തേവാരമുരുവിടും

 

തേവാരമുരുവിടും തത്തേ
തുഞ്ചന്റെ കണ്മണിത്തത്തേ
തിരുവോണ നാളിലെ പൂനിലാത്തത്തേ
തിരിവിളക്കാണു നീ മുത്തേ കൈ
ത്തിരി വിളക്കാണു നീ മുത്തേ
(തേവാരമുരുവിടും...)

തുമ്പയും തുളസിയും കദളി തൻ നാക്കില
ത്തുമ്പിലെ കറുകയും കളഭജല ശംഖവും
തിരുതുടിയുമൂണരുന്ന തൃക്കാക്കരയ്ക്കു പോയ്
തുയിലുണരൂ തൊഴുതുണരൂ വരമരുളൂ തത്തേ
(തേവാരമുരുവിടും...)

സ്വാതിയും ഷഡ്‌കാല ഗോവിന്ദമാരാരും
സ്വര കമല ഫലമൂലമേകി
കൈയ്ക്കാത്ത കാഞ്ഞിരക്കൊമ്പിൽ തപസ്വിയോ
മധു മധുര ഗുളമവിലുമേകി
മടുമൊഴിയിലുണരും നിൻ മലയാള വാക്കിന്റെ
കള നിളയിൽ നീന്തി നീരാടി
(തേവാരമുരുവിടും...)

കാവ്യകല നടമാടും കളിയരങ്ങത്തു നീ
ശ്രുതി മധുര ശത തന്ത്രിയായ്
മന്ത്രങ്ങൾ പൂക്കുന്നോരേഴിലം പാലമേൽ
മൃദുഗാന ഗന്ധർവ്വനായീ
മണി മുരളിയുണരുന്ന പുലർകാല വേളയിൽ
ഹരിരാഗവരസൂര്യനായ്
(തേവാരമുരുവിടും...)