മലയാളത്തിലെ ആദ്യത്തെ ഇടവേളയില്ലാത്ത സിനിമയെന്ന ടാഗ് ലൈനുമായാണ് 'ഫ്രൈഡേ' ഇന്നലെ റിലീസ് ആയത്. ഒന്നേമുക്കാൽ മണിക്കൂറുള്ള സിനിമയിൽ ഇടവേളയില്ലെന്നത് ശരി തന്നെ. പക്ഷേ ആവശ്യത്തിലധികം ഇഴച്ചിലുണ്ടായത് പ്രേക്ഷകർക്ക് ഉപകരമായി..! പുതുക്കക്കാരുടെ ആത്മാർത്ഥതയുള്ള ശ്രമമെന്ന നിലയ്ക്ക് ആവേശത്തോടെയാണ് സിനിമ കാണാൻ പോയത്. പലരുടെയും ആദ്യസംരംഭമായിരിക്കാം ഈ സിനിമ. അതിനാൽ ആദ്യമേ പറയട്ടെ തുടക്കക്കാരുടേതെന്നുള്ള യാതൊരു തോന്നലും ഉണ്ടാക്കാതെ മികച്ച രീതിയിൽ സിനിമയെടുക്കാൻ അണിയറക്കാർക്ക് സാധിച്ചിട്ടുണ്ട്.
ഒരു വെള്ളിയാഴ്ച ദിവസം ആലപ്പുഴയിൽ നടക്കുന്ന പലതരം സംഭവങ്ങളെ ഒറ്റച്ചരടിൽ കോർത്തിണക്കി കഥ പറയാനാണ് ലിജിൻ ജോസ് തന്റെ ആദ്യ സിനിമയായ ഫ്രൈഡേയിലൂടെ ശ്രമിച്ചിരിക്കുന്നത്. അതിൽ പകുതിയിലധികം വിജയിക്കാനും അയാൾക്കായി. ഈ കുറിപ്പിന്റെ ഇൻട്രോ ആയി ആദ്യം കരുതിയത് ഏതാണ്ടിങ്ങനെയായിരുന്നു; നിക്കറും കോൺഡവും പെണ്ണുപിടുത്തവും ഇല്ലാത്ത നല്ല കുട്ടിയായി ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ സിനിമ ! ഇത് സിനിമ കാണുന്നതിന് മുൻപേ രൂപപ്പെട്ട ഡയലോഗാണ്. സിനിമയിലും ഇതിന് മാറ്റമൊന്നുമില്ലെങ്കിലും ഇതു വരെ നമ്മൾ കണ്ട ഫഹദിന്റെ അയലത്ത് വരുമോ ഓട്ടോ ഡ്രൈവറായ ബാലു? സംശയമാണ്. ജോമോൻ തോമസിന്റെ കാമറ ആലപ്പുഴയുടെ ഭംഗിയും ജീവിതവും നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. സിനിമയുടെ ലാസ്റ്റ് ഷോട്ട് കേമമായിരുന്നു (ഹെലികാം ഉപയോഗിച്ചാവാം).
നജീം കോയയുടെ കഥയും തിരക്കഥയും കൊള്ളാമെങ്കിലും അനാവശ്യമായ ഉപകഥകളും എഡിറ്റിംഗിലെ ലാഗിംഗും മൊത്തം സിനിമയെ മോശമായി ബാധിച്ചു. സിനിമ അതിന്റെ ട്രാക്കിലെത്താൻ മുക്കാൽ മണിക്കൂറിലധികമെടുത്തു (മൊത്തം സിനിമ ഒന്നേ മുക്കാൽ മണിക്കൂറാണെന്ന് ഓർക്കണം). ഓട്ടോക്കാരനാണ് നായക കഥാപാത്രമെങ്കിലും സിനിമയെ അയാളിൽ കേന്ദ്രീകരിക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. സിനിമയുടെ കേന്ദ്രകഥയുമായി ബന്ധപ്പെട്ടോ ബന്ധപ്പെടുത്തിയോ ഉള്ള കഥകളാണ് സാധാരണയായി ഇത്തരം ചിത്രങ്ങളിൽ ഉൾപ്പെടുത്തി കണ്ടിട്ടുള്ളത്. ഇതിൽ പക്ഷേ പല കഥകളും അനാവശ്യമായി തോന്നി. നെടുമുടി വേണുവും ഫഹദും നല്ല പ്രകടനമാണ് കാഴ്ച വച്ചത്. നായകനിൽ നിന്ന് സിനിമ 'അകന്നതു കൊണ്ടോ' എന്തോ ഫഹദിനെ കാര്യമായി സിനിമയിൽ കാണാനില്ല. ക്ളൈമാക്സിന് മുൻപുള്ള ട്വിസ്റ്റ് അപ്രതീക്ഷിതമായിരുന്നു, നല്ല സാധ്യതയുമുണ്ടായിരുന്നു. സാധാരണ സിനിമ എന്നതിൽ നിന്ന് വേറിട്ട് ആസ്വാദനത്തിന്റെ പുത്തനനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിഞ്ഞില്ല എന്നതു തന്നെയാണ് ഫ്രൈഡേയുടെ പോരായ്മ.
ലിജിൻ ജോസിനെ പോലെ കഴിവുള്ള അനേകം ചെറുപ്പക്കാരുടെ കയ്യിൽ മലയാള സിനിമയുടെ ഭാവി സുരക്ഷിതമായിരിക്കും. കൂട്ടരെ ഈ വെള്ളിയാഴ്ച പോട്ടെ, അനേകം വെള്ളിയാഴ്ചകൾ കാത്തിരിപ്പുണ്ട് പുത്തൻപടങ്ങളുടെ റിലീസിനായി..! @ പി.സനിൽകുമാർ.
ഫ്രൈഡേ എന്ന പരീക്ഷണ ചിത്രം
Thanks for a true
അതൊരു പ്രശ്നമോ?
വളരെ ശരിയാണ് അൻവർ..നായകനും
ഭയങ്കര ബോര് ആയിരുന്നു
മലയാള സിനിമ മുന്നോട്ട് പോകട്ടേ...
GOOD
<<സിനിമയുടെ ലാസ്റ്റ് ഷോട്ട്