഒരു അധ്യാപകന്റെ കഥയാണു ചിത്രത്തിന്റെ ഇതിവൃത്തം.
രാമൻ പിള്ള ( തിക്കുറുശി) പാമ്പാടിയിലെ ഒരു പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്ററായി വരുന്നു. പുതിയ ഹെഡ് മാസ്റ്റർക്ക് കുടിലനായ മാനേജർ ശേഖരൻ നായരിൽ (മുത്തയ്യ) നിന്നും കടുത്ത വിഷമങ്ങൾ നേരിടേണ്ടി വരുന്നു. മാസ്റ്ററുടെ വീട് ശേഖരൻ നായർ തീവച്ചു നശിപ്പിച്ചപ്പോൾ വിദ്യാർത്ഥികൾ തന്നെ പുതിയവീട് നിർമ്മിക്കാൻ സഹായിക്കുന്നു. മാസ്റ്റരുടെ മകൻ മുരളിയും (ബാലാജി) ശേഖരൻ നായരുടെ മകൾ വിശാലവും (അംബിക) പ്രണയത്തിലാകുന്നു. രണ്ടാമത്തെ മകൻ അനിയൻ (പ്രേം നസീർ) മദ്രാസിൽ പഠിക്കാനെത്തി ‘ഭജഗൊവിന്ദം’ ജപിയ്ക്കുന്ന സ്ത്രീയുടെ (പങ്കജവല്ലി) മകളുമായി (രാഗിണി) പ്രണയത്തിലാകുന്നു. മാസ്റ്റരുടെ മകൾ വാസന്തിയുടെ (കല്പന) വിവാഹത്തിനു കടം വാങ്ങിയ തുക വിവാഹസ്ഥലത്തു വച്ചു തന്നെ ശേഖരൻ നായർ തിരിച്ചു വാങ്ങിക്കുന്നു. മാസ്റ്റരുടെ പ്രയത്നത്താൽ പ്രൈമറി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെടുന്നു. ആ അഘോഷവേളയിൽ തന്നെ മാസ്റ്റർ പെൻഷനായി പിരിയുന്നു. കടം കയറിയ മാസ്റ്ററെ മക്കൾ സഹായിക്കുന്നില്ല. മക്കൾ മാസ്റ്ററേയും ഭാര്യയേയും പങ്കിട്ടെടുക്കുന്നു. കുടിച്ചു ലക്കുകെട്ട ശേഖരൻ നായരുടെ വീട് സ്വന്തം അശ്രദ്ധയാൽ കത്തിയെരിയുന്നു. മുരളിയുടെ വീട്ടിൽ അയാളെ താമസിപ്പിക്കാൻ രാമൻ പിള്ള സാർ വാദിക്കുന്നു. മരുമകളുടെ ലോക്കറ്റ് കട്ടെടുത്തു എന്ന കള്ളക്കുറ്റം ചുമത്തി മാസ്റ്ററെ ലോക്കപ്പിലാക്കുന്നു. പൂർവ്വവിദ്യാർത്ഥിയായ ജോണി ( ശിവാജി ഗണേശൻ) പോലീസ് ഒഫീസറായി വരുന്നു. ജോണിയുടെ സഹായത്താൽ മാസ്റ്റർ ജയിൽ മോചിതനാകുന്നു.
ആദ്യം കന്നടത്തിലാണ് ഈ സിനിമയിറങ്ങിയത്. പിന്നീട് മറ്റു ഭാഷകളിലും സംവിധായകനിർമ്മാതാവായ ബി. ആർ. പന്തലു നിർമ്മിച്ചു. മലയാളത്തിൽ ഇറങ്ങിയതിനു തൊട്ടു മുൻപായിരുന്നു തമിഴ് പതിപ്പ് ഇറങ്ങിയത്. മൂല കഥ ആരുടേതാണെന്ന് വ്യക്തമല്ല.
- Read more about സ്കൂൾ മാസ്റ്റർ
- Log in or register to post comments
- 3925 views