തച്ചുശാസ്ത്രത്തിന്റെ അവസാനവാക്കായ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് ഉണ്ണിത്തമ്പുരാൻ. കുളത്തൂർ കോവിലകത്തെ ഭാർഗവി തമ്പുരാട്ടിയെയാണ് ഉണ്ണിത്തമ്പുരാൻ വേളി കഴിച്ചിരിക്കുന്നത്. ഉണ്ണിത്തമ്പുരാന്റെ അച്ഛനില്‍ നിന്ന് സംസ്‌കൃതം പഠിച്ചിട്ട് അദ്ദേഹത്തിന്റെ ഗ്രന്ഥവുമായി കടന്നു കളഞ്ഞ രാമനെ (പെരുന്തച്ചനെ) ഉണ്ണിത്തമ്പുരാന്‍ പിന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം കുളത്തൂര്‍ കോവിലകത്തു വെച്ചാണ്. കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖം തമ്പുരാൻ രാമനോട് പറയുന്നു. നിമിത്തങ്ങൾ നോക്കി എല്ലാം ശരിയാകുമെന്ന് രാമൻ തമ്പുരാനോട് പറയുന്നു. കോവിലകത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ സ്വയംവരദുര്‍ഗയുടെ ബിംബം കൊത്താനായി ഉണ്ണിത്തമ്പുരാൻ പെരുന്തച്ചനെ നിർബന്ധിക്കുന്നു. തന്റെ ആത്മസുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി പെരുന്തച്ചൻ ബിംബം കൊത്തുവാൻ തയാറാകുന്നു. ഭാർഗവി തമ്പുരാട്ടിക്ക് പെരുന്തച്ചനെ ബോധിക്കുന്നില്ല, എന്നാൽ പെരുന്തച്ചന്റെ കരവിരുത് കണ്ട് തമ്പുരാട്ടി അത്ഭുതപ്പെടുന്നു. സ്വയംവര ദുർഗ്ഗയുടെ വിഗ്രഹത്തിന് പെരുന്തച്ചൻ കൊത്തിയത് തമ്പുരാട്ടിയുടെ മുഖമായിരുന്നു. പെരുന്തച്ചൻ വിഗ്രഹം പൂര്‍ത്തിയാക്കി, അത് കാണാന്‍ തമ്പുരാട്ടിയെ വിളിക്കാന്‍ അസമയത്ത് അറയില്‍ ചെല്ലുന്നു. അവിടെ നിന്ന് മടങ്ങുന്ന പെരുന്തച്ചനെ ഒരു യാത്ര കഴിഞ്ഞുവന്ന ഉണ്ണിത്തമ്പുരാന്‍ കാണുന്നു. അതോടെ തമ്പുരാൻ പെരുന്തച്ചനെ സംശയിക്കുന്നു. പ്രതിഷ്ഠാ ദിവസം പെരുന്തച്ചൻ പണി തീർക്കുന്നതിനു മുന്നേ തന്നെ വിഗ്രഹം പ്രതിഷ്ഠക്കായി എടുക്കുന്നതോടെ പെരുന്തച്ചൻ തമ്പുരാനോട് പിണങ്ങിപ്പോകുന്നു. പിന്നീട് ക്ഷേത്ര ദർശനത്തിനായി പോകുന്ന തമ്പുരാട്ടിയെ പെരുന്തച്ചൻ കാണുന്നു. തമ്പുരാട്ടി ഗർഭിണിയാണെന്ന് അറിയുന്ന തച്ചൻ സന്തോഷിക്കുന്നു. ചിങ്ങമാസത്തിൽ ചന്ദനത്തൊട്ടിലുണ്ടാക്കാൻ കോവിലകത്തേക്ക് വരണമെന്ന് തമ്പുരാട്ടി തച്ചനോട് പറയുന്നു. എന്നാൽ തൊട്ടിലുണ്ടാക്കാൻ ചെല്ലുന്ന പെരുന്തച്ചനെ തമ്പുരാൻ അധിക്ഷേപിക്കുന്നു. എന്നാൽ കുഞ്ഞിക്കാവ് തന്റെ മകളാണെന്ന് പിന്നീട് തമ്പുരാന് ബോധ്യപ്പെടുന്നു.
കാലം കടന്നു പോകുന്നു. ഭാർഗവി തമ്പുരാട്ടി മരണപ്പെടുന്നു. പെരുന്തച്ചനു ഒരു മകൻ ജനിക്കുന്നു - കണ്ണൻ. തച്ചനെ പോലെ പ്രഗത്ഭനായിരുന്നു മകനും. അവന്റെ കഴിവുകൾ ചെറുപ്പത്തിലെ തന്നെ തച്ചൻ തിരിച്ചറിഞ്ഞിരുന്നു. ദേശങ്ങളൊട്ടുക്ക് അവന്റെ കഴിവിനെ കുറിച്ചുള്ള വാർത്തകൾ പരക്കുന്നു. തച്ചനെക്കാൾ പ്രഗത്ഭനാണ് മകനെന്ന ശ്രുതി പരക്കുന്നു, അത് തച്ചന്റെ കാതിലും എത്തുന്നു. ദേശാന്തരങ്ങൾ കാണാനിറങ്ങിയ കണ്ണനെ കുഞ്ഞിക്കാവ് കണ്ട് ആകൃഷ്ടനാകുന്നു. കോവിലകത്ത് ഒരു സരസ്വതി മണ്ഡപം പണിയണമെന്ന് ഭാർഗവി തമ്പുരാട്ടിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് ഉണ്ണി തമ്പുരാൻ കുഞ്ഞിക്കാവിനോട് പറയുന്നു. അമ്മയുടെ ആഗ്രഹം നടക്കണമെന്ന് കുഞ്ഞിക്കാവ് ഉണ്ണിത്തമ്പുരാനോട് പറയുന്നു. തമ്പുരാൻ പെരുന്തച്ചനോട് ആലോചിച്ച് കണ്ണനെ ചുമതല ഏൽപ്പിച്ചു. കുഞ്ഞിക്കാവിനെ വേളിക്കായി നിശ്ചയിച്ച നീലകണ്ഠനായിരുന്നു മണ്ഡപ നിർമ്മാണത്തിന്റെ മേൽനോട്ടം. മണ്ഡപത്തിന്റെ പണി തുടങ്ങിയതോടെ കുഞ്ഞിക്കാവും കണ്ണനും അടുത്തു. സരസ്വതി മണ്ഡപത്തിലെ എട്ടു തൂണുകളിൽ അഷ്ടലക്ഷ്മിയുടെ ശില്പം കൊത്താൻ കണ്ണൻ കുഞ്ഞിക്കാവിന്റെ രൂപമാണു മനസ്സിൽ കണ്ടത്. അതറിയുന്ന കുഞ്ഞിക്കാവ് ശില്പങ്ങൾ കൊത്താനായി പല രാത്രികളിൽ നൃത്തരൂപങ്ങൾ ചമച്ചു. അവരിരുവരെക്കുറിച്ചും പല കഥകൾ പ്രചരിച്ചു തുടങ്ങി. ഒടുവിലീ കഥകൾ തമ്പുരാനും നീലകണ്ഠനും അറിയുന്നു.
കഥാവസാനം എന്തു സംഭവിച്ചു?
തമ്പുരാൻ പെരുന്തച്ചനെ ആളയച്ച് വരുത്തി. എങ്ങനെയും കണ്ണനെ കുഞ്ഞിക്കാവിൽ നിന്നും അകറ്റണമെന്ന് തമ്പുരാൻ പെരുന്തച്ചനോട് പറയുന്നു. കുഞ്ഞിക്കാവിനെയും കണ്ണനെയും വേർപിരിക്കാനുള്ള ശ്രമം തച്ചൻ നടത്തിയെങ്കിലും പരാജയപ്പെടുന്നു. അവർ തമ്മിൽ അകലാനാകാത്ത വിധം അടുത്തുവെന്ന് തച്ചനു മനസ്സിലാകുന്നു. അതിനിടയിൽ സരസ്വതി മണ്ഡപത്തിന്റെ പണിക്കിടയിൽ കൂടം ഉറപ്പിക്കാൻ കണ്ണനു കഴിയാതെ വരുന്നു. സഹായത്തിനായി വരുന്ന പെരുന്തച്ചൻ കൂടം ഉറപ്പിക്കുന്നു. ആ സമയം കുഞ്ഞിക്കാവിനെ നോക്കി നിൽക്കുന്ന കണ്ണന്റെ കഴുത്തിലേക്ക് തച്ചൻ ഉളി വീഴ്ത്തുന്നു. കണ്ണൻ മരിക്കുന്നതോടെ കുഞ്ഞിക്കാവിന്റെ കോപം ഭയന്ന് പെരുന്തച്ചൻ ഓടി രക്ഷപ്പെടുന്നു. അതിനു ശേഷം മാനസിക നില തകരാറിലാകുന്ന തച്ചൻ, തന്റെ കുടിലിനു തീപിടിച്ച് മരണപ്പെടുന്നിടത്ത് ചിത്രം അവസാനിക്കുന്നു.