മായാമോഹിനി - സിനിമാറിവ്യൂ

Submitted by nanz on Tue, 04/10/2012 - 09:10

“പൂർണ്ണമായും ഒരു സ്റ്റുപ്പിഡ് മൂവി“ എന്നൊരു സിനിമയെ വിശേഷിപ്പിക്കാമെങ്കിൽ തീർച്ചയായും അതിനു അർഹമായ സിനിമയാണ് സിബി കെ തോമസ് & ഉദയ് കൃഷ്ണ വിഡ്ഢിത്തരങ്ങൾ എഴുതി ജോസ് തോമാസ് ‘എക്സിക്യൂട്ട്’ ചെയ്ത് ദിലീപ് എന്ന നടൻ(?) സ്ത്രീവേഷത്തിൽ അഭിനയിച്ച “മായാമോഹിനി” എന്ന പുതിയ മലയാള സിനിമ.

സിബി-ഉദയന്മാരുടെ പൂർവ്വസൃഷ്ടികളുടെ തുടർച്ചയോ പകർപ്പോ എന്നു തന്നെ പറയാം ഇതിന്റെ തിരനാടകം. ദിലീപ് എന്ന ശരാശരി നടന്റെ വൺ മാൻ ഷോ - സ്റ്റാർഡത്തിനുള്ള പെടാപ്പാടുകൾ, മിമിക്രികൾ.പരമ വിഡ്ഢിത്തങ്ങൾ നിറഞ്ഞ സീനുകൾ,ദ്വയാർത്ഥം നിറഞ്ഞ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ. ജനം കുടുംബത്തോടെ ഇടിച്ചുകയറുന്ന ഈസ്റ്റർ റിലീസ് സിനിമ “മായാമോഹിനി” ഇതൊക്കെയാണ്. നടൻ ദിലീപ് ആദ്യമായി സ്ത്രീ വേഷത്തിൽ അഭിനയിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകതയും വിപണന തന്ത്രവും. അതിനു വേണ്ടി “വനിത” ദ്വൈവാരികയടക്കമുള്ള സകല മാധ്യമങ്ങളും മറ്റുപാധികളും കൂട്ടുപിടിച്ചിട്ടുണ്ട് (ദിലീപിന്റെ മുഖചിത്രവുമായി വന്ന ‘വനിത’യും, ടൈറ്റിൽ കാർഡിൽ ‘വനിത’ക്കുള്ള നന്ദിയും, നായകൻ-നായിക സീനിൽ നായിക ‘വനിത’ വായിക്കുന്നതും അതിനെപ്പറ്റി സംസാരിക്കുന്നതും എല്ലാം കൂട്ടിച്ചേർത്തു വായിക്കുക) സംഗതി എങ്ങിനെയൊക്കെയായാലും പ്രേക്ഷകരുടെ തള്ളു കൊണ്ട് സിനിമ സൂപ്പർഹിറ്റാവുകയോ പണം വാരുകയോ ചെയ്യുമായിരിക്കും. ദിലീപിനു അവാർഡ് കൊടുത്തില്ലെന്ന് ഫാൻസുകാർ കണ്ണീരൊഴുക്കുമായിരിക്കും. എന്തായാലും ചവറ്റുകുട്ടയിൽ പോലും നിക്ഷേപിക്കാനാവാത്തത്ര ദുർഗന്ധമുള്ള ഈ സിനിമകൊണ്ട് ഒരേയൊരു ഗുണം സമീപകാലത്തൊരു സൂപ്പർഹിറ്റില്ലാത്ത നടൻ ദിലീപിനു മാത്രമായിരിക്കും. 

യാതൊരു തെറ്റും ചെയ്യാതെ നിയമത്തിന്റെ തടവറയിലേക്ക് അയക്കപ്പെടേണ്ടി വരുന്ന സത്യസന്ധനായ ഒരു ചെറുപ്പക്കാരൻ തന്നേയും തന്റെ കുടുംബത്തേയും തകർത്തവരോട് സ്ത്രീവേഷത്തിൽ വന്ന് പ്രതികാരം ചെയ്യുന്നതാണ് ഈ സിനിമയുടെ മുഖ്യപ്രമേയം. ഒടുവിൽ നായകൻ വിജയിക്കുകയും സത്യം തെളിയുകയും ചെയ്യുന്നു.

മായാമോഹിനിയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ സിനിമയുടെ ഡാറ്റാബേസ് പേജിലേക്ക്  ക്ലിക്ക് ചെയ്യുക.

തങ്ങളുടെ തന്നെ മുൻചിത്രങ്ങളുടെ തുടർച്ച/പകർപ്പ് തന്നെയാണ് സിബി-ഉദയന്മാർ ഈ സിനിമക്കും ഉപയോഗിച്ചിരിക്കുന്നത്. നായകനെ പക്ഷേ, സ്ത്രീ വേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്നൊരു പുതുമ മാത്രമേയുള്ളു. സീനുകളും സംഭാഷണങ്ങളും ലോജിക്കിന്റെ ഏഴയലത്തു വരുന്നില്ലെന്നതു പോട്ടെ, സാമാന്യ ബോധമോ വിവരമോ പോലും തൊട്ടു തീണ്ടിയിട്ടില്ല എന്നതാണ് കഷ്ടം. ‘നായികയായ നായകൻ’ വരുന്നതുവരെയുള്ള സീനുകളൊക്കെ യാതൊരു വിശദാംശങ്ങളോ വേണ്ടത്ര വിശദീകരണങ്ങളോ ഇല്ലാതെ സംഭവിക്കുകയാണ്. സിനിമകളിത്ര കഴിഞ്ഞിട്ടും, മലയാളത്തിലെ വിലപിടിച്ച തിരക്കഥാദ്വയങ്ങളായിട്ടും സാമാന്യബുദ്ധിയുള്ള ഒരു ഭേദം തിരക്കഥയെഴുതാനുള്ള സിദ്ധി സിബി-ഉദയന്മാർക്ക് ഉണ്ടായിട്ടില്ല എന്നത് കഷ്ടമാണ്. ജോസ് തോമാസ് എന്ന പഴയ സിബി മലയിൽ ശിഷ്യൻ മുൻപൊരു ചിത്രം ചെയ്തിട്ടു കാലം കുറേ കഴിഞ്ഞു. പിന്നീട് വരുന്നത് ഇതാണ്. സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സീൻ എന്നത് പോട്ടെ, സംവിധായകന്റെ സാന്നിദ്ധ്യം അവകാശപ്പെടാ‍വുന്ന ഒരൊറ്റ സീൻ പോലുമില്ല ഈ ചിത്രത്തിൽ.

ബാബുരാജിന്റെ അഡ്വ.ലക്ഷ്മിയും ബിജുമേനോന്റെ ബാലകൃഷ്ണനുമാണ് ചിത്രത്തെ രസകരമാക്കി മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രത്യേകിച്ചും ആദ്യ പകുതിയിൽ. സോൾട്ട് & പെപ്പറിനുശേഷം ബാബുരാജിന്റെ മറ്റൊരു വ്യത്യസ്ഥ ഹ്യൂമർ വേഷമായി അഡ്വ.ലക്ഷ്മി. ദിലീപിന്റെ മായാമോഹിനി അദ്ദേഹത്തിന്റെ വെറും മിമിക്രി അവതരണമാണ്. സിനിമയിലെ ഇന്റർനാഷണൽ ബിസിനസ്സ് മാനും അധോലോക ബന്ധമുള്ള വില്ലനടക്കം പല കഥാപാത്രങ്ങളും ആദ്യ കാഴ്ചയിൽ മയങ്ങിപ്പോകാൻ മാത്രം സൌന്ദ്യര്യം എന്താണാവോ മായാ മോഹിനിക്ക്?!. ഒരു ഹിജഡ യുടെ രൂപഭാവങ്ങളാണ് പലപ്പോഴും ഈ കഥാപാത്രത്തിന്. നെടുമുടിയുടെ സ്ഥിരം നിഷ്കളങ്ക ബ്രാഹ്മണ കഥാപാത്രം, വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരുടെയൊക്കെ സ്ഥിരം വേഷങ്ങൾ പതിവുപോലെയുണ്ട്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായി സ്പടികം ജോർജ്ജിന്റെ ഒരു മരമണ്ടൻ കഥാപാത്രമുണ്ട്. എന്താണ് അണിയറപ്രവർത്തകർ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. എന്തായാലും കഥാപാത്രവും ജോർജ്ജിന്റെ പ്രകടനവും പ്രേക്ഷകനെ ക്ഷമയുടെ നെല്ലിപലകയിലെത്തിക്കും.

അനിൽ നായരുടെ ക്യാമറക്കും ജോൺകുട്ടിയുടെ എഡിറ്റിങ്ങിനും എടുത്തുപറയാൻ യാതൊന്നുമില്ല. സുജിത് രാഘവന്റെ കലാസംവിധാനവും സമീറാ സനീഷിന്റെ വസ്ത്രാലങ്കാരവും ചിത്രത്തിനുതകുന്നു. ചമയം നിർവ്വഹിച്ച റോഷനും സജി കാട്ടാക്കടയും ഏറെ അദ്ധ്വാനിച്ചിരിക്കണം ദിലീപിന്റെ മായാമോഹിനി വേഷത്തിന്. വയലാർ ശരത് ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ എന്നിവരെഴുതി ബേണി ഇഗ്നേഷ്യസ് ഈണം പകർന്ന ഗാനങ്ങൾക്ക് അത്ര വലിയ ആകർഷകത്വം തോന്നിയില്ല. തിരക്കഥയിലും അഭിനയത്തിലും മറ്റു സാങ്കേതികത്വത്തിലുമൊക്കെ വലിയ നിലവാരം പുലർത്താത്ത ‘മായാമോഹിനി” ഇതിനോടകം ജനപ്രിയമായിട്ടുണ്ട്. ഇനിയെത്രനാൾ തുടർന്നുപോകുമെന്നും കണ്ടറിയണം. ദിലീപിന്റെ പെൺ വേഷം എങ്ങിനെയുണ്ടെന്ന് കാണാനുള്ള താല്പര്യമല്ലാതെ മറ്റൊന്നും ഈ ചിത്രത്തെ ആകർഷിക്കുന്നില്ല.

വാൽക്കഷണങ്ങൾ :-
ഒന്ന്:-  സിനിമാ ടൈറ്റിലിൽ മുഴുവൻ ക്രൂവിന്റേയും പേരിനൊപ്പം അവരുടെ ഫോട്ടോ കൂടി കാണിക്കുന്നത് ഇതാദ്യമാകും. സിനിമക്കു പുറകിലുള്ള പല അണിയറപ്രവർത്തകരേയും ഇതിലൂടെ ഒന്നു കാണാം.
രണ്ട് :- കുറച്ച് വർഷങ്ങൾക്ക് മുൻപ് സിബി-ഉദയന്മാർ തിരക്കഥയെഴുതി രാജ് ബാബു സംവിധാനം ചെയ്ത് ദിലീപ് നായക വേഷത്തിൽ അഭിനയിച്ച “ചെസ്സ്” എന്ന സിനിമയുടെ അതേ പകർപ്പ് തന്നെയാണീ സിനിമ. ‘ചെസ്സി’ൽ നായകൻ അന്ധനെന്ന് നടിച്ച് അച്ഛനെ കൊന്നവരോടും കുടുബം തകർത്തവരോടും പ്രതികാരം ചെയ്യാനിറങ്ങുമ്പോൾ ഈ സിനിമയിൽ ‘മോഹിനി’ എന്ന പെൺ വേഷത്തിൽ വന്നു പ്രതികാരത്തിനിറങ്ങുന്നു എന്നൊരു വ്യത്യാസം മാത്രം.

Contributors