ഒരു പഴയ നായർ തറവാട്ടിലെ അവസാനത്തെ കണ്ണിയാണ് ബാലചന്ദ്രൻ. അഭ്യസ്തവിദ്യനാണെങ്കിലും ജോലി ഒന്നും തരപ്പെടുത്താൻ കഴിയാതെ സംഗീതോപാസനയുമായി കഴിയുന്നു. അല്പം പണം നൽകിയാൽ ഒരു കോളേജിൽ അധ്യാപകന്റെ ജോലി ശരിയാക്കാം എന്ന് കരുതി, തന്റെ തറവാട്ടിലെ ഭാഗത്തിനായി കാത്തിരിക്കുകയാണയാൾ. എന്നാൽ മാസം പലതു കഴിഞ്ഞിട്ടും ഭാഗം നടക്കുന്നില്ല. അമ്മാവനും ചിറ്റപ്പനും എല്ലാം തമ്മിൽ സ്ഥിരം അടിയിലാണ് ഭാഗത്തിന്റെ ചർച്ചകൾ അവസാനിക്കുക. അമ്മാവന്റെ മകൾ രമണിക്ക് തന്നെ ഇഷ്ടമാണെന്ന് അറിയാമെങ്കിലും, അമ്മാവന് ചിലപ്പോൾ അതിഷ്ടപ്പെടില്ല എന്ന് കരുതി ബാലൻ തന്നെ അവളെ വിലക്കുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി, ഗുരുവായൂരപ്പനെ കണ്ട് തൊഴുത്, അവിടുത്തെ സംഗീതോത്സവത്തിൽ പാടി വരുവാനായി ബാലചന്ദ്രന്റെ മുത്തശ്ശി അവനോട് പറയുന്നു. ബാലനും അച്ഛനും സുഹൃത്തുക്കളും ഗുരുവായൂരെത്തി, അച്ഛന്റെ സുഹൃത്തായ ഷാരടിയുടെ വീട്ടിൽ താമസിക്കുന്നു. ബാലന് കിടക്കുവാനായി അയൽവാസിയായ പടിക്കൽ മേനോന്റെ വീട്ടിൽ നിന്നും ഷാരടി കിടക്ക വാങ്ങുന്നു. സംഗീതോത്സവത്തിൽ പാടാനായി മേനോന്റെ മകൾ അരുന്ധതി തയാറാക്കിയ കീർത്തനം ആ കിടക്കയിൽ നിന്നും ബാലന് കിട്ടുന്നു. ബാലൻ ആ കീർത്തനം വേദിയിൽ പാടുന്നു. അത് കേൾക്കുന്ന അരുന്ധതി, അത് തന്റേതാണെന്നും, ബാലൻ അത് മോഷ്ടിച്ചതാണെന്നും പറയുന്നു. അത് ഒരു പ്രശ്നമായി മാറിയപ്പോൾ, മേനോന് അത് അപമാനമായി മാറി. അയാൾ അരുന്ധതിയും അമ്മയേയും ഉപദ്രവിക്കുന്നു. എന്നാൽ ആ സമയം ബാലൻ കടന്നു വന്ന് ക്ഷമ ചോദിക്കുന്നു. മേനോൻ തന്റെ മക്കളോട് ബാലനെ പുറത്താക്കാൻ പറയുന്നുവെങ്കിലും അതിനു നിൽക്കാതെ ബാലൻ സ്വയം പോകുന്നു. പിന്നീട് ബാലൻ അരുന്ധതിയെ കണ്ട് ക്ഷമ പറയുന്നു. എന്നാൽ അരുന്ധതിയുടെ ചേട്ടന്മാർ ആ വഴി വരികയും ബാലനുമായി കയ്യാങ്കളിയിൽ എത്തുകയും ചെയ്തു. ബാലനെ അടിച്ച് വീഴ്ത്താൻ ശ്രമിക്കുന്നതിനിടയിൽ അരുന്ധതിയുടെ തലക്ക് അടിയേൽക്കുന്നു.
ആശുപത്രിയിൽ എത്തി ബാലൻ അരുന്ധതിയെ കാണുന്നു. വീട്ടുകാരുമായി വന്ന് ചോദിച്ചാൽ അരുന്ധതിയെ വിവാഹം കഴിച്ച് നൽകുമോ എന്ന് ബാലൻ അരുന്ധതിയുടെ അമ്മയോട് ചോദിക്കുന്നു. അവർ സമ്മതിക്കുന്നു. ബാലൻ അരുന്ധതിയെ കണ്ട വിവരം മേനോൻ അറിയുന്നതോടെ അയാൾ അവളെ ആഹാരം പോലും നൽകാതെ മുറിയിലടക്കുന്നു. അതിനിടയിൽ ബാലന് മദ്രാസിൽ ഒരു ജോലി ശരിയാകുന്നു. ബാലന് അരുന്ധതിയെ ഇഷ്ടമായ വിവരം ബാലന്റെ അച്ഛൻ വീട്ടിൽ എല്ലാവരോടും പറയുന്നു. അവർ ഒരുമിച്ച് ചെന്ന് പെണ്ണു ചോദിക്കാൻ തീരുമാനിക്കുന്നു. ബാലനെ ഇഷ്ടമാണെന്ന് എല്ലാവർക്കും മുന്നിൽ വച്ച് അരുന്ധതി പറയുന്നുവെങ്കിലും മേനോൻ അവരെയെല്ലാം അപമാനിച്ച് ഇറക്കി വിടുന്നു. ബാലനും ബന്ധുക്കളും തിരിച്ച് പോരുന്നുവെങ്കിലും പാതി വഴിയിൽ ഇറങ്ങി ബാലൻ, മേനോന്റെ വീട്ടിലേക്ക് ചെല്ലുന്നു. അവളുടെ ചേട്ടന്മാരുമായി വഴക്കിടുകയും ഒടുവിൽ അരുന്ധതിയെ വിളിച്ചിറക്കി കൊണ്ടു വരികയും ചെയ്യുന്നു. ചേട്ടന്മാർ അവരെ പിന്തുടരുന്നുവെങ്കിലും ഇരുവരും അവർക്ക് പിടി കൊടുക്കാതെ രക്ഷപ്പെടുന്നു. കുടുംബക്ഷേത്രത്തിൽ വച്ച് അവരുടെ കല്യാണം നടത്തുന്നു. തന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കാനായാണ് മേനോനും മക്കളും തന്നെ പിടിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതെന്ന് അവൾ ബാലനോട് പറയുന്നു. പിന്നീട് അവർ മദ്രാസിലേക്ക് പോകുന്നു. അവിടെയവർ സന്തോഷമായി കഴിയുന്നതിനിടയിൽ, ഒരു ദിവസം അരുന്ധതി തലച്ചുറ്റി വീഴുന്നു. ഡോക്ടറെ കാണുന്ന അവർ, അരുന്ധതി അമ്മയാകാൻ പോകുന്നു എന്നറിയുന്നു. എന്നാൽ അരുന്ധതിക്ക് ഇടക്കിടെ ഉണ്ടാകുന്ന തലവേദനയെക്കുറിച്ചറിയാൻ സ്കാൻ ചെയ്യുകയും അവളുടെ തലച്ചോറിന് അന്നത്തെ അടിയിൽ ക്ഷതമേറ്റിട്ടുണ്ട് എന്ന് കണ്ടെത്തുകയും ചെയ്യുന്നു. അരുന്ധതി ഇപ്പോൾ അമ്മയാകരുതെന്നും അവൾക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും ഡോക്ടർ പറയുന്നു. അസുഖ വിവരം ബാലൻ അരുന്ധതിയോട് പറയുന്നില്ല. എന്നാൽ കുഞ്ഞിനെ വേണ്ട എന്ന് ബാലൻ നിർബന്ധിക്കുമ്പോൾ അരുന്ധതി വഴങ്ങുന്നില്ല. ബാലന്റെ അച്ഛൻ അവരോട് നാട്ടിലേക്ക് വരാൻ പറയുന്നു. അദ്ദേഹത്തിന്റെ അസുഖം ഭേദമാക്കിയ വൈദ്യനെ കൊണ്ട് അവളെ ചികിത്സിപ്പിക്കാൻ തീരുമാനമാകുന്നു. അവളെ പരിശോധിക്കുന്ന വൈദ്യൻ, അവളുടെ രോഗം ഗുരുതരമാണെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും പറയുന്നു. പക്ഷേ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാനായി പ്രസവം വരെ ചികിത്സിക്കാമെന്നും പറയുന്നു. അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നു. അതിനിടയിൽ തന്റെ അമ്മയെ ഒന്ന് കാണണമെന്ന് അരുന്ധതി പറയുമ്പോൾ, ബാലൻ ഈ കാര്യം പറയുവാനായി അവളുടെ വീട്ടിൽ പോകുന്നു. എന്നാൽ മേനോനും മക്കളും അയാളെ മർദ്ദിക്കുന്നു. അത് അരുന്ധതിക്ക് വലിയ വിഷമമുണ്ടാക്കുന്നു.