പൂക്കളം കാണുന്ന പൂമരം പോലെ നീ

പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു...
വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിൻ
പൂമേനി പൊന്നായി മിന്നി.. നിൻറെ
പൂമേനി പൊന്നായി മിന്നി..

പൂവണി പൂവണിയോരോന്നും പിന്നെ നിൻ
തൂമുഖഭാവവും കണ്ടും
നിൻറെ കയ്യില്‍നിന്നും പണ്ടു ഞാൻ നേടിയ
പൂവടതൻ രുചിയോര്‍ത്തും..
മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടീ, മുഗ്ദ്ധ
മീക്കാഴ്ച തന്നേയൊരോണം..
കാലത്തിൻ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മൾ
കാണുകയായിതാ വീണ്ടും...

ആമന്ദമാമന്ദമോമനക്കാല്‍ വെച്ചു
താളത്തിലെന്നടുത്തെത്തി
പൂമിഴികൊണ്ടു തലോടിയെന്നുള്ളിൻറെ
പൂമുഖവാതില്‍ തുറന്നു
ഒന്നും മറന്നിട്ടില്ലിന്നോളം നീയെന്നാ
കണ്ണീര്‍പ്പൊടിപ്പുകൾ ചൊല്ലി
ആദ്യത്തെ ചുംബനം പൂശിയ നാണമൊ-
ന്നാമുഖത്താളിമറഞ്ഞു...

.