നിദ്ര(2012)-സിനിമാറിവ്യു

Submitted by nanz on Tue, 02/28/2012 - 13:52

അന്തരിച്ച സംവിധായകൻ ഭരതൻ, രചനയും സംവിധാനവും നിർവ്വഹിച്ച് 1984 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'നിദ്ര'. വിജയ് മേനോനും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച നിദ്രയുടെ റീമേക്കാണ് 2012ലെ നിദ്ര. സംവിധാനം, അന്തരിച്ച ഭരതന്റെ മകൻ സിദ്ധാർത്ഥ്.  തിരക്കഥ അഡാപ്റ്റ് ചെയ്തിരിക്കുന്ന  സന്തോഷ് എച്ചിക്കാനത്തോടൊപ്പം സിദ്ധാർത്ഥും, ഒപ്പം പ്രധാന വേഷവും ചെയ്തിരിക്കുന്നു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മൂന്നു പ്രധാന വിഭാഗങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ് സിദ്ധാർത്ഥ് ഭരതന്റെ ആദ്യ സിനിമാ സംരംഭം (മുൻപ് സംവിധായകൻ കമലിന്റെ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ നടനായി രംഗപ്രവേശം ചെയ്ത്, കാക്കക്കറുമ്പൻ, രസികൻ അടക്കം കുറച്ച് ചിത്രങ്ങളിൽ അഭിനയിക്കുക കൂടി ചെയ്തിട്ടൂണ്ട് സിദ്ധാർത്ഥ്)

എൺപതുകളുടെ സമാന്തര സിനിമാ വിഭാഗത്തിലാണ് പഴയ നിദ്ര പുറത്തിറങ്ങിയത്. താരതമ്യേന അപ്രശസ്തരോ താരങ്ങളല്ലാത്തവരോ ആയ അഭിനേതാക്കളെ അണിനിരത്തിയ പഴയ നിദ്ര പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടി. പ്രധാന കഥാപാത്രത്തിന്റെ മാനസിക യാത്രയും-അസ്വസ്ഥതകളുമാണ് നിദ്രയുടെ പ്രധാന പ്രമേയം. പ്രധാന കഥാപാത്രങ്ങളിൽ മാത്രം കേന്ദ്രീകൃതമായ ചിത്രം പ്രണയഭാവങ്ങളൂടേയും ദൃശ്യസമ്പന്നതയുടേയും കാഴ്ചകളായിരുന്നു. നിദ്ര 2012ലെത്തുമ്പോൾ കഥയെ കാലഘട്ടത്തിനനുസരിച്ച് പുതുക്കിപ്പണിതിട്ടുമുണ്ട്. താരങ്ങളോ ജനപ്രിയ നടന്മാരോ അണി നിരക്കാത്ത നിദ്ര ചുരുക്കത്തിൽ നവ സംവിധായകന്റെ പരിചയക്കുറവുകളെ ചിലയിടങ്ങളിൽ എടൂത്തുകാണിക്കുന്നുണ്ടെങ്കിലും വളരെ ഭേദപ്പെട്ട ഒരു സൃഷ്ടിയാകുന്നുണ്ട്.  സിദ്ധർത്ഥിന്റെ ആദ്യ സംരംഭമെന്ന നിലക്ക് പ്രത്യേകിച്ചും.

സിനിമയുടെ വിശദാംശങ്ങൾ കഥാസാരം എന്നിവക്ക് നിദ്രയുടെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

അമിതമായ ഉത്കണ്ഠ, ഭയം എന്നിവയാൽ ഒരു paranoid തലത്തിലുള്ള വ്യക്തിവിശേഷമാണ് ഇതിലെ നായകന്റേത്. അപ്രതീക്ഷിതമായ ഒരു ഷോക്കിൽ മാനസിക നില കൈവിട്ടു പോകുകയും ചികിത്സകളാൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും എന്നാൽ ‘ഭ്രാന്ത് / ഭ്രാന്തൻ’ എന്നുള്ള സമൂഹത്തിന്റെ /കുടൂംബത്തിന്റെ സാമാന്യ കാഴ്ചപ്പാടിൽ ജീവിക്കേണ്ടി വരികയും ചെയ്യുന്ന ഒരു ക്രിയേറ്റീവ് വ്യക്തിയുടെ അതിജീവനത്തിന്റെ കഥയെന്നു പറയാം. തന്റെ ശരികളെ സമൂഹം/കൂടെയുള്ളവർ തെറ്റായും മറ്റുള്ളവരുടെ തെറ്റുകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ‘മാനസിക വിഭ്രാന്തി’ എന്ന അസുഖം അടിച്ചേൽ‌പ്പിച്ച വ്യക്തിയിൽ നിന്നാകുമ്പോൾ സമൂഹം വീണ്ടും അയാളെ ഭ്രാന്തനെന്നു മുദ്രകുത്താം. അത്തരത്തിലുള്ളൊരു അവസ്ഥയാണ് ഇതിലെ രാജു(സിദ്ധാർത്ഥ്) വിന്റേത്. കാഴ്ചയിൽ തികച്ചും സാധാരണനും നിഷ്കളങ്കനും,ഉള്ളിൽ വളരെ ക്രിയേറ്റീവുമായ  രാജുവിന്റെ മാനറിസങ്ങളും ഭാഷണവും സ്വാഭാവികമായി സിദ്ധാർത്ഥ് അവതരിപ്പിച്ചിട്ടൂണ്ട്. ചില സന്ദർഭങ്ങളിൽ നിഷ്കളങ്കമായി പെരുമാറുന്ന രാജുവിന്റെ സംഭാഷണവും രീതിയും വളരെ നന്നാവുകയും ചെയ്തു. രാജുവിന്റെ പ്രണയജീവിതവും പ്രകൃതിയോട് ചേർന്നുള്ള അയാളുടെ ജീവിതവുമൊക്കെ, ജീവിതം പ്രാക്റ്റികലായി കാണണമെന്നുള്ളവരുടെ കച്ചവട താല്പര്യങ്ങൾക്ക് വശംവദമാകുന്ന ‘രാജു കേന്ദ്രീകൃതമായ’ വിഷയത്തെ നല്ല രീതിയിൽ സ്പർശിക്കാൻ തിരക്കഥയൊരുക്കിയ സന്തോഷ് എച്ചിക്കാനത്തിനും സിദ്ധാർത്ഥിനുമായിട്ടൂണ്ട്. എങ്കിലും സിനിമയുടെ തുടക്കത്തിലെ ആദ്യ ഭാഗങ്ങൾ വേണ്ടത്ര വിശദീകരങ്ങളില്ലാതെയും പ്രധാന വിഷയത്തിലേക്ക് ചെന്നെത്താൻ ഏറെ ധൃതിപ്പെട്ടതുപോലേയും അനുഭവപ്പെട്ടു. പഴയ കളിക്കൂട്ടുകാരിയെ വീണ്ടും കണ്ടുമുട്ടുന്ന സന്ദർഭം, വിരഹത്തിലായിരുന്ന കാലം, അവരുടെ പഴയ ബന്ധം എന്നിവയൊക്കെ വിശ്വസനീയമായും വിശദീകരിച്ചും പറയാൻ സിനിമക്കായില്ല. ( സാധാരണ, മലയാളസിനിമയിൽ മാനസിക രോഗികൾക്ക് ഷോക്ക് ചികിത്സ കൊടുക്കുന്ന സന്ദർഭങ്ങളൊക്കെ അതി നാടകീയമായും ബഹളമയത്തോടെയുമാണ് ചിത്രീകരിച്ചു കാണാറ്. പതിവിനു വിപരീതമായി ഈ സിനിമയിൽ ആ ഭാഗം സ്വാഭാവികമായി ചിത്രീകരിച്ചിട്ടുണ്ട്)

സിനിമയുടെ പ്ലസ് പോയന്റ് എന്നു പറയാവുന്നത് പ്രമുഖ ക്യാമറാമാനും ചാപ്പാകുരിശിന്റെ സംവിധായകനുമായിരുന സമീർ താഹിറിന്റെ ഛായാഗ്രഹണമാണ്. മനോഹരമായ ഫ്രെയിമുകൾ, ഒതുക്കത്തിലാർന്ന സ്വീക്കൻസുകൾ, സുഖകരമായ ലൈറ്റിങ്ങ് എന്നിവയിലൂടൊക്കെ സമീർ ഈ ചിത്രത്തെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റിയിട്ടുണ്ട്. സിറിൽ കുരുവിളയുടെ കലാസംവിധാനവും, ഭവൻ ശ്രീകുമാറിന്റെ എഡിറ്റിങ്ങും നന്നായിട്ടുണ്ട്. പുഴക്കരയിലെ രാജുവിന്റെ കോട്ടേജ് സിറിൽ കുരുവിള വളരെ മനോഹരമാക്കിയിട്ടൂണ്ട്. റഫീക്കിന്റെ വരികൾക്ക് ജാസിഗിഫ്റ്റിന്റെ സംഗീതത്തിലുള്ള ഗാനങ്ങളിൽ “ ശലഭമഴപെയ്യുമീ...“ എന്ന ഗാനം ആലാപനത്തിലും ദൃശ്യാവിഷ്കാരത്തിലും. അത്യന്തം സുന്ദരം. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതമാണ് അല്പം അരോചകമായി തോന്നിയത്. പലപ്പോഴും പഴയ രീതികൾ പിന്തുടരുന്നതും ശബ്ദമയവുമായി തോന്നി.

അഭിനേതാക്കളിൽ സിദ്ധാർത്ഥും റിമ കല്ലിങ്കലും നന്നായിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലെ വേഷത്തിനു ശേഷം റിമയുടെ മറ്റൊരു നല്ല കഥാപാത്രമാണ് നിദ്രയിലെ അശ്വതി. ജിഷ്ണുവിന്റെ ബിസിനസ്സ് മാൻ വിശ്വനും വിശ്വന്റെ ഭാര്യ കുശുമ്പത്തിയായ പ്രിയയായി സരയൂവും മോശമല്ല. വീട്ടുജോലിക്കാരനായ സാബുവായി മണികണ്ഠനും നല്ല പ്രകടനം നടത്തി. ശിവജി ഗുരുവായൂരിനും കെ പി എസി ലളിതക്കും വിജയ് മേനോനും പതിവു വേഷങ്ങൾ തന്നെ കൂടുതലുമില്ല കുറവുമില്ല.

സാധാരണ ഒരു കച്ചവട സിനിമയുടേ കാഴ്ചപ്പാടുകളോട് ചേർന്നു പോകാതെ ഒരു കൊച്ചു സിനിമയൊരുക്കുക എന്നതാവാം ഇതിന്റെ അണിയറപ്രവർത്തകരുടെ ലക്ഷ്യം. അത് ആ രീതിയിൽ നന്നായിട്ടുമുണ്ട്. അധികം വലിച്ചു നീട്ടാതെ പ്രധാന കഥാപാത്രത്തിന്റെ വിഷയത്തിലൂന്നി അയാളിലവസാനിക്കുന്ന സിനിമക്ക് പൊതുവെ ദൈർഘ്യവും കുറവാണ്. മന്ദഗതിയിലായതുകൊണ്ടോ (പല പ്രേക്ഷകനും അങ്ങിനെ അനുഭവപ്പെടുന്നതുകൊണ്ടോ) താര നിബിഡമല്ലാത്തതുകൊണ്ടോ ആവാം, സിനിമ കച്ചവടവിജയത്തിനു സാദ്ധ്യമാകുന്നില്ല. ഒരു പക്ഷേ, റീമേക്കുകളെന്നാൽ ‘രതിച്ചേച്ചി’മാരുടെ മുളകരപ്പും മുറ്റമടിയും തുണിമാറ്റിയുടുക്കൽ പ്രക്രിയകളായിരിക്കുമെന്ന് (അനുഭവം കൊണ്ട് വിശ്വസിക്കപ്പെട്ട) നല്ലൊരു ശതമാനം പ്രേക്ഷകർ കരുതുന്നതുകൊണ്ടാണോ, നല്ലൊരു ദൃശ്യാനുഭവമായ കൊച്ചു സിനിമക്ക് ജനപ്രവാഹവുമില്ല. ഒരുപക്ഷേ, മാസങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരിക്കും സിനിമയെ ‘ശരിക്കും വിലയിരുത്താൻ‘.

Relates to
Contributors