മഞ്ഞിന്റെ മറയിട്ട

മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ
മൃദുല നിലാവുദിക്കുമ്പോൾ....
കാലം കെടുത്തിയ കാർത്തികദീപ്‌തികൾ
താനേ തിളങ്ങുകയാണോ...
കൽത്താമരപ്പൂവിതളുകൾ പിന്നെയും
കാറ്റിൽ തുടിയ്‌ക്കുകയാണോ...

ചായങ്ങൾ മായുന്നൊരീച്ചുമർച്ചിത്രത്തിൽ
മഴവില്ലു താനേ ഉദിച്ചു.....
മിഴിപൂട്ടി നിന്നാൽ തെളിയുന്ന തൊടിയിൽ
നീർമാതളങ്ങൾ തളിർത്തു....
അകലെ നിന്നെത്തുന്ന നീലാംബരിയുടെ
ഒരു തൂക്കുമഞ്ചിൽ കിടന്നു....

എന്റെ സ്വകാര്യവിചാരങ്ങളൊക്കെയും
നിൻ മുളം‌തണ്ടിൽ തുളുമ്പും...
കാട്ടുകടമ്പിന്റെ നിശ്വാസസൗരഭം
ഒരു കരസ്പർശമായ് തീരും....
പ്രണയമാം യമുനയിൽ ഹേ ശ്യാമകൃഷ്ണാ
ഞാനിന്നു നീരാടി നിൽക്കും...

(മഞ്ഞിന്റെ)

Submitted by vikasv on Mon, 04/27/2009 - 04:57