പാവങ്ങളിലലിവുള്ളോരേ

പാവങ്ങളിലലിവുള്ളോ‍ാരേ
പാരം സൌഖ്യമെഴുന്നോരേ
പാപികളായ് വഴിനീളെ വരുമീ
പാവങ്ങൾക്കുയിർ തന്നാലും

തൊഴിലുകൾ ചെയ്‌വാൻ കഴിവിയലാതെ
വലയുകയാണീ പാവങ്ങൾ‍
എരിവയർ പോറ്റാൻ അലിവെഴുവോരെ
തിരയുകയാണു സദാ ഞങ്ങൾ

ഹൃദയം തകരും വേദനയോടെ
യാചിക്കുകയാണീ ഞങ്ങൾ
കരയും കുഞ്ഞിൻ കണ്ണു തുടയ്ക്കാൻ
കൈകൾ നീട്ടുകയാം ഞങ്ങൾ

വിധിയുടെ നിർദ്ദയനീതികളാലേ
ഗതികേടിന്നിരയായ് ഞങ്ങൾ
അതിദയനീയം പടിവാതിലുകളിൽ
അണയുകയാണു സദാ ഞങ്ങൾ.