പകൽ വാഴുമാദിത്യൻ

പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു
പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു
നറുതിരി കത്തുന്ന നിലവിളക്കായ് സഖീ
നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ
നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..)

രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ
രാകേന്ദുവായ് വിടർന്നു നീയൊരു
രാകേന്ദുവായ് വിടർന്നു
നിന്നിലെൻ നിർന്നിദ്ര രാവുകളിലെന്തിനോ
നിരവദ്യ ചുംബനം പകർന്നു വെച്ചു നിന്റെ
നീലോല്‍പ്പലമിഴി തുടിച്ചു (പകൽ..)

താമരച്ചെപ്പൊൽ തളിർ മണിച്ചെപ്പിൽ
തങ്കക്കിനാവൊരുക്കി ഞാൻ വര
തംബുരു ശ്രുതിയിണക്കി
പിന്നെയെൻ പ്രാണന്റെ പൂക്കടമ്പിൽ മേലേ
നിറവർണ്ണപുഷ്പമായ് നീ ചിരിച്ചു എന്റെ
വാസന്ത മണ്ഡപം അലങ്കരിച്ചൂ (പകൽ..)