പൊൻ മുളം തണ്ടു മൂളും

പൊൻ മുളം തണ്ടു മൂളും പാട്ടിൽ ഞാൻ കേട്ടു നിന്റെ
ഹരിരാഗ ഗീതത്തിൻ ആലാപനം
പൂവെയിൽ കോടി നെയ്യും പൊന്നിൽ ഞാൻ കണ്ടൂ നിന്റെ
മലർ മേനി ചാർത്തുന്ന പീതാംബരം
പൊൻ മുളം തണ്ടു മൂളും..

പൊയ് പോയ ജന്മത്തിൽ യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോം മൺ തോണി ഞാൻ
കദളീ നിലാവിന്റെ കളഭം തൊടീച്ചെന്റെ
നെറുകിൽ തലോടില്ലേ നിൻ മീര ഞാൻ
അഭയം നീയേ (2)
ആനന്ദ ചിന്മയനേ ആ...(പൊൻ മുളം..)

വനമുല്ല കോർത്തീലാ നറുവെണ്ണ കണ്ടീലാ
പകരം തരാനൊന്നും കരുതിയില്ലാ
ഇടനെഞ്ചിൽ നീറുന്ന മുറിവാർന്നൊരീറ പ്പൊൻ
കുഴലായ് നിൽപ്പൂ നിൻ പ്രിയ രാധ ഞാൻ
ശരണം നീയേ(2)
ഘനശ്യാമ സുന്ദരനേ ആ..(പൊൻ മുളം..)