പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...
പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ (2)
ആ കൈയ്യിലോ അമ്മാനയാട്ടം
ഈ കൈയ്യിലോ പാൽക്കാവടി
കാലം പകർന്നു തുടിതാളം...
(പൂവായ് വിരിഞ്ഞൂ)
ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി
ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2)
ചന്ദനമണിപ്പടിയിലുണ്ണിമലരാടി
ചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2)
താനേ ചിരിക്കും താരങ്ങൾ പോലേ
മണ്ണിന്റെ മാറിൽ മാന്തളിരു പോലെ
മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്
(പൂവായ് വിരിഞ്ഞൂ)
പ്രണവമധു നുകരുവതിനുണരുമൊരു ദാഹം
കനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം (2)
മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ
ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം (2)
കാണാനുഴറുന്നു നാടായ നാടും
കാടായ കാടും തേടിയലയുന്നൂ
ഏതു പൊരുൾ തേടിയതു കാനൽജലമായിതോ
(പൂവായ് വിരിഞ്ഞൂ)