ത്രീ കിങ്ങ്സ് എന്ന ചിത്രത്തിനു ശേഷം ഒരു വി കെ പ്രകാശ് ചിത്രം വരുമ്പോൾ പ്രേക്ഷകൻ ഏതു നിലയിൽ സ്വീകരിക്കപ്പെടും എന്നതൊരു സംശയമായിരുന്നു. കാരണം ത്രീ കിങ്ങ്സ് പ്രേക്ഷകനു പകരുന്നു കൊടുത്ത അനുഭവം അത്രത്തോളമായിരുന്നു. പക്ഷെ, വി കെ പ്രകാശ് യെസ് സിനിമാ കമ്പനിയുടെ ബാനറിൽ അനൂപ് മേനോന്റെ സ്ക്രിപ്റ്റിൽ അണിയിച്ചൊരുക്കിയ "ബ്യൂട്ടിഫുൾ" എന്ന സിനിമ പേരുപോലെ തന്നെ അത്യന്തം ബ്യൂട്ടിഫുള്ളാണ്. പുതുമയുള്ള പ്രമേയത്താലും ആഖ്യാന പരിസരത്താലും സംഭാഷണത്താലും അഭിനേതാക്കളുടെ പ്രകടന മികവിലായാലും ഇനി സാങ്കേതികത്വത്തിലായാലും സിനിമ പ്രേക്ഷകനെ തൃപ്തിപ്പെടൂത്തുന്നുണ്ട്. കൃത്യം രണ്ട് മണിക്കൂർ മാത്രമുള്ള 'ബ്യൂട്ടിഫുൾ' ഒരിടത്തും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല, ചിലയിടങ്ങളിൽ സംഭാഷണങ്ങളുടെ ചാരുത കൊണ്ട് പൊട്ടിച്ചിരിയായും ചുണ്ടിന്റെ കോണിൽ ഒരു നിറ ചിരിയായും സന്തോഷം പകരുകയും ദൃശ്യചാരുതകൊണ്ട് കണ്ണിനെ കുളിരണിയിക്കുകയും ചെയ്യുന്നുണ്ട്. മലയാളമെന്ന ഇട്ടാവട്ട അതിരുകളിലെ കൊമേഴ്സ്യൽ ഞാണിന്മേൽക്കളിയിൽ നിന്നുകൊണ്ട് തുടർന്നു വന്ന/വരുന്ന, ആഖ്യാന - ആസ്വാദന ശീലങ്ങളെ കുടഞ്ഞുകളയാൻ ശ്രമിക്കുകയും അതിലേറെ വിജയിക്കുകയും ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും ഡാറ്റാബേസിൽ ഇവിടെ വായിക്കാം.
വി കെ പ്രകാശ് എന്ന പരസ്യ സംവിധായകൻ സിനിമാ സംവിധാന രംഗത്ത് കൈവെച്ചതിൽ പലതും പ്രേക്ഷക നിരാസവും സാമ്പത്തിക ബാദ്ധ്യതയും ഏൽക്കേണ്ടി വന്ന ചിത്രങ്ങളായിരുന്നു. പക്ഷെ, വി കെ പിയുടെ പ്രൊഫൈലിലെ ചിത്രങ്ങൾ ഒന്നിനോടൊന്നു വ്യത്യസ്ഥമായിരുന്നു എന്നതായിരുന്നു ശരി. പലതിലും സാങ്കേതികത്വം മുന്നിട്ടൂ നിന്നുവെന്നും. അതിൽ പുനരധിവാസവും ഫ്രീക്രിചക്രയും ഇന്നും അഭിനന്ദാർഹമായി നിലനിൽക്കുന്നു. ഇനി മുതൽ വി കെ പി ക്ക് അഭിമാനപൂർവ്വം ബ്യൂട്ടിഫുൾ എന്നൊരു ചിത്രം തീർച്ചയായും തന്റെ പ്രൊഫൈലിൽ എഴുതിചേർക്കാം, തന്റെ ഏറ്റവും നല്ല ചിത്രമെന്ന നിലയിൽ. ഒരു വി കെ പി ചിത്രമെന്നതിലപരി സംഭാഷണങ്ങളൂടെ മികവു കൊണ്ടും സ്ക്രിപ്റ്റിലെ വ്യത്യസ്ഥതകൊണ്ടും അനൂപ് മേനോനും വലിയൊരു അഭിനന്ദനം അർഹിക്കുന്നുണ്ട്. സിനിമ അനുഭവിക്കുമ്പൊൾ വി കെ പി എന്ന സംവിധായകനെ മറന്ന് അനൂപ് മേനോനെന്ന തിരക്കഥാകൃത്തിനെ ഓർത്താൽ അത് തിരക്കഥാകൃത്തിന്റെ വിജയവും കൂടിയാണ് എന്നും പറയാം.
ചെറിയ വേഷങ്ങളിൽ വരെ അഭിനയിച്ച അഭിനേതാക്കൾ വരെ നല്ല പ്രകടനം നടത്തിയ ഈ സിനിമ അതുകൊണ്ടു തന്നെ പ്രേക്ഷകന്റെ ഇഷ്ടം സമ്പാദിക്കുന്നു. പ്രധാന അഭിനേതാക്കളായ ജയസൂര്യ, അനൂപ് മേനോൻ, മേഘനാ രാജ് എന്നിവരുടെ കരിയറിൽ ഇതുവരെയുള്ള നല്ല പ്രകടനത്തോടൊപ്പം ജയൻ (പരുന്ത് വില്ലൻ ഫെയിം) നന്ദു ലാൽ, തെസ്നി ഖാൻ, ഉണ്ണിമേനോൻ, അപർണ്ണ, പ്രവീണ എന്നിവരുടേ പ്രകടനങ്ങളും അഭിനന്ദാർഹമാൺ. സ്ക്രിപ്റ്റ് & സംവിധാന മികവ് എന്നിവയോടൊപ്പം എടൂത്തുപറയേണ്ട മറ്റൊരു ഘടകമാൺ ജോമോൻ ടി ജോൺ നിർവ്വഹിച്ച ക്യാമറ. സിനിമയുടെ സൗന്ദര്യം നമ്മളെ കാഴ്ചക്കാരാക്കുന്നതിനുമപ്പുറം അത് അനുഭവിപ്പിക്കുന്നതിൽ ജോമോന്റെ ക്യാമറാ വൈദഗ്ദ്യം വഹിച്ച പങ്ക് ചെറുതല്ല. ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ അഭിനന്ദാർഹമായ പ്രശംസ പിടീച്ചു പറ്റിയ ജോമോന്റെ ക്യാമറയുടേ ഗംഭീരമായ സാന്നിദ്ധ്യം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ രമേഷ് നാരായണന്റെ എഡിറ്റിങ്ങും രതീഷ് വേഗയുടെ പശ്ച്ചാത്തല സംഗീതവും. രതീഷ് വേഗ ഈണം പകർന്ന മൂന്നു ഗാനങ്ങളും കൊള്ളാം എങ്കിലും ഈണം കൊണ്ടും ആലാപനം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഇന്നും ഇനിയും മനസ്സിൽ നിൽക്കുക " മഴനീർ തുള്ളികൾ...." എന്ന ഗാനമാണ്.
പ്രേക്ഷകനോട് പറയാനുള്ളതും പകരാനുള്ളതും പ്രേക്ഷകൻ മനസ്സിലാക്കാനുള്ളതുമായ പല കാര്യങ്ങളൂം ദൃശ്യങ്ങളുമായും സംഭാഷണങ്ങളുമായി വളരെ ഫോഴ്സ് (Force) ചെയ്തു പറയുന്ന രീതിയാണ് പൊതുവെ മലയാളത്തിൽ, പക്ഷെ അതിനു വിപരീതമായി പല സന്ദർഭങ്ങളിലും subtle ആയി ചിത്രീകരിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. ( ജോൺ തന്റെ പ്രണയം അഞ്ജലിയോട് പറയുന്നതും അവൾ നിരസിക്കുന്നതും അതിന്റെ അടൂത്ത സീനും ഉദാഹരണങ്ങൾ) തിരക്കഥയിലും സംഭാഷണത്തിലും അനൂപ് മേനോൻ നേട്ടം കൊയ്തിരിക്കുന്നു. പല സംഭാഷണങ്ങളും സിനിമയുടെ തിയ്യറ്റർ ആസ്വാദനത്തിൽ ആസ്വദിക്കേണ്ടതായതുകൊണ്ട് ഇവിടേ എഴുതുന്നില്ല. അസീസ് പാലക്കാടിന്റെ വസ്ത്രാലങ്കാരവും അജയൻ മങ്ങാടിന്റെ കലാസംവിധാനവും ചിത്രത്തിനു ചേരും വിധം ആയിട്ടുണ്ട്. സിനിമയെ മൊത്തത്തിൽ നോക്കുമ്പോൾ ഒരു ടീം വർക്കിന്റെ റിസൾട്ട് പ്രതിഫലിക്കുന്നുണ്ട്. ഓരോ പുതിയ നീക്കത്തിനിടയിലും ഇടക്കെപ്പോഴോ പഴയ കാലത്തിലേക്ക് പോകും എന്ന് പേടിപ്പിക്കുന്ന ഇൻഡസ്ട്രിയെ പുതിയ ആഖ്യാന-കാഴ്ചാ ശീലങ്ങളിലേക്ക് കൊണ്ടുവരാൻ 'ബ്യൂട്ടിഫുൾ' എന്ന സിനിമക്കാകും എന്ന് കരുതുന്നു. വിട്ടൂകളയരുത് ഈ സിനിമ, കണ്ടാസ്വദിക്കുവാൻ ശ്രമിക്കു.