
കോട്ടയം നഗരത്തിലെ ഏ എസ് പി ശ്രീരാമ കൃഷ്ണനും (പൃഥീരാജ്) നഗരത്തിലെ ജേർണ്ണലിസ്റ്റ് മിലൻ പോളും (ശശികുമാർ) തമ്മിലുള്ള ആത്മാർത്ഥസൌഹൃദവും സമൂഹ തിന്മകൾക്കെതിരെ ഒപ്പം നിന്നും പോരാടുന്നവരുമാണ്. പുതിയൊരു കൊലപാതകപരമ്പരയുടെ അന്വേഷണം ഇരുവരും ചേർന്ന് നടത്തുന്നതാണ് ‘മാസ്റ്റേഴ്സ്.’
മാസ്റ്റേഴ്സിന്റെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

പഴത്തൊലിയിൽ ചവിട്ടി വീഴുന്ന തരം ഹാസ്യരംഗങ്ങളും ലോജിക്കുകൾ ഏഴയലത്തുവരാത്ത ക്ലീഷേ സന്ദർഭങ്ങളും ചേർന്ന ഹാസ്യ സിനിമകളായിരുന്നു ജോണി ആന്റണിയെന്ന സംവിധായകന്റെ ക്രെഡിറ്റിൽ ഇതുവരെ. തന്റെ സ്ഥിരം സിനിമാ ശൈലിയിൽ നിന്ന് മാറി മറ്റൊരു ചിത്രം ചെയ്യാനൊരുങ്ങിയത് അഭിനന്ദാർഹം. പക്ഷെ തന്റെ കൈവഴക്കത്തിലൊതുങ്ങുന്ന വിഷയമായിരുന്നോ എന്ന് ജോണി ആന്റണി പലവട്ടം ആലോചിക്കേണ്ടിവരും. സസ്പെൻസും ത്രില്ലിങ്ങും നിറഞ്ഞൊരു കഥ അതർഹിക്കുന്ന രീതിയിലേക്ക് ഉയർത്താൻ ജോണി ആന്റണിക്ക് മുഴുവനായും സാധിച്ചിട്ടില്ല എന്ന് പറയട്ടെ. ചിത്രത്തിന്റെ ആദ്യ പത്തു മിനുട്ട് അത് കൃത്യമായും കാണിച്ചു തരുന്നുണ്ട്. ചിത്രം പ്രധാന വിഷയത്തിലേക്കും അതിന്റെ ഒഴുക്കിലേക്കും വരുമ്പോഴാണ് പ്രേക്ഷകനു ത്രില്ലിങ്ങ് എക്സിപീരിയൻ ആകുന്നത്. ഏറെ പറഞ്ഞിട്ടുള്ള കൊലപാതക-അന്വേഷണ കഥയായിട്ടും അതിനെ മറ്റൊരു രീതിയിലൂടെ പറയാൻ/വിവരിക്കാൻ കഴിഞ്ഞു എന്നിടത്തുമാത്രമാണ് വ്യത്യസ്ഥത. അതിന്റെ ക്രെഡിറ്റ് തിരക്കഥാകൃത്ത് ജിനു എബ്രഹാമിനു തന്നെയാണ്. പാളിച്ചകളുണ്ടെങ്കിലും തന്റെ ആദ്യ തിരക്കഥയിൽ വ്യത്യസ്ഥമായൊരു കഥന രീതി ഉപയോഗിക്കാൻ കഴിഞ്ഞു എന്നിടത്താണ് ജിനു അഭിനന്ദാർഹനാകുന്നത്. കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും പരസ്പരം പരിചയമില്ലാത്തവർ, കൊലപാതകത്തിനു സ്വയം മരണം വരിക്കുന്ന ചാവേർ രീതി, അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്ന പരസ്പര ബന്ധമില്ലായ്മ, അതൊക്കെ രസകരമായി പറഞ്ഞുവെക്കാൻ ജിനുവിനായിട്ടുണ്ട്. പെൺ വാണിഭക്കാരും സ്ത്രീപീഡകരും, തങ്ങൾ വിലക്കെടുക്കുന്ന നിയമത്തിന്റെ ദാക്ഷിണ്യത്തിൽ മാന്യന്മാരായി തുടർ ജീവിതം നയിക്കുകയും പീഡിപ്പിക്കപ്പെട്ടവർ പിന്നേയും പിന്നേയും സമൂഹത്തിന്റെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണേണ്ടിവരികയും നിയമവും നീതിയും നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ കുറ്റവാളികളെ ഉന്മൂലനം ചെയ്യുക എന്ന സ്ഥിരം കൊമേഴ്സ്യൽ സിനിമാ കഥനരീതി തന്നെയാണ് ജിനു ഇതിലും അവലംബിച്ചിരിക്കുന്നത്. (ജനാധിപത്യ-പുരോഗമനപരമായ ഒരു സമൂഹത്തിനു അതൊരിക്കലും ശാശ്വതമോ അല്ലാത്തതോ ആയ പരിഹാരമല്ല എന്നത് അടിവരയിട്ടുതന്നെ പറയുന്നു) എങ്കിലും ഒരു കൊമേഴ്സ്യൽ സിനിമയുടെ ഉള്ളിൽ നിന്നുകൊണ്ട് പ്രേക്ഷകനെ രസിപ്പിക്കുക എന്ന ദൌത്യത്തിലേക്ക് വരാൻ തിരക്കഥാകൃത്തിനായിട്ടുണ്ട്.
മധു നീലകണ്ഠന്റെ ഛായാഗ്രഹണവും രഞ്ജിത് എബ്രഹാമിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ വിജയത്തിനു സഹായകമായിട്ടുണ്ട്. സംഘട്ടനരംഗങ്ങൾ പക്ഷെ, അതിഭാവുകത്വം നിറഞ്ഞതായി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഒരു ഗാനം ഒട്ടും ആകർഷകമായില്ല. എസ് ബി സതീശന്റെ വസ്ത്രാലങ്കാരവും വലിയ കുഴപ്പമില്ല. നായകനായ പൃഥീരാജ് ഏ എസ് പി ശ്രീരാമകൃഷ്ണനെ നന്നായിത്തന്നെ അവതരിപ്പിച്ചപ്പോൾ കൂട്ടുകാരൻ മിലൻ ആയി വന്ന ശശികുമാർ സിനിമക്കൊരു ബാദ്ധ്യതയായി മാറി. ശശികുമാറിനു നൽകിയ ഡബ്ബിങ്ങ് അത്യന്തം പരിതാപകരമായെന്നു പറയാതെ വയ്യ. പലപ്പോഴും ശശികുമാർ എന്ന നടൻ മിസ് കാസ്റ്റിങ്ങായിരുന്നു എന്ന് തെളിയിക്കുന്നുണ്ട്. നല്ല മോഡലും അഭിനേത്രിയുമായ പിയ ബാജ്പായിയുടെ കാസ്റ്റിങ്ങും വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. അവർക്ക് അഭിനയിക്കാൻ മാത്രമുള്ള സീനുകളില്ലെന്നു മാത്രമല്ല അത്ര പ്രാധാന്യമുള്ളൊരു കഥാപാത്രവുമായില്ല. അനന്യ, ബിജു മേനോൻ, സലീംകുമാർ, സിദ്ദിഖ്, ജഗതി എന്നിവർ തങ്ങളുടെ റോളുകൾ വൃത്തിയാക്കിയിട്ടുണ്ട്. സലീംകുമാർ പക്ഷേ, പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതിപ്പോകുന്നുണ്ട്.
മാസ്റ്റേഴ്സ് അത്ര മികച്ചൊരുസിനിമയൊന്നുമല്ല, പക്ഷെ മോശവുമല്ല, പഴയ നട്ടെല്ലിന്റേയും തന്തക്ക് പിറന്നതിന്റേയുമൊക്കെ ചരിത്രം തോണ്ടിയെടുത്ത് ആത്മനിർവൃതിയടയാൻ ശ്രമിക്കുന്ന ‘സിനിമാകേസരികൾ’ ഒരു വിജയചിത്രത്തിനു പെടാപ്പാടുപെടുമ്പോൾ തന്റെ ആദ്യ തിരക്കഥകൊണ്ടും തന്റെ ആദ്യ ആക്ഷൻ ത്രില്ലർ കൊണ്ടും പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും രസിപ്പിക്കാനുമൊക്കെ മാസ്റ്റേഴ്സിന്റെ അണിയറ പ്രവർത്തകർക്ക് കഴിയുന്നുണ്ട്. ഒരുപാടു പുതുമയോ പുതിയ ആഖ്യാനശൈലിയോ ഒന്നുമല്ലെങ്കിലും, ഇടിവെട്ട് ഡയലോഗുകളോ തെറിവിളികളോ ദ്വയാർത്ഥകോമഡികളോ ഇല്ലെങ്കിലും അല്പം വ്യത്യസ്ഥമാർന്നൊരു കഥ പറച്ചിലിലൂടെയുള്ള ‘മാസ്റ്റേഴ്സ് ‘ പക്ഷേ, സാധാരണ പ്രേക്ഷകനെ രസിപ്പിക്കുകതന്നെ ചെയ്യും.
Relates to
Article Tags
Contributors
പടം കൊള്ളാം. ഗംഭീര സംഭവം
നന്നായി എഴുതിയിരിക്കുന്നു ,