മാജിക്കാണ് ഉപജീവന മാർഗ്ഗമെങ്കിലും വല്ലാത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ് മജീഷ്യൻ റങ്കൂണ്‍ വാല. അവസരങ്ങൾ നന്നേ കുറയുന്നതിനാൽ കടം വാങ്ങിയാണ് അയാൾ ജീവിക്കുന്നത്. അതിനിടയിൽ സ്കൂളിൽ ഒരു പരിപാടി അയാൾക്ക് ലഭിക്കുന്നു. എന്നാൽ വാനിഷിംഗ് ബ്യൂട്ടി എന്ന പരിപാടി അവതരിപ്പിക്കാൻ അയാൾ നിർബന്ധിതനാകുന്നു. അതിനായി അയൽവാസിയായ ശ്രീദേവിയുടെ സഹായം അയാൾ തേടുന്നു. എന്നാൽ കൃത്യ സമയത്ത് പെട്ടിയിൽ നിന്നും അവർക്ക് പുറത്ത് കടക്കാൻ കഴിയാതെ വരുന്നതോടെ ആ പരിപാടി പൊളിയുന്നു. റങ്കൂണ്‍ വാല നാടുവിടാൻ ഉദ്ദേശിക്കുന്നുവെങ്കിലും ശ്രീദേവിയുടെ നിർബന്ധപ്രകാരം അവിടെ തന്നെ കഴിയുന്നു. ഒരു രാത്രി രാജു എന്ന പോക്കറ്റടിക്കാരൻ രണ്കൂൻ വാലയുടെ വീട്ടിലേക്ക് ഓടി കയറുന്നു. പോലീസ് പിന്തുടരുന്ന രാജുവിനെ ആദ്യം അയാൾ രക്ഷിക്കുന്നുവെങ്കിലും പിന്നീട് അയാൾ തന്നെ പോലീസിനു കാട്ടിക്കൊടുക്കുന്നു. തിരികെ വരുന്ന രാജുവിനെ കള്ളനെന്നു കരുതി റങ്കൂണ്‍ വാലയും നാട്ടുകാരും ചേർന്ന് മർദ്ദിച്ച് അവശനാക്കുന്നു. അയാൾ കള്ളനല്ല എന്നറിയുമ്പോൾ അയാളുടെ ചികിത്സക്കായി നാട്ടുകാർ പണം നൽകുന്നു. പിന്നീട് റങ്കൂണ്‍ വാലയും രാജുവും ചേർന്ന് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങുന്നു. നാട്ടിലെ പ്രധാന കേടിയായ കീലേരി അച്ചുവിനെ രാജു ഒതുക്കുന്നു.
ഒരു കൂട്ടം ഗുണ്ടകൾ സുജാത എന്ന പെണ്‍കുട്ടിയെ പിന്തുടരുകയും അവർ റങ്കൂണ്‍ വാലയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിപ്പെടുകയും ചെയ്യുന്നു. വാനിഷിംഗ് ബ്യൂട്ടിയുടെ ഭാഗമായി പെട്ടിയിൽ നിന്നും ശ്രീദേവി പുറത്തിരങ്ങുന്നുവെങ്കിലും ഗുണ്ടകളിൽ നിന്നും രക്ഷപ്പെടാനായി സുജാത അതിൽ കയറി പറ്റുന്നു. അതോടെ മാജിക്ക് പൊളിയുന്നു. നാട്ടുകാരുടെ അടി കിട്ടാതെ അവർ ഓടി രക്ഷപ്പെടുന്നു. അടുത്ത ദിവസം സുജാതയെ അന്വേഷിച്ച് കുറച്ച് ആളുകൾ എത്തുന്നു. അവളെ അന്വേഷിച്ചെത്തുന്ന ജാഫർ, തന്റെ അനിയനെ പ്രണയം നടിച്ച് വഞ്ചിച്ച് പണവുമായി കടന്നു കളഞ്ഞതാണ് അവൾ എന്നും ഭ്രാന്താശുപത്രിയിൽ കിടക്കുന്ന അയാളെ രക്ഷിക്കാൻ അവളെ കണ്ടുപിടിച്ചേ മതിയാകൂ എന്നും അയാൾ പറയുന്നു. അതിനായി പണവും അവർക്ക് വാഗ്ദാനം ചെയ്യുന്നു. അവിചാരിതമായി അവർ സുജാതയെ വീണ്ടും കണ്ടുമുട്ടുന്നു. അവളോട് സംസാരിക്കുന്നതിനിടയിൽ ജാഫറിനു ഫോണ്‍ ചെയ്ത് അയാളെ വരുത്തുന്നു. സുജാതയെ കയ്യിൽ കിട്ടുന്ന ജാഫർ, രാജുവിനെയും റങ്കൂണ്‍ വാലയേയും തള്ളിമാറ്റി സുജാതയേയും കൊണ്ട് കടന്നു കളയുന്നു. ജാഫർ ഒരു ക്രിമിനലാണെന്ന് തിരിച്ചറിയുന്ന കീലേരി, സുജാതയുടെ ജീവൻ അപകടത്തിലാണെന്ന് അവരോട് പറയുന്നു. അവർ ജാഫറിന്റെ താവളം കണ്ടെത്തുന്നു. സുജാതയെ രക്ഷിച്ച് ഒരു ഒളിത്താവളത്തിൽ താമസിപ്പിക്കുന്നു.
കഥാവസാനം എന്തു സംഭവിച്ചു?
അവർ തന്നെ പിന്തുടരുന്നതിന്റെ കാരണം സുജാത അവരോട് പറയുന്നു. ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സുജാതയുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്രപ്രവർത്തകയായിരുന്നു ശ്യാമ. ആ ഹോസ്പിറ്റലിൽ നടക്കുന്ന അവയവ കള്ളക്കടത്തിനെ കുറിച്ച് വിവരം ലഭിക്കുന്ന ശ്യാമ ആത്മഹത്യാ ശ്രമം നടത്തി അവിടെ അഡ്മിറ്റാകുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അവൾ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നു. ഹോസ്പിറ്റൽ ഉടമ പീറ്റർ ലാലാണ് ഇതിനു പിറകിലെന്ന സത്യം ശ്യാമ സുജാതയെ അറിയിക്കുന്നു. എന്നാൽ ശ്യാമ കൊല്ലപ്പെടുന്നു. മരിക്കുന്നതിനു മുന്നേ ആ റിപ്പോർട്ട് സുജാതയുടെ പേരിൽ അവൾ കൊറിയർ ചെയ്തിരുന്നു. ആ റിപ്പോർട്ട് കണ്ടെത്തി നശിപ്പിക്കുവാനാണ് അവർ തന്നെ പിന്തുടരുന്നത് എന്ന് സുജാത പറയുന്നു. ആ റിപ്പോർട്ട്, ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാനെന്നും അതിന്റെ താക്കോൽ വീട്ടിലാണെന്നും സുജാത പറയുന്നു. രാജു ആ താക്കോൽ എടുക്കാൻ പോയി വരുന്ന വഴി പീറ്റർ ലാലിന്റെ ആളുകൾ അയാളെ .ആക്രമിക്കുന്നുവെങ്കിലും രാജു രക്ഷപ്പെടുന്നു. നഗരത്തിൽ നടക്കുന്ന നീതി മേളയിൽ ഈ റിപ്പോർട്ട് എത്തിക്കുവാൻ അവർ തീരുമാനിക്കുന്നു. ഒരു സംഘർഷത്തിനൊടുവിൽ അവരതിൽ വിജയിക്കുന്നു. പീറ്റർ ലാലും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടുന്നു.