പ്രതാപചന്ദ്രൻ

Submitted by mrriyad on Sat, 02/14/2009 - 19:19
Name in English
Prathapachandran

മലയാള ചലച്ചിത്ര നടൻ. 1941-ൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനനം. തന്റെ സ്കൂൾ പഠനകാലത്തുതന്നെ പ്രതാപചന്ദ്രൻ വിവിധകലാപരിപാടികളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു.  അഭിനയമോഹവുമായി തന്റെ പതിനാലാം വയസ്സിൽ അദ്ദേഹം മഡ്രാസിലേയ്ക്ക് വണ്ടികയറി. എന്നാൽ അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കുവാൻ അവസരങ്ങളോന്നും ലഭിച്ചില്ല. മൂന്നുവർഷം അദ്ദേഹം ക്വിടെ താമസിച്ചു. ആ സമയത്ത് മഡ്രാസിലെ മലയാളി അസോസിയേഷന്റെ നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു.

 1961 ല്‍ "വിയര്‍പ്പിന്‍റെ വില'യായിരുന്നു പ്രതാപചന്ദ്രന്‍റെ ആദ്യചിത്രം. 60 വയസ്സുള്ള വൈദ്യരുടെ വേഷമായിരുന്നു ആ ചിത്രത്തില്‍.  അതിനുശേഷം കുറച്ചുസിനിമകളിൽ അപ്രധാനവേഷങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരിച്ചു നാട്ടിലേയ്ക്ക് തന്നെ മടങ്ങിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിൽ അഭിനയിച്ചുപോന്നു.  കുറച്ചു വർഷങ്ങൾക്കുശേഷം അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ചുവന്നു. പിന്നീട് വലിയ തിരക്കുള്ള നടനായിത്തീർന്നു. വര്‍ഷം 38 ചിത്രങ്ങള്‍ വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രന്‍റെ ജീവിതത്തിലുണ്ട്. ഒരു സി ബിഐ ഡയറിക്കുറിപ്പ്, സംഘം, മനു അങ്കിൾ,കോട്ടയം കുഞ്ഞച്ചൻ, ഓഗസ്റ്റ് 1..എന്നീ സിനിമകളിലെ ഉജ്വലപ്രകടനം അദ്ദേഹത്തി ധാരാളം അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. ഏകദേശം മുന്നൂറ്റി അൻപതോളം മലയാള സിനിമകളിലും,  ഇരുപതോളം തമിഴ് സിനിമകളിലും പ്രതാപചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. 

പ്രതാപചന്ദ്രന്‍ അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ബിസിനസ് അറിയാത്ത, പ്രതാപന്‍റെ അഞ്ചു ചിത്രങ്ങളും ദയനീയമായി പരാജയപ്പെട്ടു. കോടതി, കാട്ടുതീ, പ്രകടനം, മനോധര്‍മ്മം, ഇവിടെ ഇങ്ങനെ, ഇവയായിരുന്നു പ്രതാപചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍. കോടതിക്കും കാട്ടുതീയ്ക്കും കഥയെഴുതിയതും പ്രതാപചന്ദ്രനാണ്. "ദീപം' എന്നൊരു സീരിയല്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്തു. 

പ്രതാപചന്ദ്രന്റെ ഭാര്യ ചന്ദ്രിക. മക്കൾ അനൂപ്,ദീപക്,പ്രതിഭ.

2004 ഡിസംബർ 14ന് പ്രതാപചന്ദ്രൻ അന്തരിച്ചു.