രഞ്ജിത്തും "മദ്യ"വും പിന്നെ മദ്യത്തിന്റെ "ക്ലാസും"...

രണ്ജിതിന്റെ പുതിയ സിനിമയായ സ്പിരിറ്റ്‌ കണ്ടു.പതിവ് പോലെ പ്രത്യക്ഷത്തില്‍ പുരോഗമനം എന്ന് 'തോന്നിപ്പിക്കുന്ന' ഒരു സിനിമ. 'മദ്യവിമുക്തമായ നാടി'ന് വേണ്ടി പ്രയത്നിക്കുന്ന സിനിമ.എന്നാല്‍ അതിലൂടെ കുത്തിവെക്കുന്ന മറ്റു സാമൂഹ്യ ''വിഷങ്ങള്‍'' കാണാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു.

മദ്യപാനിയും സര്‍വോപരി 'ജീനിയസു'മായ രഘുനന്ദനിലൂടെയാണ് കഥ പറയുന്നത്. മദ്യപാനം മൂലം വിവാഹബന്ധം വേർപെടുത്തേണ്ടി വന്നിട്ടും നല്ല സുഹൃത്തുക്കളാണ് ഇപ്പോഴും രഘുനന്ദനനും മുന്‍ പങ്കാളിയായ മീരയും അവളുടെ ഇപ്പോഴത്തെ പങ്കാളിയായ അലെക്സിയും.ഒരു വശത്ത്‌ അയിത്തം ഇല്ലാത്ത ആണ്‍പെണ്‍ സൌഹൃദങ്ങളെ സിനിമ തുറന്ന് കാണിക്കുമ്പോള്‍ മറു വശത്ത് അങ്ങേയറ്റം സ്ത്രീ വിരുദ്ധത വിളമ്പുകയും ചെയ്യുന്നു. മദ്യപിച്ചു മകന്റെ തല പൊട്ടിച്ച "മണിയന്‍" എന്ന പ്ലംബിംഗ് തൊഴിലാളിയെ പൊലിസ് സ്ടഷനില്‍ വിളിച്ചു വനിതാ പൊലിസ്("വനിതാ" എന്ന് മനപ്പൂര്‍വം ഉപയോഗിച്ചതാണ്) തല്ലുന്നു... "പുലയാടി മോനേ.." എന്ന തെറി ഒരു സ്ത്രീ ഉപയോഗിക്കുമ്പോള്‍ വ്യത്യസ്തത തോന്നാമെങ്കിലും തല്ലി കഴിഞ്ഞു അവര്‍ പറയുന്നത് ഇതാണ്.."വേണമെങ്കില്‍ എനിക്കെന്റെ കീഴുദ്യോഗസ്ഥരെ കൊണ്ടു നിന്നെ തല്ലിക്കാം.. പക്ഷെ ഞാന്‍ തന്നെ അത് ചെയ്തത് ഒരു പെണ്ണിന്റെ കയ്യില്‍ നിന്നു തല്ലു വാങ്ങിച്ചത് നീ മറക്കാതിരിക്കാനാണ്‌ " ... സ്ത്രീയുടെ തല്ല് എത്ര മാത്രം തരംതാണതാണ്‌ എന്ന് ഒരു സ്ത്രീ തന്നെ വിശദീകരിക്കേണ്ടി വരുന്ന അവസ്ഥ.. ഇതേപോലെ ഒരു ഡയലോഗ് മറ്റൊരു സ്ത്രീയായ മീരയും മദ്യപാനം നിര്‍ത്തിയ രഘുനന്ദനനോടു പറയുന്നു, "ഇങ്ങനെ ഒരു രാത്രിക്ക് വേണ്ടി എന്നെയും ബാക്കി വെക്കണമായിരുന്നു". കൂടാതെ "മദ്യപിചില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ബലാൽസംഘം ചെയ്തേനെ " എന്ന് നായകനെ കൊണ്ടു പറയിപ്പിച്ചു മദ്യപിച്ചു ബലാല്‍സംഘം ചെയ്തവര്‍ക്ക് മദ്യത്തിന്റെ ഒരു ആനുകൂല്യവും കൊടുക്കുന്നു രഞ്ജിത്. ഇത് സമർത്ഥിക്കാനായി അതിലെ മറ്റൊരു കഥാപാത്രത്തെ കൊണ്ടു "its not him ..but the spirit in him" എന്ന് പറയിപ്പിക്കുകയും ചെയ്യുന്നു..തന്റെ ശരീരത്തില്‍ കയറിപ്പിടിച്ച പതിനഞ്ചുകാരനെ കൈകാര്യം ചെയ്ത വനിതാ പോലീസിനെ നായകന്‍ തന്റെ ചാനല്‍ പരിപാടിയിലൂടെ വിമര്‍ശിക്കുന്നുമുണ്ട്(പിന്നീട് അവര്‍ അതിനു പ്രതികാരം ചെയ്യുന്നുണ്ടെങ്കിലും).രഘുനന്ദനന്‍ തന്റെ ചാനല്‍ പരിപാടിക്ക് വേണ്ടി രണ്ടു പേരുമായി അഭിമുഖം നടത്തുന്നത് സിനിമയില്‍ കാണിക്കുന്നുണ്ട്. ആദ്യം ഒരു രാഷ്ട്രീയ നേതാവുമായുള്ള അഭിമുഖത്തില്‍ അയാളെക്കുറിച്ച് മാത്രമാണ് പരിചയപ്പെടുതിയതെങ്കില്‍ പിന്നീട് ഒരു വനിതാ പോലീസിനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അവളെ പരിചയപ്പെടുത്തുന്നത് അവളുടെ കുടുംബത്തില്‍ നിന്നാണ്. പെണ്ണിനെ, അവള്‍ ഏതു സ്ഥാനത്തായാലും ഒരു കുടുംബത്തിന്റെയോ പുരുഷന്റെയോ മേല്‍വിലാസത്തില്‍ പരിചയപ്പെടുത്തുക എന്ന പൊതു സമൂഹത്തിന്റെ രീതി സിനിമയിലും ആവര്‍ത്തിച്ചു കണ്ടു.

ഈ സിനിമയില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു പ്രധാന പ്രശ്നം മധ്യവര്‍ഗ്ഗത്തിന്റെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും മദ്യപാനത്തെ രഞ്ജിത് എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്. മധ്യവര്‍ഗ്ഗ പൊങ്ങച്ചങ്ങൾക്കിടയിലെ മദ്യപാനം ഇടയ്ക്കിടക്ക് സിനിമയില്‍ കാണിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ നിരുപദ്രവകരമാണ് .. .എന്നാല്‍ പ്ലംബിംഗ് തൊഴിലാളിയായ "മണിയ"ന്റെ മദ്യപാനം അപകടകരവും. അത് ഭാര്യയെയും മകനെയും ദേഹോപദ്രവം ചെയ്യിക്കുന്നതില്‍ വരെ കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നു. ഒരേ കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്ലംബിംഗ് തൊഴിലാളിയോടുള്ള പോലീസിന്റെ പെരുമാറ്റവും രഘു നന്ദനന്‍ എന്ന ജീനിയസ്സിനോടുള്ള പോലീസിന്റെ പെരുമാറ്റവും നല്‍കുന്ന "സന്ദേശം" കണ്ടില്ലെന്നു നടിക്കാനാവില്ല..പ്ലംബിംഗ് തൊഴിലാളിയുടെ വീട്ടില്‍ ക്യാമറ വെച്ച് കണ്ടു പിടിച്ച കാര്യങ്ങള്‍ക്കു വേണ്ടി അയാളെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് അയാളെ വിളിച്ചത് "പുലയാടി മോനെ" എന്നാണ്.. എന്നാല്‍ പരസ്യമായി മദ്യപിച്ചു വാഹനമോടിച്ച രഘു നന്ദനനെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് വളരെ ബഹുമാനത്തോടെ വിട്ടയക്കുകയാണ് ചെയ്തത്.

രഞ്ജിത്തിന്റെ തന്നെ മുന്‍ സിനിമയായ "ഇന്ത്യന്‍ റുപീ"യിലെ ഗാനത്തിന്റെ മറ്റൊരു കോപ്പി ആയി ഈ സിനിമയിലെ പാട്ടുകളും അനുഭവപ്പെട്ടു..കാഴ്ചയിലും അത് സംസാരിക്കുന്ന വിഷയത്തിലും എത്ര തന്നെ മികച്ചത് എന്ന് തോന്നിയാലും അപകടകരമായ ചില ധാരണകളും ഈ സിനിമ പ്രേക്ഷകരില്‍ കുത്തി വെക്കുന്നു എന്നതില്‍ സംശയമില്ല.