സമൂഹത്തിലെ അഴിമതികൾക്കെതിരെ നന്ദഗോപാൽ നടത്തുന്ന ഒറ്റയാൾ പോരാട്ടം. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനും പരിഹാരം കാണാനും “ലോക് പാൽ” എന്ന പേരും വെബ് സൈറ്റും ഉപയോഗിക്കുന്നു.
സമൂഹത്തിലെ അഴിമതികൾക്കെതിരെ നന്ദഗോപാൽ നടത്തുന്ന ഒറ്റയാൾ പോരാട്ടം. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനും പരിഹാരം കാണാനും “ലോക് പാൽ” എന്ന പേരും വെബ് സൈറ്റും ഉപയോഗിക്കുന്നു.
തമിഴിലെ പ്രശസ്ത നടൻ തമ്പി രാമയ്യ (മൈന ഫെയിം) ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വലിയൊരു ഇടവേളക്ക് ശേഷം തിരക്കഥാകൃത്ത് എസ് എൻ സ്വാമി സംവിധായകൻ ജോഷിക്കു വേണ്ടി തിരക്കഥ എഴുതുന്നു.
സമൂഹത്തിലെ അക്രമികളാൽ ജീവിതം ദുസ്സഹമായ സത്യാന്വേഷി മുകുന്ദൻ മേനോൻ (ടി ജി രവി) ഇപ്പോഴും തന്റെ ആശയങ്ങളിൽ മുറുകെപ്പിടിച്ച് ജീവിക്കുകയാണ്. അയാളെ സഹായിക്കാൻ ജെയ്ൻ(മീരാ നന്ദൻ) എന്ന ജേർണലിസ്റ്റും ഉണ്ട്. മുകുന്ദൻ മേനോന്റെ ആശയങ്ങൾ സ്വീകരിച്ച് ജെയ്നും സാമൂഹിക പ്രതിബദ്ധതയോടെ തന്റെ ജോലികൾ നിർവ്വഹിക്കുന്നു. സമൂഹത്തിൽ നടക്കുന്ന അഴിമതികൾ കണ്ടെത്താനും തടയാനും കള്ളപ്പണം കണ്ടെത്താനുമൊക്കെ പ്രതിജ്ഞാബന്ധമായ ഒരു വെബ് സൈറ്റാണ് ‘ലോക് പാൽ’ സമൂഹത്തിലെ എല്ലാവർക്കും ഈ സൈറ്റിനെക്കുറിച്ചറിയാം. ഇതിലൂടെ പരാതികൾ നൽകിയാൽ അത് പരിഹരിക്കപ്പെടുമെന്നും. പക്ഷെ ആരാണ് ലോക് പാൽ എന്നോ അതിന്റെ പുറകിൽ ആരാണെന്നോ ആർക്കും അറിയില്ല. ജെയ്ൻ ലോക് പാലിനെക്കുറിച്ചറിയാൻ ശ്രമിക്കുന്നുവെങ്കിലും അത് സാധിക്കുന്നില്ല.
യൂണിവേഴ്സിറ്റി എക്സാമിനറായ ഡോ. മുരളീധരന്റെ (ശിവജി ഗുരുവായൂർ) അടുത്ത് എണ്ട്രൻസ് എക്സാമിന്റെ ആവശ്യത്തിനു കൈക്കൂലിയുമായി ഒരാൾ വരുന്നു. തന്റെ മകൾക്ക് എണ്ട്രൻസ് എക്സാം വിജയിക്കണം എന്നതാണ് ആവശ്യം. അവരിൽ നിന്ന് പണം വാങ്ങിയ മുരളീധരനു രാത്രിയിൽ ‘ലോക് പാലി‘ന്റെ ഫോൺ കാൾ വരുന്നു. ആ പണം അർഹിക്കുന്ന കൈകളിൽ എത്തണമെന്നും അതിനു വേണ്ടി താൻ ആ പണം കൈക്കലാക്കുമെന്നായിരുന്നു സന്ദേശം. പണം ഒളിപ്പിക്കാൻ ശ്രമിക്കുന്ന മുരളീധരന്റെ മുന്നിൽ “ലോക് പാൽ” പ്രത്യക്ഷപ്പെടുകയും പണം കൈക്കലാക്കുകയും ചെയ്യുന്നു. ഡോ. മുരളീധരൻ അടുത്ത ദിവസം എസ് പി ഓഫീസിൽ പരാതി നൽകുന്നു. എസ് പി വിനയൻ ഐ പി എസി(മനോജ് കെ ജയൻ)ന്റെ നിർദ്ദേശപ്രകാരം പോലീസ് ലോക്പാലിന്റെ സ്കെച്ച് തയ്യാറാക്കുന്നു.
ഇടനിലക്കാരനായ വക്കീലിന്റെ നിർദ്ദേശപ്രകാരം ഒരു റിസോർട്ട് ഉടമ ടോമിച്ചനെ (മഹേഷ്) കാണാൻ വക്കീലും എസ് പി വിനയനും പോകുന്നു. ടോമിച്ചൻ പ്രതിയായിട്ടുള്ള ഒരു പെൺ വാണിഭക്കേസിൽ നിന്നും അയാളെ കുറ്റവിമുക്തനാക്കണം എന്നതാണാവശ്യം. എസ് പി ഒരു കോടി പ്രതിഫലമായി കൊടുക്കുന്നു. പണവുമായി വരും വഴി എസ് പി ക്ക് ലോക് പാലിന്റെ ഫോൺ സന്ദേശം വരുന്നു. കൈക്കൂലിയായി എസ് പി വാങ്ങിയ പണം താൻ കൈക്കലാക്കുമെന്നും അർഹിക്കുന്ന കൈകളിലേക്ക് അതെത്തിക്കുമെന്നുമായിരുന്നു സന്ദേശം. എസ് പി വീട്ടിൽ ഇല്ലാത്ത അടുത്ത ദിവസം ലോക് പാൽ എസ് പി യുടെ വീട്ടിൽ കടന്ന് ഒരു കോടി മോഷ്ടിക്കുന്നു. പണം നഷ്ടപ്പെട്ട എസ് പി പോലീസിനെക്കൊണ്ട് അന്വേഷിക്കുന്നു. എന്നാൽ കണക്കിൽ പെടാത്ത ആ ഒരു കോടിയെപ്പറ്റി അന്വേഷണമുണ്ടാവുമെന്ന് ഭയന്ന് എസ് പി അന്വേഷണം അവസാനിപ്പിക്കുന്നു.
അഴിമതിക്കെതിരെയുള്ള ഒരു സെമിനാറിൽ നന്ദഗോപാലിനു(മോഹൻലാൽ) സംസാരിക്കാൻ അവസരം കിട്ടുന്നു. അഴിമതിക്കെതിരെ ഉജ്ജ്വലമായി സംസാരിച്ച നന്ദഗോപാലിന്റെ പ്രസംഗം സത്യാന്വേഷി മുകുന്ദൻ മേനോനു ഇഷ്ടപ്പെടുന്നു. അയാൾ നന്ദഗോപാലിനെ പരിചയപ്പെടുകയും വിശദമായി സംസാരിക്കാൻ മറ്റൊരു ദിവസം അനുവദിക്കണമെന്നും പറയുന്നു. അതു പ്രകാരം മുകുന്ദൻ മേനോന്റെ വീട്ടിലെത്തിയ നന്ദഗോപാലിനോട് മുകുന്ദൻ മേനോൻ തന്റെ കഥകൾ പറയുന്നു. തന്റെ ഭൂതകാലത്തെപ്പറ്റി പറഞ്ഞ നന്ദഗോപാൽ തന്നെയാണ് ലോക്പാൽ എന്ന് മുകുന്ദൻ മേനോൻ മനസ്സിലാക്കുന്നു. നഗരത്തിലെ കായലോരത്ത് ‘നന്ദൂസ് ഫുഡ് കോർട്ട്’ എന്ന റസ്റ്റോറന്റ് നടത്തുന്ന നന്ദഗോപാൽ എന്ന താൻ തന്നെയാണ് ലോക് പാൽ എന്ന് നന്ദഗോപാൽ വെളിവാക്കുന്നു. അധികാരത്തിലെ വലിയ ഇടനിലക്കാരനും വലിയ അഴിമതിക്കാരനുമായ മാന്യുവലി(സായ്കുമാർ)നെ പ്പറ്റി മുകുന്ദൻ മേനോൻ നന്ദഗോപാലിനോട് പറയുന്നു.
ലോക് പാൽ മാന്യുവലിനും മറ്റു അഴിമതികാർക്കെതിരെയും ശക്തമായ പ്രതിരോധം തീർക്കുന്നു. എസ് പി വിനയനും അഭ്യന്തര മന്ത്രിയും മാന്യുവലും കൂടി ലോക് പാലിനെ പിടികൂടാൻ എല്ലാ ശക്തിയും ചേർന്ന് പ്രയത്നിക്കുന്നു.
- 1052 views