റിവ്യൂ ...തട്ടത്തിൻ മറയത്ത്

Submitted by Anjo on Mon, 07/09/2012 - 08:07

ഇപ്പോഴത്തെ യുവത്വത്തിന്റെ ബ്രാന്‍ഡ്‌ അമ്പാസിഡർ ആയ ഫെയിസ്ബുക്കില്‍ തലകുത്തി മറിയുന്ന 'യുവതീ -യുവാക്കള്‍' ഇറങ്ങുന്നതിനു മുന്നേ സൂപ്പര്‍ ഹിറ്റ്‌ ആക്കിയ , ഇറങ്ങിയതിനു ശേഷം മെഗാ ഹിറ്റ്‌ ആക്കിയ അസുലഭ പ്രണയ കാവ്യം 'തട്ടത്തിന്‍ മറയത്ത്' കാണാന്‍ പോകുന്നവരോട് ഒരു ചോദ്യം . നിങ്ങള്‍ ഇതിന്റെ Trailor,song video എന്നിവ youtube ഇലോ മറ്റോ കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതുമതി.നിങ്ങളുടെ വിലയേറിയ 2 മണിക്കൂര്‍ വേറെ എന്തിനെങ്കിലും വിനിയോഗിക്കാം .
 Excellent എന്ന് പറയാനാകില്ലെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകള്‍ , BGM , ക്യാമറ എന്നിവ മാത്രമാണ് ഈ സിനിമയെ പാടിപ്പുകഴ്ത്തുന്നവര്‍ മാനദണ്ഡം ആക്കിയത് എന്ന് പറയേണ്ടി വരും . പൊതുവേ സംഗീതത്തിലും visuals ഇലും അമിത ശ്രദ്ദ കാണിക്കുന്ന മലയാളി മനസിനെ നല്ല രീതിയില്‍ ചൂഷണം ചെയ്യുന്നതില്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു . അത് കൊണ്ട് തന്നെയാണ് സിനിമ കഴിഞ്ഞിറങ്ങിയ ഭൂരിഭാഗം പേരുടെയും ചുണ്ടുകളിലും അനുരാഗത്തിന്‍ വേളയില്‍ എന്ന് തുടങ്ങുന്ന മനോഹര ഗാനവും അതിന്റെ ചുവടുപിടിച്ചു നിർമ്മിച്ചെടുത്ത background scoreഉം തങ്ങി നില്‍ക്കുന്നത്..അത് മാത്രമാണ് തങ്ങിനില്‍ക്കുന്നത്.

        കുറിക്കു കൊള്ളുന്ന മൂന്നോ നാലോ ഡയലോഗും ,രണ്ടോ മൂന്നോ മനോഹരഗാനവും , അതില്‍ ഏതെങ്കിലും ഗാനത്തില്‍ ചുവടു പിടിച്ച BGMഉം, ആധുനിക സിനിമ എന്നാ തോന്നല്‍ ഉണ്ടാക്കുന്ന Visuals ഉം  ഉണ്ടെങ്കില്‍ അവസാനം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഇരുത്താം എന്നുള്ള കണ്ടുപിടുത്തം മലയാള സിനിമയില്‍ ഈ അടുത്തകാലത്ത് ഉണ്ടായതാണ്. ഈ ഒരു മിശ്രിതം ഉപയോഗിച്ച് സിനിമയില്‍ ഉള്ള കഥാദാരിദ്രവും , തിരക്കഥയുടെ പോരായ്മയും ,കഥാപാത്രങ്ങളുടെ അഭിനയവും , Logic ഇല്ലായ്മയും കുറെ ഒക്കെ മറച്ചുപിടിച്ചു , പ്രേക്ഷകരെക്കൊണ്ട് ശരാശരി അല്ലെങ്കില്‍ അതിനു മുകളില്‍ എന്ന് പറയിപ്പിക്കുന്ന ഒരു ലോകോത്തര ക്ലാസിക് ആണ് ഈ സിനിമ .

         സിനിമ തുടങ്ങുന്നത് മുതല്‍ ഉള്ള  ഓരോ ഷോട്ടിലും , ഡയലോഗിലും ഒരു Ameturism കടന്നു വരുന്നുണ്ട് .(Vineeth whatever you did is good but miles to go എന്ന് പറയേണ്ടി വരും ). ആദ്യനുരാഗത്തില്‍ പരവശനായി നായികയോട് നായകന്‍ ആദ്യമായി സംസാരിക്കാന്‍ വരുന്ന സീന്‍ മുതല്‍ കല്ലുകടി തുടങ്ങി.ഏറ്റവും മനോഹരം ആക്കാമായിരുന്ന ആ രംഗം കേവലം കോളേജ് പിള്ളേരുടെ നിലവാരം പോലും ഇല്ലാതെയാണ് എടുത്തിരിക്കുന്നത്. തീരെ അനായാസമായി ,നിസ്സാരമായി അഭിനയിക്കാമയിരുന്ന പല സീനിലും കൈയും കാലും എടുത്തെറിഞ്ഞു,മസിലും പിടിച്ചു നാടകങ്ങളില്‍ കാണുന്ന രീതിയിലുള്ള ഡയലോഗും അടിച്ചു നടക്കുന്ന നായകനെ കണ്ടപ്പോള്‍ കഷ്ടം തോന്നി. നായികയുടെ ഡബ്ബിംഗ് , നായകനും നായികയും തമ്മിലുള്ള ചേര്‍ച്ച എന്നിവ അമ്പേ പാളിപ്പോയിരിക്കുന്നു ( super dancer ജഡ്ജെസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കെമിസ്ട്രി മിസ്മാച്ച്).

            മനോജ്‌ കെ ജയന്‍ അവതരിപ്പിച്ച പ്രേംകുമാര്‍ എന്ന പോലിസ് ഓഫീസര്‍ , അദ്ദേഹത്തിന്റെ തോരോന്തോരം ഭാഷ എന്നിവ സമ്പൂര്‍ണ പരാജയം എന്ന് പറയേണ്ടി വരും.യേത് പോലിസ് സ്റെഷനില്‍ ആണ് Mr വിനീത്, ഭവന ഭേദനം നടത്തി ജയിലിലായ കുറ്റവാളിക്കൊപ്പം അവിടെയുള്ള എല്ലാ പോലീസുകാരും വട്ടം കൂടിയിരുന്നു ബിരിയാണി തിന്നുകയും,അയാള്‍ വീട്ടില്‍ നിന്നിറങ്ങി പോരുമ്പോള്‍ ജയിലില്‍ അഭയം കൊടുക്കുകയും കൊതുക് കടിക്കാതിരിക്കാന്‍ Goodnight വാങ്ങി കൊടുക്കുകയും ചെയ്യുന്നത് ? അതികൊണ്ടും തീര്‍ന്നില്ല അയാളെ സാമ്പത്തികമായി സഹായിക്കാന്‍ പോലീസുകാര്‍ എല്ലാരും കൂടി helmet വേട്ട നടത്തുകയും..അമ്പോ ഇനി ഒന്നും പറയാന്‍ വയ്യേ..ഇതിന്റെയൊക്കെ logic വളരെ കൂടുതലാ.

നായകന് പ്രണയലേഖനം എഴുതാന്‍ തോന്നുമ്പോള്‍ ഒക്കെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടി , ഒറ്റ ദിവസത്തെ ഹെല്‍മട്റ്റ് വേട്ടകൊണ്ട് പര്‍ദ്ദ ഷോപ്പ് തുടങ്ങാന്‍ മൂലധനം സമാഹരിക്കുന്ന നായകന്‍ , പോലീസ് ഹെല്‍മറ്റ് ഇല്ലാത്തതിന് പിടിക്കുമ്പോള്‍ 100 രൂപ കൊടുത്ത് തടിതപ്പുന്നതിനു പകരം നായകന് പര്‍ദ്ദ ഷോപ്പ് തുടങ്ങാന്‍ 500ഓ 800ഓ രൂപ വിലയുള്ള ഹെല്‍മറ്റ് വാങ്ങിക്കാന്‍ സന്മനസ് കാണിക്കുന്ന ബൈക്ക് യാത്രികര്‍,നായകന്‍റെ കുടുംബം (ആ കുടുംബം പുലര്‍ത്താന്‍ പാല് വില്‍ക്കുന്ന ഒരു ചേച്ചി മാത്രം , ഇങ്ങനെ ഒരു ചേച്ചി നില്‍ക്കുമ്പോള്‍ ഒരു പണിയും ചെയ്യാതെ ക്ലാസുകളില്‍ തോറ്റു തോറ്റു പ്രേമിച്ചു നടക്കുന്ന നായകന്‍. പ്രേമിക്കുന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും നല്ല ഒരു സന്ദേശം തന്നെ നല്‍കുന്നുണ്ട്  ), നായകന്‍റെ plus two കാലം( കൂടെയുള്ളവര്‍ ഒന്നോ രണ്ടോ വയസു മൂത്തതാണെപറയുന്നു . പക്ഷെ താടിയും വച്ച് , മസിലും പെരുപ്പിച്ചു നടക്കുന്ന അവന്മാര്‍ ശരിക്കും ആരാണ് ? ഇത്ര തന്റേടിയായ ഒരാള്‍ പെട്ടന്ന് കോളേജില്‍ ചേരുന്നതോടെ ശാന്തനും ,സൌമ്യനും ആയി തീരുന്നു ) ഇവയൊക്കെ ശരിക്കും ദഹിച്ചിട്ടു തന്നെയാണോ ഇതിനെ ഒരു കാവ്യമായി കണക്കാക്കുന്നത് ?

ഒരു ന്യു generation സിനിമ  എന്നാ മിഥ്യാ ധാരണ വരുത്താനായി തിരുകി കേറ്റിയ സീനുകള്‍,കഥാപാത്രങ്ങള്‍ എന്നിവ ഈ സിനിമയില്‍ ഉടനീളം കാണാം.ഇതിന്റെ പോരായ്മ മുഴുവന്‍ എഴുതിയാല്‍ എനിക്ക് ഇന്ന് ഉറങ്ങാന്‍ പറ്റില്ല . അതുകൊണ്ട് നിർത്തുന്നു .

                                         ഇതിന്റെ നല്ല വശം എന്ന് പറയാന്‍ ഉണ്ടെങ്കില്‍ അത് ഇതൊക്കെയാണ് .

പാട്ടുകള്‍ (രമ്യ നമ്പീസന്‍ പാടിയ മുത്തുച്ചിപ്പി എന്ന ഗാനം ഒഴിച്ച്.ആ ഗാനം അല്പം കൂടി മൃദുവായ ശബ്ദം ഉള്ള ആരെങ്കിലും പാടിയിരുന്നെങ്കിൽ കൂടുതല്‍ മനോഹരമായേനെ),BGM,visuals,ഏതാനും നല്ല ഡയലോഗുകള്‍( (കൃത്യമായി പറഞ്ഞാല്‍ 6 എണ്ണം.അതില്‍ മികച്ച 3 കോമഡിയും),അബ്ദു ,അബ്ദുല്‍ റഹ്മാന്‍  എന്നീ  കഥാപാത്രങ്ങള്‍ .

ചുരുക്കി പറഞ്ഞാല്‍ സംഗീതമെന്ന  വര്‍ണക്കടലാസില്‍ പൊതിഞ്ഞെടുത്ത നല്ല ഒന്നാന്തരം ഒരു ഒഴിഞ്ഞ വീഞ്ഞപ്പെട്ടിയാണ് തട്ടത്തിന്‍ മറയത്ത്.വര്‍ണകടലാസിനു ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഒഴിഞ്ഞ വീഞ്ഞപ്പെട്ടി പ്രേക്ഷക സദസില്‍ പകുതി തുറന്നു കാണിക്കുക മാത്രമാണ് ഈ ചിത്രം ചെയ്തിട്ടുള്ളത് .

~ആന്‍ജോ